
കേരളത്തിന്റെ കഥപറഞ്ഞ് അറബിയുടെ 'ഷാർജ ടു കൊച്ചി'
text_fieldsഷാർജ: മലയാളികൾക്ക് പോലും അറിയാത്ത കൊച്ചിയുടെ രുചിക്കൂട്ടുകൾ ലോകത്തിന് പകർന്നു നൽകുകയാണ് ജോഡാൻ എഴുത്തുകാരൻ മുഹമ്മദ് അൽ നബുൽസി. 'ഷാർജ ടു കൊച്ചി' എന്ന് പേരിട്ടിരിക്കുന്ന നോവലിലൂടെ കേരളത്തിന്‍റെയും കൊച്ചിയുടെയും രുചിഭേതങ്ങളുടെ കഥപറയുകയാണ് അദ്ദേഹം. കേരളത്തിൽ പലതവണ നേരിട്ടെത്തി തയാറാക്കിയ പുസ്തകത്തിന്‍റെ മലയാളം പതിപ്പാണ് അദ്ദേഹം ഷാർജ പുസ്തമേളയിൽ എത്തിച്ചിരിക്കുന്നത്. കൊച്ചി പശ്ചാത്തലമാക്കി മൂന്ന് വർഷം മുമ്പ് അറബിയിൽ എഴുതിയ 'തമർ വൽ മസാല' എന്ന പുസ്തകമാണ് ഇപ്പോൾ ഷാർജ ടൂ കൊച്ചി എന്ന പേരിൽ മലയാളത്തിൽ എത്തുകയാണ്.
സ്വന്തം ജീവിതാനുഭവങ്ങളിലൂടെയാണ് നബുൽസി കഥ പറയുന്നത്. ഷാർജയിൽ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് ലഭിച്ച ചെറിയൊരു കുറിപ്പാണ് കഥയിലേക്ക് നയിച്ചത്. ഇവിടെ താമസിച്ചിരുന്ന മലയാളികൾ ഉപേക്ഷിച്ച് പോയ പാചകക്കുറിപ്പിൽ നടത്തുന്ന പരീക്ഷണവും ആ രുചി തേടി കേരളത്തിലെത്തുന്നതുമാണ് കഥയും ജീവിതവും. നബുൽസി നേരിട്ട് കൊച്ചിയിലെത്തി രുചികൾ ആസ്വദിച്ചാണ് പുസ്തകം എഴുതിയത്. കൊച്ചിയിലെ മാത്രമല്ല, കേരളത്തിലെ പല രുചിഭേതങ്ങളും കഥയിൽ വായിക്കാം. നോവലിന്‍റെ അവസാന ഭാഗത്ത് പാചക കുറിപ്പുകളുമുണ്ട്.
നിരന്തരം കേരളത്തിലേക്ക് യാത്ര ചെയ്യുന്നയാളാണ് നബുൽസി. ഓൺലൈനിലൂടെ പരിചയപ്പെട്ട ഡോ. അബ്ദുൽ ഗഫൂർ ഹുദവി കുന്നത്തൊടിയാണ് പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. എന്നാൽ, വിവർത്തകനും എഴുത്തുകാരും ഇതുവരെ നേരിൽ കണ്ടിട്ടില്ല. സൈനുദ്ദീൻ മേലൂരാണ് കവർ ഡിസൈനർ. തമർ വൽ മസാല എന്ന ഇതിന്‍റെ അറബി പതിപ്പ് യു.എ.ഇയിലെ സ്കൂൾ വിദ്യാർഥികൾക്ക് വായിക്കാൻ നിർദേശിക്കപ്പെട്ട പുസ്തകമാണ്. ഇന്ത്യൻ ഭക്ഷണങ്ങളിൽ പലതും ലോക പ്രശസ്തമാണെങ്കിലും കേരളം ഉൾപെട്ട ദക്ഷിണേന്ത്യയിലെ രുചികൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്നാണ് നബുൽസിയുടെ അഭിപ്രായം. ഫോർട്ടുകൊച്ചിയാണ് അദ്ദേഹത്തിന്‍റെ ഇഷ്ട സ്ഥലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
