എപ്പളാ ടീച്ചറേ ഉച്ചയാവത്?
text_fieldsഅടുത്തൂൺ പറ്റുന്ന അന്നമ്മ ടീച്ചറുടെ യാത്രയയപ്പും സ്കൂൾ വാർഷികവും ഒന്നിച്ച് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും അധ്യാപകരും. പോരാത്തതിന് എം.എൽ.എ ഫണ്ടും പഞ്ചായത്ത് ഫണ്ടും ചേർന്ന് രണ്ടുകോടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയും അന്നുതന്നെയാണ്. എല്ലാം ചേർന്ന ഒരുക്കങ്ങളുടെ ഉത്സവാന്തരീക്ഷത്തിലാണ് സ്കൂൾ. ഡാൻസ് പഠിപ്പിക്കേണ്ടതിന്റെ ചുമതല രമണി ടീച്ചർക്കാണ്. ഒരു കാര്യം ഏറ്റെടുത്താൽ അതുകഴിഞ്ഞേ സ്വന്തം കാര്യംപോലും ടീച്ചർക്കുള്ളൂ.
രമണി ടീച്ചർ വൈകാതെ പെൻഷനാവും. പിന്നെ ഇതൊക്കെ ആരാണ് ഏറ്റെടുക്കുക എന്ന് പകുതി കാര്യത്തിലും പകുതി തമാശയായും മറ്റു ടീച്ചർമാർ സന്ദേഹപ്പെടാറുണ്ട്. ഈ സമയത്താണ് രമണി ടീച്ചർക്ക് പ്രധാന അധ്യാപികയായി സ്ഥാനക്കയറ്റത്തോടെ സ്ഥലമാറ്റ ഉത്തരവ് വരുന്നത്. സ്ഥലമാറ്റമാണെങ്കിൽ പാലക്കാട്ട് ജില്ലയുടെ കിഴക്കേയറ്റത്ത് പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിലേക്കാണ്. തമിഴ്നാടിനോട് തൊട്ടുരുമി കിടക്കുന്ന കൊച്ചു ഗ്രാമത്തിലാണ് പുതിയ സ്കൂൾ. 28 വർഷത്തെ അധ്യാപന ജോലിയുടെ അവസാന കാലത്ത് ജന്മനാട്ടിൽനിന്നും മാറി പോയി ജോലി ചെയ്യണോ? ടീച്ചറുടെ കുടുംബ സദസ്സ് ഗഹനമായി ചർച്ച നടത്തി. എന്തിനാപ്പത്... വെറുതെ പിരിയാൻകാലത്തൊരു കഷ്ടപ്പാട്..! പ്രമോഷൻ റിലിങ്ക്വിഷ് ചെയ്താലോ? ചെറിയൊരു സാമ്പത്തിക ലാഭത്തിനുവേണ്ടി, ഉള്ള അസുഖങ്ങളൊക്കെ വെച്ച് കാണാസ്ഥലത്ത് പോയി കഷ്ടപ്പെടണോ? ചർച്ചക്കൊടുവിൽ തിരുമാനമൊന്നു ഉരുത്തിരിഞ്ഞുവന്നു. അടുത്തേക്ക് എവിടെക്കെങ്കിലും സ്ഥലംമാറ്റം കിട്ടുമോ എന്ന് ഒന്ന് പരിശ്രമിച്ചു നോക്കാം. നേതാക്കളെ പലരെയും നേരിൽ കണ്ടു. നോക്കാമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ, അവരെല്ലാം നോക്കിയത് അവർക്ക് ഏറ്റവും വേണ്ടപ്പെട്ട മറ്റൊരാളായിരുവെന്നു മാത്രം.
ഇതറിഞ്ഞപ്പോൾ രമണി ടീച്ചർക്ക് വാശിയായി. ഇനി ആരുടെയും കാലുപിടിക്കാൻ വയ്യ. പുതിയ വെല്ലുവിളി ഏറ്റെടുക്കുകതന്നെ. റിലീവ് ചെയ്യുമ്പോൾ ഹെഡ്മാസ്റ്ററും മറ്റു സഹ അധ്യാപകരും വിഷമത്തോടെ പറഞ്ഞു, ‘ഈ സമയത്ത് ടീച്ചറു പോയാൽ വാർഷികത്തിന്റെ കാര്യം?’ അതു കേട്ട് രമണി ടീച്ചർ പറഞ്ഞു ‘ഇതോണ്ട് ആരും വിഷമിക്കണ്ട. ഞാൻ പോയി ജോയിൻചെയ്ത് ഒരാഴ്ച ലീവെടുത്തു വരാം. ഡാൻസിന്റെ കാര്യം ഞാനേറ്റു.’
