Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസെ​ന്റി​പെ​ൻ​സാ​ന്റെ

സെ​ന്റി​പെ​ൻ​സാ​ന്റെ

text_fields
bookmark_border
സെ​ന്റി​പെ​ൻ​സാ​ന്റെ
cancel
camera_alt

മു​ഹ​മ്മ​ദ് ആ​സിം

അങ്ങനെ നിയതമായ ആകൃതിയില്ലാത്ത ശോഷിച്ചകാലും ഉറയ്ക്കാത്ത താടിയെല്ലുള്ള മുഖവും നന്നെ ചെറിയ സുഷിരങ്ങളുള്ള ചെവികളുമായി തോളെല്ലുകൾക്ക് ഇരുപുറവും ശൂന്യതയുമായി പൂർണവളർച്ചയില്ലാതെ അവൻ പിറന്നുവീണു. ഉദരത്തിൽവെച്ചുതന്നെ ഇല്ലാതാക്കണമെന്ന മുറവിളികൾക്ക് കാതുകൊടുക്കാതിരുന്ന മാതാപിതാക്കൾ, ചാപിള്ളയാകുമെന്ന കണക്കുകൂട്ടലുകളെ അതിജീവിച്ച് പുതിയ ലോകത്തെത്തിയവന് മുഹമ്മദ് ആസിം എന്ന് പേരു നൽകി. തൊണ്ണൂറുശതമാനത്തിലധികം വൈകല്യമുള്ള ബാലന്, അറബിഭാഷയിൽ രക്ഷകൻ എന്നർഥം വരുന്ന ബദ്ർസുഹദാഇെൻറ പേരും പ്രവാചകരുടെ പേരും ചേർത്ത് ചാർത്തിയതിനെ പുരികം ചുളിച്ച് കേട്ടവർക്ക് പിന്നീട് നിലപാട് തിരുത്തേണ്ടി വന്നു( പരിമിതികളില്ലാതെ: Without limitations).

2025 അവസാനിക്കുമ്പോൾ, എനിക്ക് കിട്ടിയ ഉപഹാരങ്ങളിൽ ഒന്ന് പരിമിതികളില്ലാതെ(Without limitations) എന്ന ആസിം വെളിമണ്ണയുടെ, അപൂർവങ്ങളിൽ അപൂർവമെന്ന് കരുതാവുന്ന ഒരു പുസ്തകമാണ്. സ്നേഹപൂർവം കെ.ഇ.എന്നിന് ആസിം വെളിമണ്ണ എന്ന് കാലുകൊണ്ടെഴുതി ഒപ്പിട്ടുതന്ന ആ പുസ്തകം എന്നെ സംബന്ധിച്ചിടത്തോളം അസാധാരണമായൊരു ഇച്ഛാശക്തിയുടെ ഗംഭീരമായ ഒരാവിഷ്‍കാരമാണ്. എത്രയെത്രയോ പുസ്തകങ്ങൾക്കിടയിൽ അതൊരിക്കലും ഒതുങ്ങിക്കിടക്കുകയില്ല.

കൈക്കരുത്ത്, കരവിരുത്, കൈയൂക്ക് തുടങ്ങി കൈമഹത്ത്വം പ്രഖ്യാപിക്കുന്ന വാക്കുകൾ എത്രയോ നമുക്ക് പരിചിതം! കടുംപാറ പൊട്ടിച്ചുടക്കുന്ന കൈകൾ, മനുഷ്യന്റെ കൈകൾ മരിക്കാത്ത കൈകളെന്ന് കവിതകൾ! വാനരനിൽനിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനം വഹിച്ച പങ്ക് വിശകലനം ചെയ്യുമ്പോൾ, കൈമഹത്ത്വത്തിലാണ് തത്ത്വചിന്തകരും അടിവരയിട്ടത്. അതൊക്കെയും എത്രയോ ശരിയുമാണ്. അങ്ങനെയിരിക്കെ കാൽവിരുത്, കാലൂക്ക് എന്ന്കൂടി ബഹുസ്വരത സ്വന്തം നിഘണ്ടുവിൽ മുമ്പ് എഴുതിയിട്ടില്ലെങ്കിൽ ഇപ്പോഴെങ്കിലും അനിവാര്യമായും എഴുതിച്ചേർക്കണം.

