സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങൾ; തലസ്ഥാനത്തിന് മിന്നും നേട്ടം
text_fieldsതിരുവനന്തപുരം: സാമൂഹികനീതി വകുപ്പിന്‍റെ ഭിന്നശേഷി പുരസ്കാരങ്ങളിൽ തലസ്ഥാന ജില്ലക്ക് മിന്നും നേട്ടം. വിവിധ വിഭാഗങ്ങളിലായി പ്രഖ്യാപിച്ച 16 പുരസ്കാരങ്ങളിൽ ആറെണ്ണം തിരുവനന്തപുരം സ്വന്തമാക്കി. സർക്കാർ മേഖലയിലെ മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള പുരസ്കാരങ്ങളിൽ രണ്ടെണ്ണം തലസ്ഥാനത്താണ്. ഇതിന് പുറമെ മികച്ച സർഗശേഷിയുള്ള ഭിന്നശേഷി വിദ്യാർഥി, മികച്ച കായികതാരം, ദേശീയ -അന്തർദേശീയ വേദികളിലെ മികവ്, മികച്ച കോർപറേഷൻ എന്നിവയാണ് തിരുവനന്തപുരത്തിന്‍റെ നേട്ടങ്ങൾ.
മികച്ച സർക്കാർ ജീവനക്കാർക്കുള്ള ഭിന്നശേഷി പുരസ്കാരം നേടിയ വി.എസ്. വിജിമോൾ 100 ശതമാനം കാഴ്ച വൈകല്യമുള്ളയാളാണ്. പ്രതിബന്ധങ്ങളെ മറികടന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു, ബി.എ, ടി.ടി.സി എന്നീ യോഗ്യതകൾ നേടിയ ഇവർ 2017 ജനുവരി 23ന് എൽ.ഡി ക്ലർക്കായി രജിസ്ട്രേഷൻ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.
തുടർന്ന് 2019 ജൂണിൽ കോടവിളാകം ഗവ.എൽ.പി.എസിൽ അധ്യാപികയായി നിയമനം ലഭിച്ചു. 2018ലെ സംസ്ഥാന അവാർഡ് ലഭിച്ച 'നൊമ്പരപ്പൂക്കൾ', 2021ൽ ഭിന്നശേഷിക്കാർക്കായുള്ള മികച്ച കലാസൃഷ്ടി അവാർഡ് ലഭിച്ച 'മിഴിനീർത്തുള്ളികൾ', 'കിട്ടന്‍റെയും ടോമിയുടെയും കൊറോണ വിശേഷങ്ങൾ' എന്നിവ ഇവരുടെ രചനകളാണ്.
മികച്ച സർക്കാർ ജീവനക്കാർക്കുള്ള വിഭാഗത്തിൽതന്നെ പുരസ്കാരം നേടിയ എസ്. ഉഷ 2003ൽ ജനറൽ ക്വാട്ടയിലാണ് പ്യൂണായി റവന്യൂ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. പി.എസ്.സി മത്സരപരീക്ഷ എഴുതി 2013ൽ ഹാർബർ എൻജിനീയറിങ് വകുപ്പിൽ ക്ലർക്കായി. അന്തർവകുപ്പ് സ്ഥലമാറ്റം വഴി റവന്യൂ വകുപ്പിലാണിപ്പോൾ. ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായുള്ള നടപടികളാണ് തിരുവനന്തപുരം കോർപറേഷനെ പുരസ്കാരത്തിന് അർഹമാക്കിയത്.
ഭിന്നശേഷി കുട്ടികൾക്കായുള്ള സ്പെഷൽ അങ്കണവാടി, മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സ്കോളർഷിപ്, ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള സ്കോളർഷിപ്, കാഴ്ച വൈകല്യമുള്ളവർക്കായി സംസാരിക്കുന്ന കമ്പ്യൂട്ടർ, ഭിന്നശേഷിക്കാർക്ക് പെട്ടിക്കട, ഭിന്നശേഷി കലോത്സവം എന്നീവ പ്രവർത്തനങ്ങളാണ് കോർപറേഷൻ നടത്തിയത്.
മനക്കണക്കാണ് പ്രശാന്തിന്‍റെ കരുത്ത്
ദേശീയ അന്തർദേശീയ വേദികളിൽ അവാർഡിന് അർഹനായ പ്രശാന്ത് ചന്ദ്രന് എ.ഡി ഒന്നുമുതൽ 10 കോടി വർഷം വരെയുള്ള കലണ്ടറിൽനിന്ന് ഏത് തീയതി നൽകിയാലും ഏത് ദിവസമാണെന്ന് അന്നത്തെ പ്രത്യേകത എന്താണെന്നും കൃത്യമായി പറയാൻ കഴിയും.
അസാധാരണ ഓർമശക്തിയാണെന്നതാണ് മറ്റൊരു പ്രത്യേകത. വിവിധ സ്ഥലങ്ങളിലായിരിക്കുമ്പോർ അവിടത്തെ താപനില തെറ്റാതെ പറയും. 24 വയസ്സിനുള്ളിൽ മൂന്ന് നാഷനൽ അവാർഡുകളും പത്തിലധികം ലോക റെക്കോഡുകളും മുപ്പതിലധികം ദേശീയ റെക്കോഡുകളും 300 ൽ അധികം പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
അനന്യക്ക് സംഗീതം ജീവവായു
സർഗശേഷിയുള്ള വിദ്യാർഥി വിഭാഗത്തിൽ പുരസ്കാരം നേടിയ അനന്യ ബിജേഷ് സംഗീതവേദികളിൽ സജീവമാണ്. അഞ്ചു വയസ്സ് മുതൽ സിനിമഗാനങ്ങൾ കേട്ട് പഠിച്ച് കരോക്കെയിൽ പാടിയായിരുന്നു തുടക്കം. തുടർന്ന വിവിധ ടി.വി ചാനലുകളിലും പ്രമുഖ ഗായർക്കൊപ്പം സ്റ്റേജ് ഷോകളിലും പാടാൻ അവസരം ലഭിച്ചു.
അനായാസം കീബോർഡ് കൈകാര്യം ചെയ്യുന്ന അനന്യ ശാസ്ത്രീയസംഗീതവും അഭ്യസിക്കുന്നുണ്ട്. ബംഗളൂരുവിൽ നടക്കുന്ന ഇന്‍റർ സ്കൂൾ കലോത്സവത്തിൽ സോളോ സംഗീതത്തിന് തുടർച്ചായായി രണ്ട് വർഷം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
അർഷക് ഷാജി റോളർ സ്കേറ്റിങ് താരം
മികച്ച ഭിന്നശേഷി കായികതാരത്തിനുള്ള പുരസ്കാരം നേടിയ അർഷക് ഷാജി ജനറൽ വിഭാഗം കുട്ടികൾക്കൊപ്പം റോളർ സ്കേറ്റിങ്ങിൽ നാഷനൽ മെഡൽ ജേതാവാണ്. 2015ലെ സ്പെഷൽ ഒളിമ്പിക്സിലും പങ്കെടുത്തു. 2021ൽ സംസ്ഥാന റോളർ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും വെങ്കലവും നേടിയിരുന്നു. 2022 നാഷനൽ റോളർ സ്കേറ്റിങ്ങിൽ സ്വർണവും വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

