'വർഗീയത കൊണ്ട് ഒരുകുറ്റി പുട്ട് തന്നെ ഉണ്ടാക്കിയേക്കാം'; ചികിത്സ നിർദേശിച്ച് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
text_fieldsകോഴിക്കോട്: വർഗീയ വിചാരം ഒരു മനോരോഗമോ മനോവൈകല്യമോ ആണെന്നും തെറ്റായ സാമൂഹ്യ ബോധത്തിൽ നിന്നാണ് തരം കിട്ടുമ്പോഴൊക്കെ നാറ്റം വമിപ്പിക്കുന്ന ഈ വദനമലമെല്ലാം പുറത്തേക്കിടുന്നതെന്നും സാഹിത്യകാരൻ ശിഹാബുദ്ദീന് പൊയ്ത്തുംകടവ്.
'ഒരേ മതത്തിലുള്ളവരും ജാതിയിലുമുള്ളവരും ഒത്തുകൂടുമ്പോഴാണ് ഇത്തരക്കാരിൽ വർഗീയതയുടെ ചർച്ചയ്ക്ക് പ്രത്യേക ഉത്സാഹം വരുന്നതായി കാണുന്നത്. അപ്പോൾ ഈ ഗ്രൂപ്പ് സ്വയം ദുർഗന്ധം കൊണ്ട് സന്തോഷപൂർവ്വം പരസ്പരം മത്സരിച്ച് മത്സരിച്ച്, ഒരാൾ പുട്ടിന് അരിപ്പൊടിയിടുമ്പോൾ വേറൊരാൾ തേങ്ങയിടും. ഇങ്ങനെ വർഗീയത കൊണ്ടൊരു കുറ്റി പുട്ട് തന്നെ ഉണ്ടാക്കിയേക്കാം. സ്വന്തം സമുദായത്തിലെ നെറികേടുകൾ മനുഷ്യഗുണമുള്ള ഏതെങ്കിലും ഒരുത്തൻ ഈ ഹീന മൃഗങ്ങളെ ഓർമ്മിപ്പിക്കുന്നതോടെ ചർച്ച വീര്യം കുറഞ്ഞ് ഇല്ലാതാകുന്നത് കാണാം. ആ ഒരുത്തന്റെ കുറവാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദാരിദ്ര്യം' -ശിഹാബുദ്ദീൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. വിവിധ മതവിഭാഗങ്ങളിലെ വർഗീയ വിഷവാഹകരായ രോഗികൾക്ക് സ്വന്തമായി ചെയ്യാവുന്ന ഒരു 'ചികിത്സ'യും നിർദേളിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പൂർണരൂപം വായിക്കാം:
വലിയ വിദ്യാഭ്യാസവും ലോകവിവരവും ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറേറ്റുമൊന്നും ഉണ്ടായിട്ട് യാതൊരു കാര്യവുമില്ല. വലിയ പ്രഫസറും കുണാൺട്രനും ആയിട്ടും കോട്ടിട്ടിട്ടും മുന്തിയ കാറിൽ യാത്ര ചെയ്തിട്ടും കാര്യവുമില്ല.
വർഗ്ഗീയ വിചാരം ഒരു മനോരോഗമോ മനോവൈകല്യമോ ആണ്. തെറ്റായ സാമൂഹ്യ ബോധത്തിൽ നിന്നാണ് തരം കിട്ടുമ്പോഴൊക്കെ നാറ്റം വമിപ്പിക്കുന്ന ഈ വദനമലമെല്ലാം പുറത്തേക്കിടുന്നത്.
ഒരേ മതത്തിലുള്ളവരും ജാതിയിലുമുള്ളവരും ഒത്തുകൂടുമ്പോഴാണ് ഇത്തരക്കാരിൽ വർഗ്ഗീയതയുടെ ചർച്ചയ്ക്ക് പ്രത്യേക ഉത്സാഹം വരുന്നതായി കാണുന്നത്! അപ്പോൾ ഈ ഗ്രൂപ്പ് സ്വയം ദുർഗന്ധം കൊണ്ട് സന്തോഷപൂർവ്വം പരസ്പരം മത്സരിച്ച് മത്സരിച്ച്, ഒരാൾ പുട്ടിന് അരിപ്പൊടിയിടുമ്പോൾ വേറൊരാൾ തേങ്ങയിടും. ഇങ്ങനെ വർഗ്ഗീയത കൊണ്ടൊരു കുറ്റി പുട്ട് തന്നെ ഉണ്ടാക്കിയേക്കാം. യാതൊരു വിധ മനോവൃത്തിഗുണവുമില്ലാത്ത കീടങ്ങളായിരിക്കും ചുറ്റിലുമിരിക്കുന്നവരിൽ ഏറെ പേരും.