ഒരു ഉശിരിന് പോകാൻ തയാറായെങ്കിലും വീട്ടിൽനിന്ന് എതാണ്ട് നൂറ് കിലോമീറ്റർ ദൂരെപോയി ജോലിചെയ്യേണ്ട സാഹസമോർത്ത് ടീച്ചർ ഉള്ളാലെ ഭയപ്പെട്ടു. കൂടെയുള്ള പ്രമേഹവും ഹൃദ്രോഗവും എന്തു ചെയ്യുമെന്ന ആശങ്കയും ടീച്ചറെ ആധി പിടിപ്പിച്ചു.
റിലീവ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം അതിരാവിലെ തന്നെ അമ്മയും മകനും പുതിയ സ്കൂളിലേക്ക് യാത്ര തിരിച്ചു. ശീതീകരിച്ച കാറിനുള്ളിലിരുന്നിട്ടും കുംഭവെയിലിന്റെ മഞ്ഞപ്രഭ കണ്ണുകളെ ചെറുതാക്കി. കോങ്ങാട് കഴിഞ്ഞപ്പോൾ തന്നെ പാലക്കാടിന്റെ ചൂട് 39 ഡിഗ്രിയിലെത്തി. ഒലവക്കോട്ട്നിന്ന് ബൈപാസിലൂടെ കോയമ്പത്തൂർ എൻ.എച്ചിൽ കയറി കേരള അതിർത്തിയിലെ സ്കൂൾ തേടി കാർ ഓടിക്കൊണ്ടിരുന്നു. ഇത്രയും ദൂരം അങ്ങോട്ടുമിങ്ങോട്ടും ദിവസവും യാത്ര ചെയ്യുക എന്നത് അത്ര നിസ്സാരമല്ലെന്ന് രമണി ടീച്ചർക്ക് ശരിക്കും മനസ്സിലായി. കാണാദൂരത്ത് ചുവപ്പും പച്ചയും സിഗ്നൽ ലൈറ്റുകൾ തെളിയുന്നത് ചൂണ്ടിക്കാണിച്ച് മകൻ പറഞ്ഞു ‘അതാണമ്മേ വാളയാർ ടോൾ പ്ലാസ, അവിടന്ന് കുറച്ചുപോയാൽ തമിഴ്നാടായി.’
പശ്ചിമഘട്ട മലനിരകളിൽ വാളയാർ മലക്കും നെല്ലിയാമ്പതി മലക്കും ഇടയിൽ 41 കിലോമീറ്റർ വീതിയിലുള്ള സമതലമാണ് പാലക്കാട് ചുരം എന്ന് കുട്ടികളെ പഠിപ്പിച്ചിട്ടുള്ളതല്ലാതെ ശരിക്കും കണ്ടറിയാനുള്ള യോഗം ഇപ്പോഴാണല്ലോ കിട്ടിയത് എന്ന് ടീച്ചർ ചിന്തിച്ചു. ടോൾ പ്ലാസ എത്തുന്നതിനുമുമ്പ് വലത്തോട്ട് യു ടേൺ എടുത്ത് സർവീസ് റോഡിലൂടെ ഏതാണ്ട് നൂറ് മീറ്റർ കഴിഞ്ഞ് വീണ്ടും ഇടത്തോട്ടുള്ള ഇടുങ്ങിയ റോഡിലൂടെ ഒരു കിലോമീറ്റർ പോയപ്പോൾ ഇടതുവശത്തായി നിൽക്കുന്ന സ്കൂളിനെ ഗൂഗിൾ കാണിച്ചുകൊടുത്തു. പൊതുവിദ്യാഭ്യാസ യജ്ഞത്തിൽ മറ്റു സ്ഥലങ്ങളിലെ സ്കൂളുകൾ നിറപ്പകിട്ടോടെ തലയുയർത്തി നിൽക്കുന്നത് അനുഭവിച്ചറിഞ്ഞ രമണി ടീച്ചർ അറിയാതെ ‘എന്റെ ഗുരുവായൂരപ്പാ’ എന്ന് വിളിച്ചുപോയി. മറ്റിടങ്ങളേക്കാൾ ഒന്നര ദശാബ്ദം പുറകിലാണ് ഈ സ്കൂളിന്റെ അവസ്ഥ. നിറം മങ്ങിയ സ്കൂൾ ചുമരുകൾ. അവിടെയുള്ള അധ്യാപകർ കുറെ കാലത്തിനുശേഷം പ്രധാന അധ്യാപികയുടെ തസ്തികയിൽ ഒരാളെ കിട്ടിയതിൽ സന്തോഷിച്ചു.