കൺമുന്നിൽ കാൽവിരുത് നേരിൽകണ്ടത് മുമ്പ് വ്യക്തമാക്കിയപോലെ ആസിം വെള്ളിമണ്ണ പരിമിതികളില്ലാതെ എന്ന സ്വന്തം ജീവിതം തിളച്ചുമറിയുന്ന പുസ്തകം തന്നപ്പോഴാണ്. പരിമിതികളെ സാധ്യതകളാക്കുന്ന പ്രവർത്തനങ്ങളാണ്, ജീവിതത്തെ വിസ്മയകരമാക്കുന്നത്. അതിന്നവർക്ക് സഹായം നൽകുന്നവരാണ്, വിസ്മയംപോലെ ലഭിക്കും ജീവിതത്തിന് അർഥം കൊടുത്ത് പൊലിപ്പിച്ചെടുക്കുന്നത്. ആസിം അനുഭവിപ്പിച്ചത്, അത്ഭുതങ്ങളുടെ കവാടങ്ങൾ ജീവിതത്തിനുമുന്നിൽ അടയുകയില്ലെന്ന അനുഭൂതിയാണ്.

കാലിൽ ഒരു മുള്ള് കുത്തുമ്പോഴേക്കും ജീവിതത്തെയാകെ ശപിക്കുന്നവർ, തലയറ്റുപോയിട്ടും ചിരിക്കുന്നവരെ കാണണം. ആസിമിനെ ആദരിക്കുമ്പോൾ നമ്മൾ പേരറിയുന്നവരും പേരറിയാത്തവരുമായ എത്രയോ മനുഷ്യരെക്കൂടിയാണ് ആദരിക്കുന്നത്. ആരുടെയും ആദരവും പുരസ്കാരവും പ്രതീക്ഷിക്കാതെ, നന്മയിൽ നിർവൃതപ്പെടുന്ന മനുഷ്യർ ജീവിക്കുന്നു എന്നതുകൂടിയാണ്, ആസിം വെളിമണ്ണയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നത്. വരണ്ട ഭൗതികക്കാഴ്ചപ്പാടുകളിൽ വിള്ളൽവീഴ്ത്തും വിധമാണ് എത്രയോ ന്യൂനതകളിൽ നിറയുമ്പോഴും മനുഷ്യബന്ധങ്ങളുടെ ലോകം വിസ്തൃതമാകുന്നത്. ഏത് അന്ധകാരത്തിന്നിടയിലും അസ്തമിക്കാത്ത വെളിച്ചത്തെ അഭിവാദ്യം ചെയ്യുമ്പോഴാണ് ജീവിതം പൂത്ത് സുഗന്ധം പരത്തുന്നത്. ഇടിത്തീപോലെ നിത്യേനയെന്നോണം വന്നുവീഴുന്ന പരിമിതികളുടെ ഇരുട്ടിനെ, ഇരട്ടിപ്പിക്കുമ്പോഴല്ല, അതിനെതിരെ ജീവിതവിജയങ്ങളെ തിരിച്ചുനിർത്തുമ്പോഴാണ് ജീവിതം തളിർക്കുന്നത്. ഒരുകാര്യം തീക്ഷ്ണമായി, വിട്ടുവീഴ്ചയില്ലാതെ ഒരാൾ ആഗ്രഹിച്ചാൽ അതിനുവേണ്ടി നിരന്തരം പ്രയത്നിച്ചാൽ, ആ കാര്യസാക്ഷാൽക്കാരത്തിന് അയാൾക്കൊപ്പം പ്രപഞ്ചം കൂടെനിൽക്കുമെന്ന പൗലോ കൊയ് ലോ മോഡൽ ആശയങ്ങൾ മനോഹരമായ ഒരു കാൽപനിക കിനാവാണ്. എന്നാൽ, ഇച്ഛാശക്തിയെ മാറ്റിനിർത്തി സർവം കാലംചെയ്തുകൊള്ളുമെന്നുള്ളത് വരണ്ട റിയലിസ്റ്റിക് വീക്ഷണമാണ്. തീവ്രമായ ഇച്ഛയും, സാക്ഷാൽക്കാരത്തിനാവശ്യമായ ഭൗതികസാഹചര്യങ്ങളും, മറ്റുള്ളവരുടെ നിർലോഭമായ സഹായ സഹകരണങ്ങളും, കണക്കിൽ കൊള്ളാത്ത യാദൃച്ഛികതകളും ഒത്തുവന്നാൽ, ചിലപ്പോൾമാത്രം അസാധ്യമായതും സാധ്യമാവും. അങ്ങനെ ചിലപ്പോൾമാത്രം സാധ്യമാവുന്നൊരത്ഭുതമാണ്, ഏറെ പരിമിതികളുണ്ടായിട്ടും പരിമിതികളില്ലാതെയുള്ള ആസിം വെളിമണ്ണയുടെ വിസ്മയജീവിതം.

