കോൻ?
text_fieldsഇറക്കമിറങ്ങിവരുന്ന ബസിന്റെ ജനാലച്ചില്ലിലൂടെ പുറത്തേക്ക് കണ്ണും നട്ടിരിക്കുകയാണ് മനു. കാഴ്ചകള്‍ കാണാനൊന്നുമല്ല, തൊട്ടരികിലുള്ളവരുടെയൊന്നും മുഖത്ത് നോക്കാതിരിക്കാൻ മറ്റെവിടേക്കോ മുഖം തിരിച്ചുവെച്ചിരിക്കുന്നുവെന്ന് മാത്രം. അതിനു സമ്മതിക്കാതെ, അടുത്തിരിക്കുന്നയാള്‍ ചോദിക്കുന്നു, ‘എവിടേക്കാ?’
മനു ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാണ് മറുപടി പറഞ്ഞത്. ‘കോഴിക്കോട്. പിന്നെ അവിടുന്ന് ട്രെയിനിൽ തിരുവനന്തപുരത്തേക്ക്.’ ബ്രേക്കിന്റെയും ആക്സിലിന്റെയും കാടിന്റെയും ശബ്ദങ്ങള്‍. ‘തിരുവനന്തപുരത്താണോ വീട്? സെക്രട്ടേറിയറ്റിലാണോ ജോലി? അതോ പരീക്ഷാഭവനിലോ?’
‘തിരുവനന്തപുരത്തൊന്നുമല്ല. ഇവിടെ വെള്ളാര്‍മല സ്കൂളിലാണ് ജോലി ചെയ്യുന്നത്. പ്യൂണായിട്ട്. തിരുവനന്തപുരത്ത് ചില കാര്യങ്ങള്‍ ശരിയാക്കാനായിട്ട് പോവുകയാണ്.’ ഇത്രയും പറഞ്ഞിട്ട് മനു വീണ്ടും പുറത്തേക്ക് നോക്കി വിദൂരതകള്‍ തിരയാൻ തുടങ്ങി.ചക്രവാളത്തിൽ ചുവപ്പ് മാഞ്ഞുതുടങ്ങിയിരിക്കുന്നു. ചുവപ്പിൽ നിന്ന് അത് കടും മഞ്ഞയിലേക്കോ ഓറഞ്ചിലേക്കോ മാറുന്നത് എന്ന് നോക്കുമ്പോഴേക്ക് ഇരുട്ട് പരന്നുകഴിഞ്ഞു. മനു കണ്ണുകളടച്ച് കാഴ്ചകള്‍ കാണാൻ തുടങ്ങി.
‘ഇത്ര നേരത്തേ ഉറങ്ങുമോ? ക്ഷീണം കൊണ്ടായിരിക്കുമല്ലേ? അതോ സംസാരിക്കുവാൻ മടിയായിട്ടാണോ?’ അടുത്തിരിക്കുന്നയാള്‍ ചോദിച്ചപ്പോള്‍ മനു കണ്ണുതുറന്നു. ‘ഞാൻ സംസാരിച്ചാൽ നിങ്ങള്‍ക്ക് ഉറങ്ങാൻ കഴിയില്ല.’ ‘അല്ലെങ്കിലും ഇത്ര നേരത്തേ ഉറങ്ങിയിട്ടെന്തിനാണ്. നിങ്ങള്‍ സംസാരിക്ക് ഭായ്.’
മനു അൽപം തിരിഞ്ഞിരുന്ന് അയാളുടെ കണ്ണുകളിലേക്ക് നോക്കി. ‘നമ്മളിപ്പോള്‍ ചുരമിറങ്ങിക്കൊണ്ടിരിക്കുന്ന ഈ ബസ് ബ്രേക്ക് പോയി നേരെ കാണുന്ന ആ കൊക്കയിലേക്ക് മറിഞ്ഞ് നമ്മളെല്ലാം താഴേക്ക് പോകുന്നത് ഒന്ന് ആലോചിച്ചു നോക്ക്. മുന്നിലെ സീറ്റുകളിലിരിക്കുന്ന നിങ്ങളുടെ കുടുംബം അടക്കം എല്ലാവരും താഴേക്ക് താഴേക്ക് പോകുന്നു. ഇടയിൽ നിങ്ങള്‍ മാത്രം പുറത്തേക്ക് തെറിച്ച് ഒരു മരക്കൊമ്പിൽ തങ്ങിക്കിടക്കുന്നു...’