ആകെ എഴുപതിൽ താഴെ കുട്ടികളും തമിഴ് അധ്യാപകനടക്കം ആകെ നാല് അധ്യാപകരും മാത്രമേയുള്ളൂ എന്നത് രമണി ടീച്ചർക്ക് ചെറിയൊരു ആശ്വാസം നൽകി. പക്ഷേ, എ.ഇ.ഒ ഓഫിസ് നാൽപത് കിലോമീറ്ററോളം ദൂരെയാെണന്നത് ചെറിയ പ്രയാസം തന്നെയാണ്. സ്കൂളിന്റെ പൊതു സ്ഥിതിയാകെ ഏതാണ്ട് മനസ്സിലാക്കിയ രമണി ടീച്ചർ ജോയിനിങ് റിപ്പോർട്ട് കൊടുത്ത ശേഷം മകനെയും കൂട്ടി അടുത്ത് എവിടെയെങ്കിലും ഒരു വർഷം പാർക്കാനൊരിടം തപ്പിനടന്നു. സ്കൂളിന്റെ അടുത്തുള്ള ചില വിടുകളൊഴിച്ചാൽ ഭൂരിഭാഗം വീടുകളും വളരെ ചെറുതാണ്. അന്വേഷണത്തിനൊടുവിൽ അവിടന്ന് കുറച്ചുമാറി കഞ്ചിക്കോട്ടെ ഒരു വീട്ടിൽ പേയിങ് െഗസ്റ്റായി താമസിക്കാൻ സൗകര്യം കിട്ടി.
തമിഴ് ചുവയിൽ നീട്ടിപ്പിടിച്ച കുട്ടികളുടെ സംസാരം മനസ്സിലാക്കാൻ തുടക്കത്തിൽ രമണി ടീച്ചർ നന്നേ വിഷമിച്ചു. പല കുട്ടികളും കുളിക്കാതെയും പല്ലുപോലും തേച്ചു വൃത്തിയാക്കാതെയുമാണ് വരുന്നതെന്ന് അവരുടെ പീള അടിഞ്ഞ കൺകോണുകളും ഉറക്കത്തിൽ ഒലിച്ചിറങ്ങിയ മുഖത്തെ ഉമിനീർപ്പാടുകളും വ്യക്തമാക്കിയിരുന്നു. ഇങ്ങനെയുള്ള കുട്ടികളെ, രമണീ ടീച്ചർ സഹഅധ്യാപകരുടെ സഹായത്തോടെ വൃത്തിയാക്കാൻ ശ്രമിച്ചു. പൽപ്പൊടികൊണ്ട് പല്ലു തേപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് പലരും പുകയില തിന്നുന്നത് മനസ്സിലാക്കിയത്. അവരുടെ പുസ്തക താളുകൾക്കിടയിൽ അടയിരിക്കുന്ന പുകയില തണ്ടുകൾ. മയിൽപ്പീലിത്തണ്ട് പുസ്തകത്താളുകൾക്കിടയിൽ സൂക്ഷിച്ച് അവ പെറ്റുപെരുകുന്നത് കൗതുകത്തോടെ കാത്തിരുന്ന ബാല്യം ടീച്ചറുടെ മനസ്സിലേക്ക് ഓടിയെത്തി.