ആസിമിനെക്കുറിച്ചുള്ള പുസ്തകം തയാറാക്കിയ സഈദ്ഹസനി പൂന്നൂരിന്റെ ആമുഖം പരിമിതികളില്ലാതെ എന്ന വേറിട്ട അനുഭവലോകത്തിലേക്ക് തുറന്നിട്ട നല്ലൊരു കവാടമാണ്. കൈകൾ ഇല്ല, ഒരു കാലിന് സ്വാധീനമില്ല. തൊണ്ണൂറ് ശതമാനം ശാരീരിക പ്രയാസങ്ങൾ, കേൾവിക്കുറവ് നിവർന്ന് നിൽക്കാൻ കഴിയായ്ക ഇങ്ങനെയുള്ള നാനാവിധ പരിമിതികൾക്കിടയിലും ഒരു മനുഷ്യൻ നിവർന്ന് നിൽക്കുകതന്നെ ചെയ്തു.

പ്രമുഖ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സതി ആർ.വി. കാമറയിലൂടെ ജീവൻ പകർന്ന, മലയാളത്തിന്റെ അഭിമാനമായ എം.ടിയുടെ ഫോട്ടോ പ്രദർശനം കാണുവാനായിരുന്നു ഞങ്ങൾ അന്ന് ആർട്ട്ഗാലറിയിൽ പോയത്. എന്നാൽ, അവിടെവെച്ച് മറ്റൊരു വേറിട്ട ചിത്രപ്രദർശനം കൂടി കാണാൻ കഴിഞ്ഞു. അത് കാരുണ്യതീരം സ്പെഷൽ സ്കൂളിലെ ഭിന്നശേഷികുട്ടികൾ വരച്ച, മനം കവരുന്ന ചിത്രങ്ങളായിരുന്നു. അവിടെവെച്ചാണ് ആസിം വെളിമണ്ണ കാൽകൊണ്ട് പേരെഴുതി ഒപ്പിട്ട് പുസ്തകം തരുന്നത്. ഞാനാ കാലിൽ തൊട്ടതല്ല, തൊട്ടുപോയതാണ്. അത്രമേൽ ഹൃദ്യമായിരുന്നു എനിക്ക് ആ സാന്നിധ്യം. കാരുണ്യതീരം പ്രവർത്തകർ പെട്ടെന്ന് ആസിമിനൊപ്പം ഒരു കൂടിയിരിപ്പിന് സൗകര്യമുണ്ടാക്കിയതും ആഹ്ലാദകരമായി. ഭിന്നശേഷി കുട്ടികളെക്കുറിച്ച് ആസിം പറഞ്ഞത്, അവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ എന്നായിരുന്നു. അതിലുമുണ്ട് നമ്മളറിയേണ്ട ഒരുപാട് കാര്യങ്ങൾ.