ഈ വർഗീയ ചർച്ചയിൽ സ്വന്തം സമുദായത്തിലെ നെറികേടുകൾ സ്വസമുദായത്തിലെ മനുഷ്യഗുണമുള്ള ഏതെങ്കിലും ഒരുത്തൻ ഈ ഹീന മൃഗങ്ങളെ ഓർമ്മിപ്പിക്കുന്നതോടെ ചർച്ച വീര്യം കുറഞ്ഞ് ഇല്ലാതാകുന്നത് കാണാം. ആ ഒരുത്തൻ്റെ കുറവാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദാരിദ്ര്യം.
ഇനി വിവിധ മതവിഭാഗങ്ങളിലെ വർഗ്ഗീയ വിഷവാഹകരായ രോഗികൾക്ക് സ്വന്തമായി ചെയ്യാവുന്ന ഒരു ചികിത്സ പറഞ്ഞു തരാം. മാറുമെന്ന് യാതൊരു ഉറപ്പും തരാനാവില്ല. പക്ഷേ, ചിലർക്ക് ഫലിച്ചിട്ടുണ്ട്.
ഇനി ചികിത്സ:
ഒരു മുറിയിൽ തനിച്ചിരിക്കുക.
നിങ്ങളുടെ ജീവിതത്തിലെ ഭൂതകാല അനുഭവങ്ങളെ ഒരു ഓട്ടപ്രദക്ഷിണത്തിന് വിധേയമാക്കുക. എന്നിട്ട് ഒരു നോട്ട് ബുക്കിൽ, തങ്ങളെ ഏറ്റവും കൂടുതൽ ഉപദ്രവിക്കുകയും ദ്രോഹിക്കുകയും ചെയ്തവരുടെ ലിസ്റ്റ് തയ്യാറാക്കുക.
ലിസ്റ്റ് പൂർത്തിയായെന്ന് തോന്നിയാൽ അതൊന്ന് പരിശോധിക്കുക. തങ്ങളെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് സ്വസമുദായത്തിലെ ആളുകൾത്തന്നെയാണെന്ന് കാണാം. പരദ്രോഹത്തിന് ജാതിമത സ്വജന പക്ഷപാതങ്ങളൊന്നും ഇല്ല എന്ന് ചിലരെങ്കിലും പഠിച്ചേക്കാം.
എന്നിട്ടും യാതൊരു മാറ്റവുമില്ലാതെ, നിയന്ത്രിക്കാനാവാത്ത വിധം മനസ്സ് വർഗ്ഗീയ വിഷമലിനമായി തുടരുന്നുവെങ്കിൽ, ഒന്ന് ആസകലം വയറിളക്കുക കൂടി ചെയ്ത് നോക്കുക... എന്നിട്ടും മാറ്റമില്ലെന്ന് കണ്ടാൽ ഉടുതുണിയില്ലാതെ നല്ല മൂത്ത മുരിക്കിൻ മരത്തിൽ പത്തിരുപത് തവണ കയറി ഊർന്നിറങ്ങുക. സ്വന്തം മനസ്സിനെ ബാധിച്ച വർഗീയതയ്ക്ക് ശമനം കിട്ടിയേക്കും.
പ്രത്യേകം ശ്രദ്ധിക്കുക:
മുരിക്ക് മരം സ്വന്തം വീട്ടുപറമ്പിലേതായിരിക്കണം. ഇതര ജാതിക്കാരുടെയും അന്യമതക്കാരുടേതുമാണ് മുരിക്കെങ്കിൽ വർഗ്ഗീയത ഒന്നുകൂടി വർധിക്കാനേ സഹായിക്കൂ.
നല്ല 'ബിദ്യാബ്യാസ'മുണ്ടായിട്ടും അതിൻ്റെയൊന്നും യാതൊരു അർത്ഥവും ക്വാളിറ്റിയുമില്ലാത്ത, എന്നാൽ ആധുനിക വാഹനം ഓടിക്കുകയും ആധുനിക വസ്ത്രം ധരിക്കുകയും ആധുനിക വീടിൽ താമസിക്കുകയും ആധുനിക കൂളിങ് ഗ്ലാസ് ഉപയോഗിക്കുകയും ചെയ്യുന്ന എല്ലാ ജാതിമതത്തിലും പെട്ട നരാധമന്മാരായ മൂഢന്മാർക്ക് ഈ ചെറു കുറിപ്പ് ഡെഡിക്കേറ്റ് ചെയ്യുന്നു.