മുത്തിയുടെ പൊതിയിൽനിന്നെടുത്തതാണ് പുകയിലത്തുണ്ടുകളെന്ന് കുട്ടികൾ നിഷ്കളങ്കമായി പറയുമ്പോൾ, ഇതൊരു തെറ്റാണെന്ന് അവർക്ക് ലവലേശം പോലും തോന്നിയിരുന്നില്ല. അച്ഛനില്ലാത്ത അരക്ഷിത കുടുംബാന്തരീക്ഷം. അഷ്ടിക്കു വേണ്ടി അതിരാവിലെ കമ്പനിപ്പണിക്കും മറ്റും പോയി പണിയെടുത്ത് അന്തിക്ക് വരുന്ന അമ്മമാർ. പിന്നെ ആകെയുള്ള മാർഗദർശികൾ വൃദ്ധരായ മുത്തിയമ്മ മാത്രം. ഒരു കെട്ട് പുകയിലയോ ഒരു പാക്കറ്റ് മൂലവെട്ടിയോ കൊടുത്താൽ ആർക്കും കൈയിലെടുക്കാവുന്ന ഒറ്റമുറി കൊട്ടാരങ്ങൾ. പട്ടിണിക്കൊട്ടാരങ്ങൾ! ഉച്ചഭക്ഷണത്തിനുവേണ്ടി മാത്രമെത്തുന്നവരാണ് വലിയൊരു വിഭാഗം കുട്ടികളും. രമണി ടീച്ചറുടെ ഇരുപത്തിയെട്ടു വർഷത്തെ അധ്യാപന ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത മനോവേദന കുറഞ്ഞ ദിവസം കൊണ്ടവർ അനുഭവിച്ചു. നമ്മുടെ കേരളത്തിലും ഇത്രയും ദരിദ്രരോ? ടീച്ചറുടെ മനസ്സിൽ ഈ ചോദ്യം പലകുറി ആവർത്തിക്കപ്പെട്ടു.
രാവിലെ പതിവു ക്ലാസ് വിസിറ്റിന് മൂന്നാം ക്ലാസിൽ ചെന്നപ്പോൾ ഒരു കൊച്ചു പെൺകുട്ടി വിങ്ങിപ്പൊട്ടി കരയുന്നത് കണ്ടു. അടുത്തുചെന്ന് തോളിൽ പിടിച്ച് എന്താ മോളേ എന്നു അന്വേഷിച്ചപ്പോൾ അവൾ വിങ്ങിക്കൊണ്ട് ചോദിച്ചു, ‘എപ്പളാ ടീച്ചറെ ഉച്ചയാവത്?’ തലേദിവസം ഉച്ചക്ക് സ്കൂളിൽനിന്ന് ഭക്ഷണം കഴിച്ച അവൾ ഇതുവരെയും ഒന്നും കഴിച്ചിട്ടില്ലായിരുന്നു. ആ കുഞ്ഞിന്റെ വിശപ്പിന്റെ വിളിയായിരുന്നു ആ ചോദ്യം. എന്താ നിന്റെ പേര്? ശാലിനി, അവൾ വിക്കി വിക്കി പറഞ്ഞു. രമണി ടീച്ചറുടെ ഉള്ളു കലങ്ങി. തന്റെ പേരക്കുട്ടി വിശന്നു കരയുന്നതായി ടീച്ചർക്ക് തോന്നി. പാചകപ്പുരയിലേക്ക് ഓടി. അരി തിളച്ചിട്ടുണ്ടെങ്കിൽ കഞ്ഞി മുക്കി കൊടുക്കാമായിരുന്നു. പക്ഷേ, ലക്ഷ്മി അരി കഴുകി ഇടുന്നതേ ഉണ്ടായിരുന്നുള്ളൂ. ടീച്ചർ നേരെ അവളെയും കൂട്ടി ഓഫിസ് റൂമിൽ ചെന്ന്, ഇടനേരം കഴിക്കാൻ കൊണ്ടുവന്ന ഇഡ്ഡലിയും ചട്ട്ണിയും കഴിക്കാൻ കൊടുത്തു. ആർത്തിയോടെ അവളത് അകത്താക്കി വെള്ളം കുടിക്കുമ്പോൾ തിളങ്ങുന്ന കണ്ണുകളോടെ ടീച്ചറെ നോക്കി. അതു കണ്ടപ്പോൾ തനിക്ക് ഷുഗർ ലെവൽ പെട്ടെന്ന് കുറയുന്ന അവസ്ഥ വന്നാലിനി എന്തു ചെയ്യുമെന്ന ആകുലത ടീച്ചറിൽനിന്ന് അകന്നുപോയി.