2012ൽ കേരളത്തിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെക്കുറിച്ച് എം.കെ. ജയരാജ് കമീഷൻ പുറത്തിറക്കിയ സമഗ്രപഠന റിപ്പോർട്ട് അന്നേ വായിക്കാൻ കഴിഞ്ഞിരുന്നു. ജയരാജ്മാഷ് എന്ന് ഞങ്ങൾ വിളിക്കുന്ന, ഭിന്നശേഷി മനുഷ്യർക്കൊപ്പം തത്ത്വത്തിലും പ്രയോഗത്തിലും ഒന്നിച്ചുനിന്ന എം .കെ. ജയരാജുമായി ഇതു സംബന്ധമായി സംഭാഷണത്തിലേർപ്പെടാൻ കഴിഞ്ഞതും ഓർക്കുന്നു. ഒരിക്കൽ ഭിന്നശേഷിക്കാരുടെ ഓട്ടമത്സരത്തിൽ, ഒരു കുട്ടി വീണുപോയപ്പോൾ മുമ്പിലെത്തിയവർ തിരിഞ്ഞോടി ആ കുട്ടിയെ എഴുന്നേൽപ്പിച്ച് ഒരുമിച്ചോടി എല്ലാവരും ജയിച്ചതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതും ഓർക്കുന്നു.

കരുണക്ക് കാലംചെല്ലുംതോറും കണ്ടെത്താൻ ആഴത്തിലാഴത്തിൽ കുഴിച്ചുചെല്ലേണ്ടി വരുന്ന ആ അദൃശ്യ സരസ്വതിക്ക് എന്നേത്ര പ്രശസ്ത കവിവാക്യം. എന്നാൽ, കാരുണ്യതീരം സ്പെഷൽ സ്കൂളടക്കം പ്രതീക്ഷാഭവൻവരെയുള്ള സ്ഥാപനങ്ങൾ നടത്തുന്ന ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രവർത്തകർ, ഭിന്നശേഷി കുട്ടികളുടെ കഴിവുകളെക്കുറിച്ചും പരിമിതിയെക്കുറിച്ചും വിവരിച്ചപ്പോൾ, അവരെ പരിചരിക്കുന്നവിധം വ്യക്തമാക്കിയപ്പോൾ, ഇതു ശരിക്കുമൊരു, കാരുണ്യതീരംതന്നെ എന്ന് വ്യക്തമായി. രക്ഷിതാക്കളാരെന്നറിയാത്ത, ഭാഷ പ്രദേശം എന്നിങ്ങനെ ഒന്നുമറിയാത്ത, എന്തിന് സ്വന്തമായി ഭക്ഷണം കഴിക്കാൻപോലുമാവാത്ത കുട്ടികളെയാണ് ഇതുപോലുള്ള സ്ഥാപനങ്ങൾ സംരക്ഷിക്കുന്നത്. കേരളമെത്രയോ മുന്നേറിയിട്ടുണ്ട്. എന്നാൽ, ആ മുന്നേറ്റത്തിൽ പല കാരണങ്ങളാൽ പുറംതള്ളപ്പെട്ടവരുണ്ട്. നിങ്ങളെന്താണിനിയുമിത് കാണാത്തത് എന്ന എം.കെ. ജയരാജ് റിപ്പോർട്ട് പുറത്ത് വന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. കേരളത്തിന്റെ നവോത്ഥാനസംസ്കൃതി ലോകത്തിന്റെ സജീവശ്രദ്ധ പിടിച്ചുപറ്റാനുതകുന്ന ഒട്ടേറെ നേട്ടങ്ങൾ നമുക്ക് പകർന്നുതന്നുവെങ്കിലും, അതിനിടയിലെവിടെയോ അന്ധകാരജടിലമായ തമോതലങ്ങളിൽ, നമ്മുടെ സഹജീവികൾ കൈകാലിട്ടടിക്കുന്നത്, നാം കാണാതെ പോയി.