അയാള്‍ വിഭ്രാന്തിയോടെ മനുവിനെ നോക്കി. ‘നിങ്ങള്‍ക്ക് ഭ്രാന്താണോ? നല്ലതൊന്നും പറയാനില്ലെങ്കിൽ മിണ്ടാതെയിരിക്കുന്നത് തന്നെയാണ് നല്ലത്.’ ‘എനിക്ക് ഭ്രാന്താവേണ്ടതായിരുന്നു, കഴിഞ്ഞ ജൂലൈ 30ന് എന്റെ വീട്ടുകാരും നാട്ടുകാരും ഒന്നിച്ച് അങ്ങനെ താഴേക്ക് താഴേക്ക് പോയി. ഞാൻ മാത്രം ഒരു മരക്കൊമ്പിലെന്നപോലെ ബാക്കിയായി.’
അയാള്‍ കുറെനേരം ഒന്നും പറയാൻ കഴിയാതെ സ്തബ്ധനായി ഇരുന്നു. ബസ് ചുരമിറങ്ങിക്കൊണ്ടിരുന്നു.‘ജൂലൈ 30! അന്നത്തെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തെ സ്കൂളിലാണല്ലേ നിങ്ങള്‍?’ മനു ഒന്നും പറഞ്ഞില്ല. കണ്ണീരില്ലാതെ കരഞ്ഞു. വാക്കുകളില്ലാതെ സംസാരിച്ചു. അയാള്‍ കേട്ടിരിക്കുകയും കണ്ണീര് വാര്‍ക്കുകയും ചെയ്തു.
കരിന്തണ്ടന് വഴികാണിച്ചു കയറിവന്ന വഴികളിലൂടെ താഴേക്കിറങ്ങുകയാണ് ആനവണ്ടി. മൂപ്പനെ ബ്രിട്ടീഷുകാര്‍ കൊന്നത് മനസ്സിലാക്കാം. അയാളെ നമ്മള് ചങ്ങലയിലാക്കിയിരിക്കുന്നത് എന്തിനാണ്? ആളുകള്‍ അവിടെ പൂജിക്കുകയും വഴിപാടുകളർപ്പിക്കുകയും ചെയ്യുന്നത് കരിന്തണ്ടനു വേണ്ടിയോ ചങ്ങലക്കു വേണ്ടിയോ? അടിവാരത്തെത്തിയപ്പോള്‍ അയാള്‍ വീണ്ടും മൗനം മുറിച്ചു.
‘തിരുവനന്തപുരത്ത് എന്ത് കടലാസാണ് ശരിയാക്കാനുള്ളത്?’ ‘അത്, പുതിയ വോട്ടര്‍പട്ടികയിലും എന്റെ പേരില്ല. ബന്ധുക്കളുടെയും പേരില്ല. രേഖകളെല്ലാം വീടിന്റെയും വീട്ടുകാരുടെയുമൊപ്പം കൊക്കയിലേക്കെന്നപോലെ താഴേക്ക് പോയി. ഞാനും എന്റെ ആധാര്‍കാര്‍ഡും മാത്രം ബാക്കിയായി.’
