കേരള, കേന്ദ്ര സാഹിത്യ അക്കാദമികൾ തന്നെ അവഗണിക്കുന്നു -ശ്രീകുമാരൻ തമ്പി
text_fieldsസമസ്തകേരള സാഹിത്യ പരിഷത്തിെൻറ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം സി. രാധാകൃഷ്ണനിൽനിന്ന് ശ്രീകുമാരൻ തമ്പി ഏറ്റുവാങ്ങുന്നു
കൊച്ചി: ഒട്ടേറെ പുരസ്കാരങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും കേരള, കേന്ദ്ര സാഹിത്യ അക്കാദമികൾ തന്നെ അവഗണിക്കുകയാണെന്ന് ശ്രീകുമാരൻ തമ്പി. സമസ്തകേരള സാഹിത്യ പരിഷത്തിെൻറ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ കേന്ദ്ര സാഹിത്യ അക്കാദമിയുടേയോ കേരള സാഹിത്യ അക്കാദമിയുടെയോ അവാർഡുകൾ ഒന്നും ലഭിച്ചിട്ടില്ല. മരണശേഷം കിട്ടിയിട്ട് കാര്യമില്ല. അടുത്തകാലത്ത് കേട്ടത്, ശ്രീകുമാരൻ തമ്പിക്ക് ഫെലോഷിപ് നൽകണമെന്ന് കേരള സാഹിത്യ അക്കാദമിയിൽ ഒരു അംഗം ആവശ്യപ്പെട്ടിരുന്നു എന്നാണ്.
എന്നാൽ, മറ്റൊരാൾ പറഞ്ഞത്രെ നെറ്റിയിൽ ചന്ദനവുംതൊട്ട് പൂജകളിൽ വിശ്വസിച്ച് നടക്കുന്നയാൾക്ക് അവാർഡ് കൊടുക്കാൻ പാടില്ലെന്ന്. അതിനാൽ ഫെലോഷിപ്പും കിട്ടിയില്ല, അവാർഡും കിട്ടിയില്ല. ഇതൊന്നും കിട്ടിയില്ലെങ്കിലും ജനമനസ്സിൽ തനിക്ക് സ്ഥാനമുണ്ട്. കേരള സാഹിത്യ അക്കാദമിയിൽ 12പേർ ഇരുന്ന് തീരുമാനിക്കുന്നതിനെക്കാൾ മൂല്യം അതിനുണ്ട്. മഹാകവികളായ വള്ളത്തോൾ, കുമാരനാശാൻ, ഉള്ളൂർ, ബാലാമണിയമ്മ എന്നിവരുടെ പേരിലുള്ളവയടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവാർഡുകൾ ഒന്നും യാചിച്ചോ ഭീഷണിപ്പെടുത്തിയോ വാങ്ങിയവയല്ലെന്നും അദ്ദേഹം പറഞ്ഞു സമസ്തകേരള സാഹിത്യ പരിഷത്തിെൻറ പുരസ്കാരം ഏറ്റുവാങ്ങുന്ന ഈ ദിവസം തനിക്ക് മറക്കാനാവാത്തതാണ്. അഖിലകേരള അടിസ്ഥാനത്തിൽ ആദ്യമായി പുരസ്കാരം ലഭിച്ചത് സമസ്തകേരള സാഹിത്യപരിഷത്തിൽനിന്നാണ്. 1957ൽ കോട്ടയത്ത് ചേർന്ന സമ്മേളനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച കവിത മത്സരത്തിൽ രണ്ടാംസ്ഥാനം ലഭിച്ചതായിരുന്നു അത്. ഇപ്പോൾ പരിഷത്തിെൻറ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നതിനും ജീവിച്ചിരിക്കുന്നതിന് പ്രകൃതിയോട് നന്ദിപറയുന്നു എന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ചടങ്ങ് ഡോ. എം. ലീലാവതി ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. പ്രഭാവർമ, ബാലചന്ദ്രൻ വടക്കേടത്ത് എന്നിവർ സംസാരിച്ചു. പരിഷത്ത് ജനറൽ സെക്രട്ടറി നെടുമുടി ഹരികുമാർ സ്വാഗതവും ട്രഷറർ പി.യു. അമീർ നദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

