കുറുങ്കഥകൾ
text_fieldsമിടിപ്പ്
സ്റ്റെതസ്കോപ് ഇടനെഞ്ചിലമർന്നു.
ഇത് മിടിക്കുന്നില്ലല്ലോ?
ഇല്ല, ഡോക്ടർ. അതുകൊണ്ടാണ് ഞാനിന്നും
ഈ രാജ്യത്ത് ജീവനോടിരിക്കുന്നത്!
മൻ കീ ബാത്ത്
വരമ്പുകളെന്നപോലെ മുതുകിൽ തിണർത്തുപൊന്തിയ ലാത്തിയടിപ്പാടുകൾ!
ആ മുറിവുകളിൽ പാകിയവർ ഓരോ വിത്തും. അതിന്റെ വേരിനെ നനച്ചു കൺതടങ്ങളിൽനിന്നും
കീറിയ ചാല്.
അവസാനത്തെ ഓട്ടുകിണ്ടിയും വിറ്റുതുലച്ച് മടങ്ങിവരുകയായിരുന്ന രാജാവ് ലാത്തിയടിപ്പാടുകളിൽ വിളഞ്ഞുനിൽക്കുന്ന ധാന്യമണികൾ കണ്ട് ഹർഷപുളകിതനായി. സന്തോഷത്തോടെ മനം തുറന്ന് ബാത്ത് തുടങ്ങി:
നമ്മുടെ നാടിന്റെ നട്ടെല്ലാണ്
കർഷകർ.
ഉപ്പുപ്പ
ഖബറിൽനിന്നും ഉപ്പുപ്പ എഴുന്നേറ്റു വന്നിട്ട് പറഞ്ഞു: ഇത് എന്റെ തലമുറയാണ്,
അവർക്ക് പൗരത്വം നിഷേധിക്കരുത്.
തെളിവ് വല്ലതും?
നെഞ്ചിൽനിന്നും ഒരു വെടിയുണ്ട പറിച്ചെടുത്ത് ഉപ്പുപ്പ മേശപ്പുറത്ത് വെച്ചു:
ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി
വിട്ടുവീഴ്ചയില്ലാതെ അടരാടിയതിന്
ബ്രിട്ടീഷുകാരിൽനിന്നും കിട്ടിയ പതക്കമാണിത്.
ഖബറിലേക്ക് മടങ്ങാൻ നേരം ഉപ്പുപ്പ പറഞ്ഞു:
നെഞ്ചുള്ളവൻ മാത്രം സ്വപ്നം കാണേണ്ടതാണ്
വെടിയുണ്ടകൾ.
ഗോവണി
ഇന്നലെ വായിച്ച് നിർത്തിയേടത്ത് അടയാളം വെച്ച ചരിത്രപുസ്തകം തുടർവായനക്ക് എടുക്കുമ്പോൾ ചില പാരഗ്രാഫുകൾ അപ്രത്യക്ഷമായിരിക്കുന്നു. കടന്നു കൂടിയിട്ടുമുണ്ട് മറ്റുചിലത്.
സൂക്ഷിച്ചു നോക്കി. ശരിയാണ്, അതിന്റെ ചോട്ടിൽ
ചാരിവെച്ചിരിക്കുന്നു. ഒരു ഗോവണി!
ഏത് പേജിലേക്കും ആർക്കും കയറാവുന്ന,
ആരെയും ഇറക്കിവിടാവുന്ന കാവിനിറം പൂശിയ
ഗോവണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