കുട്ടികളുടെ ഈ ദുരവസ്ഥയാണ് ആദ്യം പരിഹരിക്കേണ്ടത്. ഇവർക്ക് പ്രഭാത ഭക്ഷണം കൊടുക്കാനെന്തു ചെയ്യും? സഹഅധ്യാപകരുമായി ചർച്ചചെയ്തു. പി.ടി.എ ദരിദ്രരുടെ പ്രതീകമാണ്. അതുകൊണ്ട് ഒന്നും നടക്കില്ല. ഗ്രാമ പഞ്ചായത്തിനെ ആശ്രയിക്കാൻ തീരുമാനിച്ചു. പ്രസിഡന്റിനെ കണ്ടു. വിദ്യാഭാസ സ്ഥിരം സമതി അധ്യക്ഷനെ കണ്ടു. സെക്രട്ടറിയെ കണ്ടു. എല്ലാവരും പറഞ്ഞു ‘ഫണ്ടില്ല’. അടുത്ത സാമ്പത്തിക വർഷമെങ്കിലും ഇതിനൊരു പദ്ധതി ഉണ്ടാക്കാൻ നോക്കാമോ... അതുവരെ ചില കമ്പനികളെ കണ്ട് സ്പോൺസർ ചെയ്യിക്കാൻ പറ്റുമോ? ടീച്ചറുടെ ആത്മാർഥമായ അപേക്ഷ പ്രസിഡന്റിന്റെ മനസ്സിൽ തട്ടി. ‘ശരിയാക്കാം ടീച്ചറെ’ എന്ന് ഉറപ്പു കിട്ടി. പ്രഭാത ഭക്ഷണ പദ്ധതി തുടങ്ങാൻ സമയമെടുക്കുമെന്നതുകൊണ്ട് അതുവരെ അത്യാവശ്യമുള്ളവർക്ക് കഴിക്കാൻ കുറച്ചു ഭക്ഷണം അധ്യാപകർ കൈയിൽ കരുതി വരാൻ തുടങ്ങി. അങ്ങനെ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ് ചില കുട്ടികളുടെ കൈയിൽ ചോക്ലറ്റ് ബാറിന്റെ കവറുകളും ബിസ്കറ്റ് പാക്കറ്റുകളും കണ്ടത്. ഇത് ഇവർ എവിടെനിന്നെങ്കിലും മോഷ്ടിച്ചതാണോ എന്ന് ടീച്ചർമാർക്ക് സംശയമായി. കടുത്ത വിശപ്പ് മനുഷ്യരെ കള്ളന്മാരാക്കിയാലോ? അത്തരം കുട്ടികളെ വിളിച്ചു കാര്യം തിരക്കിയപ്പോൾ ചില മാമ്മൻമാര് വാങ്ങി കൊടുത്തതാണെന്നവർ പറഞ്ഞു.
രമണി ടീച്ചറെ സംബന്ധിച്ച് ഒരോ ദിവസവും ഒരോ ദീനതകളുടെ കെട്ടുകാഴ്ചകളായിരുന്നു.
രണ്ടാം ശനിയാഴ്ച വരുന്ന ആഴ്ചയിൽ വെള്ളിയാഴ്ച വൈകുന്നേരം മകൻ വന്ന് ടീച്ചറെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകും. പിന്നെ തിങ്കളാഴ്ച രാവിലെ കൊണ്ടുവന്നു വിടും. തിങ്കളാഴ്ച സ്കൂളിൽ എത്തിയപ്പോൾ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് രമണി ടീച്ചറെ വരവേറ്റത്. ഞായറാഴ്ച രാത്രി മൂന്നാം ക്ലാസിലെ ശാലിനി അവളുടെ വീട്ടിൽ തൂങ്ങിമരിച്ചിരിക്കുന്നു. രമണി ടീച്ചറും സഹപ്രവർത്തകരും ശാലിനിയുടെ വീട്ടിലെത്തി. ആക്രിക്കടയിൽനിന്ന് ശേഖരിച്ചതെന്ന് തോന്നുന്നതരത്തിലുള്ള തകരഷീറ്റും പഴയ ബാനറുകളുംകൊണ്ട് കെട്ടിയുണ്ടാക്കിയ ഒറ്റമുറി വിട്. ശാലിനിയെ താഴെ ഇറക്കി കീറിയ ഓലപ്പായിൽ കിടത്തിയിരിക്കുന്നു. വാടിയ താമരത്തണ്ടു പോലെ... ഒന്നേ രമണി ടീച്ചർ നോക്കിയുള്ളൂ. തിരിഞ്ഞു നടക്കുമ്പോൾ ഒരു ദീനശബ്ദം പുറകിൽനിന്ന് ഉയർന്നപോലെ ടീച്ചർക്ക് തോന്നി... ‘എപ്പളാ ടീച്ചറെ ഉച്ചയാവത്?’
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

