ഒരു അർധരാത്രിയിൽ തുടക്കമിട്ട പ്രവാസ ജീവിതം
text_fieldsഒരു അർധരാത്രിയിലാണ് എന്റെ പ്രവാസ ജീവിതത്തിന് തുടക്കമിട്ടത്. വിമാനം അതിരാവിലെ 4.30 നായിരുന്നു. അതു കൊണ്ടുതന്നെ അർധരാത്രിയിൽ തന്നെ പുറപ്പെടേണ്ടി വന്നു. രാത്രിയിൽ ഭക്ഷണമൊക്കെ കഴിച്ചു പിന്നെ എന്തെന്നില്ലാത്ത സ്വപ്നവും പേടിയും ഒക്കെയായി എയർപോർട്ടിലേക്ക് പുറപ്പെട്ടത് ഇപ്പോഴും ഓർമയിലുണ്ട്. കൊണ്ടുവിടാൻ ഉപ്പയും എളാപ്പയും അമ്മാവനും സഹോദരനും ഒക്കെയുണ്ടായിരുന്നു.
ഏതു വിമാനം, എവിടെ ഇറങ്ങണം, ഏതു ഗേറ്റിലൂടെ പോകണം ഇത്തരം കാര്യങ്ങളൊന്നും അറിയില്ല. കണക്ഷൻ വിമാനമായിരുന്നതിനാൽ ചുറ്റിക്കറങ്ങി ബഹ്റൈനിലെത്തി. അന്നത്തെ എന്റെ ബോസ് പുറത്തു കാത്തുനിൽപ്പുണ്ടായിരുന്നു. അങ്ങനെ എന്നെയും കൂട്ടി വാഹനത്തിൽ കയറ്റി ബഹ്റൈനിലെ കഥകളും കാര്യങ്ങളും പറഞ്ഞു റൂമിലേക്ക് കൂട്ടി.
ബഹ്റൈനിലെ ആദ്യത്തെ ഭക്ഷണം രുചിച്ചത് ഓർമയുണ്ട്. മനാമയുടെ ഹൃദയഭാഗത്ത് പ്രവാസ ജീവിതം തുടങ്ങി. അന്നത്തെ രാത്രിയിൽ നാടിനെയും കൂട്ടുകാരെയും വീട്ടുകാരെയും ഓർത്തു മയങ്ങിപ്പോയി. പിന്നെ എണീക്കുമ്പോൾ റൂം കാലിയാണ്. എല്ലാവരും ജോലിക്കുപോയി.
അന്ന് കൂടെ ഉണ്ടായിരുന്നവരെല്ലാം പച്ചക്കറി മാർക്കറ്റിൽ ആയിരുന്നു ജോലി. ഞാൻ ജോലികഴിഞ്ഞ് തിരികെ വരുമ്പോഴേക്കും അവരൊക്കെ നല്ല ഉറക്കമാവും. അങ്ങനെയൊരു ഏകാന്ത ജീവിതമായിരുന്നു അത്. അങ്ങനെ അഞ്ചാറുമാസം അവിടെ കഴിച്ചുകൂട്ടി. എനിക്ക് മൊബൈൽ ഷോപ്പിൽ ജോലി ആയതുകൊണ്ട് ഒമ്പത് മണിക്ക് ഷോപ്പിൽ എത്തിയാൽ മതിയായിരുന്നു. ബസിൽ കയറി സൽമാബാദിലെത്തും.
കൊടും ചൂട് സമയമായിരുന്നു അത്. കടയിൽ എത്തുമ്പോഴേക്കും ആകെ അവശനാകും. വെള്ളമൊക്കെകുടിച്ചു അങ്ങുതുടങ്ങും ജോലി. വർക് ഷോപ്പുകളും ഫാക്ടറികളും ചെറിയ കടകളും റസ്റ്റാറന്റുകളുമുള്ള സൽമാബാദ് ജീവിതത്തിന്റെ ഭാഗമായി മാറി. വ്യത്യസ്ത രാജ്യക്കാർ പരിചയക്കാരും ഉറ്റ സുഹൃത്തുക്കളുമായി. സ്വദേശി ചെറുപ്പക്കാരുമായും സൗഹൃദമായി. വിളിപ്പുറത്തുള്ള ഒരുപാട് കൂട്ടുകാർ ഇപ്പോഴും.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കൂട്ടുകാരനുണ്ടായിരുന്നു, അലി അബ്ദുൽ റസൂൽ. അവനന്ന് ഭക്ഷണം വാങ്ങിത്തരും. തിരിച്ചും വാങ്ങിക്കൊടുക്കും. ഒരു പാത്രത്തിൽനിന്ന് കഴിക്കും. ഇടക്ക് അവനെ കാണാതായി. എവിടെപ്പോയെന്ന് ഞാൻ ചിന്തിച്ചു. അന്വേഷിച്ചപ്പോൾ കുറെക്കാലം കഴിഞ്ഞ് ചില കൂട്ടുകാർ പറഞ്ഞു. അവൻ ഈ ലോകത്തോട് വിടപറഞ്ഞു എന്ന്.
ദുഃഖവും കണ്ണീരുമായി കുറച്ചുകാലം അങ്ങനെ കഴിഞ്ഞു. ഇപ്പോഴും ഞാൻ എന്റെ നാട്ടിലും പുതുതായി കൂടെ ജോലിചെയ്യുന്നവരോടും അവനെക്കുറിച്ച് പറയാറുണ്ട്. ജനക്കൂട്ടങ്ങളിൽ അവന്റെ മുഖമുണ്ടോ എന്ന് അറിയാതെ തിരക്കും. പ്രവാസലോകത്ത് ഇപ്പോഴും തുടരുമ്പോഴും കണ്ണീരണിഞ്ഞ ഒരോർമയാണവൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