മനു ഒരു മരക്കൊമ്പിൽ തൂങ്ങിക്കിടന്നാണ് അത് പറയുന്നതെന്ന് അയാള്‍ക്ക് തോന്നി. പിന്നെ ഇരുവര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും ഒന്നും പറയാൻ കഴിഞ്ഞില്ല. മനു കണ്ണടച്ചിരിക്കുകയാണ്. ഉറങ്ങുകയാണോ? മനു സംസാരിച്ചതിനു ശേഷം അയാള്‍ക്ക് പിന്നെ ഉറങ്ങാൻ പറ്റിയില്ല. മനു കണ്ണടച്ചിരുന്നപ്പോള്‍, രേഖകള്‍ ശരിയാക്കാൻ കഴിഞ്ഞ തവണ തിരുവനന്തപുരത്ത് പോയ ദിവസം മനസ്സിൽ വന്നു. പഴയ മട്ടിലുള്ള പുതിയ കെട്ടിടം. ശീതീകരിച്ച മുറിയിലെ മേശക്കു പിന്നിലെ കറങ്ങുന്ന കസേരയിലിരുന്ന്, ഗോസായി ഓഫിസര്‍ വെറ്റിലക്കറയുള്ള മലയാളത്തിൽ ചോദിച്ചു.
‘വോട്ടര്‍പട്ടികയിൽ പേരില്ലെങ്കിലും മനുവെന്തിനാ പേടിക്കുന്നത്? പുതിയ പൗരത്വത്തിന് അപേക്ഷിക്കാമല്ലോ...’ ‘അങ്ങനെ പറ്റുമോ?’ ‘പറ്റുമല്ലോ. മനുവിന്റെ ആധാര്കാര്ഡിങ്ങു താ... ഞാനൊന്ന് നോക്കട്ടെ.’
ഗോസായി ആധാര്‍കാര്‍ഡ് വാങ്ങി ആദ്യം സാധാരണ മട്ടിലും പിന്നെ പെട്ടെന്ന് ഗൗരവത്തിലും നോക്കി. അയാളുടെ മുഖം മാറി. കടമ്മനിട്ട കവിതയിലെ ആ ഗോസായി ഇയാളാണോ? അയാളുടെ പുരികം വില്ലുപോലെ വളയുകയും അയാളിൽ നിന്നും ഒരു മുരളൽ ശബ്ദം പുറപ്പെടുകയും ചെയ്തു.
‘തൂ... കോൻ? മനൂ ഹേ... യാ മാനു?’ നീ മനുവോ മാനുവോ? വെള്ളാര്‍മല സ്കൂളിന്റെ രണ്ടുവശത്തുകൂടി ഒഴുകിപ്പോയ മണ്ണും ചളിയുംപോലെ അയാളുടെ ചുണ്ടിന്റെ രണ്ടറ്റത്തുകൂടിയും വെറ്റിലച്ചാര്‍ ഒലിച്ചിറങ്ങി. ‘ഗോസായിയെത്തന്നെയാണോ ഇത്തവണയും കാണാൻ പോകുന്നത്?’ അടുത്തിരിക്കുന്നയാൾ മനുവിനോട് ചോദിച്ചു.
മനു, തന്റെ ഹൃദയം തുറന്നാണോ ഇരിക്കുന്നതെന്നും ഉള്ളിലെ ശബ്ദങ്ങൾ പുറത്തേക്ക് കേൾക്കുന്നുണ്ടോ എന്നും വേവലാതിപ്പെട്ടു. ബസിന്റെ ജനാലയിലൂടെ അകത്തേക്ക് വരുന്നത് മഴച്ചാറലോ മഞ്ഞുതുള്ളികളോ? അതിന് വെറ്റിലച്ചാറിന്റെ മണമുണ്ടോ? ബസ് കൊടുവള്ളിയെത്തി. ഓമശ്ശേരി ആശുപത്രിയിലെ ആംബുലൻസ് ലൈറ്റും സൈറനുമിടാതെ പതിയെ പോകുന്നു. ആരായിരിക്കും മരിച്ചത്? മരിച്ചയാള്‍ അന്തിമപട്ടികയിൽ പേരുള്ളയാളോ പേരില്ലാത്തയാളോ?
കോഴിക്കോട് സ്റ്റാൻഡിൽ എത്താറായപ്പോൾ അടുത്തിരിക്കുന്നയാളോട് മനു ചോദിച്ചു. ‘അതിരിക്കട്ടെ, നിങ്ങളുടെ പേരൊക്കെ പട്ടികയിൽ ഉണ്ടല്ലോ അല്ലേ..?’ അയാൾ പറഞ്ഞു. ‘അതിന്, എന്റെ പേരെന്താണ്!’
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