നിസ്വരായ ഒരു ജനതയുടെ ഹൃദയഭേദകമായ രോദനം കാണാതെയും കേൾക്കാതെയും എത്രതന്നെ മുന്നോട്ട് പോയി എന്നവകാശപ്പെട്ടാലും, അതൊരു പുരോഗമനമല്ല. ആവശ്യാവകാശങ്ങൾ ചോദിച്ചുവാങ്ങാൻ കഴിവില്ലാത്ത, വലിയൊരു ജനവിഭാഗം, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ, നമ്മുടെ വികസന പ്രചണ്ഡപ്രഘോഷങ്ങളുടെ നിഴലുകൾക്കിടയിൽ, ഇരുട്ടിൽ എങ്ങനെ അകപ്പെട്ടു എന്ന് നയരൂപവത്കരണകർത്താക്കൾ ഇനിയെങ്കിലും ഉണർന്ന് ചിന്തിക്കണം. അവഗണനയുടെ അലകടലിൽ നിസ്വരായ ഒരു ജനതയെ, ഉപേക്ഷിച്ച് മുന്നോട്ട് എന്നു പറയുന്ന ഓരോ കാൽവെപ്പും അർഥരഹിതമാണെന്ന്, അന്തസ്സാരശൂന്യമാണെന്ന്, ഇനിയെങ്കിലും കുറ്റബോധത്തോടെ, പശ്ചാത്താപത്തോടെ നമുക്ക് സമ്മതിക്കണം(എം.കെ. ജയരാജ് കമീഷൻ റിപ്പോർട്ടിൽനിന്ന്). വീണവർക്കൊപ്പം എന്ന തത്ത്വത്തിനാണ്, ആദ്യമായും അവസാനമായും മുൻഗണന നൽകേണ്ടത്. നീതിയുടെ ബാങ്ക് പൊളിഞ്ഞാൽ പിന്നെ മറ്റു ജീവിതമൂല്യങ്ങൾക്കും ശിരസ്സുയർത്തി നിൽക്കാൻ കഴിയില്ല. കണ്ണുണ്ടായിട്ടും കാണാതിരിക്കുന്നവർക്ക്, കാതുണ്ടായിട്ടും കേൾക്കാതിരിക്കുന്നവർക്ക് ഒരു എക്സക്യൂസും അപ്പോൾ സഹായത്തിന്നുണ്ടാവില്ല.

സഈദ്ഹസനി പൂനൂർ, ആസിമിനെക്കുറിച്ച് തയാറാക്കിയ പുസ്തകത്തിൽനിന്ന് വായിക്കുന്ന ഓരോ കാര്യവും വിസ്മയത്തെപ്പോലും, വിസ്മയിപ്പിക്കും. പരിമിതികളുടെ കയ്പിനെ മധുരമാക്കി മാറ്റുന്ന ഇങ്ങനെയുള്ള മനുഷ്യരെ നമ്മുടെ കാലം മനസ്സിരുത്തി വായിക്കണം. നമ്മുടെ കുട്ടികൾ നാളെ ചന്ദ്രനിലേക്ക് വിനോദയാത്ര പോവുമായിരിക്കാം. ഇന്നുതന്നെയവർ യന്ത്രമനുഷ്യർക്കൊപ്പം പലതരം കളികളിൽ ഏർപ്പെടുമായിരിക്കാം. കൃത്രിമബുദ്ധി നൽകുന്ന വാഴ്ത്തിപ്പാട്ടിൽ നിർവൃതി അനുഭവിക്കുമായിരിക്കാം! പക്ഷേ, അവരറിയണം, വീണിട്ടും പൊരുതി എഴുന്നേറ്റവരെക്കുറിച്ച്, പൊരുതിയിട്ടും തോറ്റുപോയവരെക്കുറിച്ചും!

ആസിമിനെപ്പോലുള്ളവരുടെ ജീവിതം സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയാലുമില്ലെങ്കിലും ഇതുപോലുള്ള ജീവിതപാഠങ്ങളെക്കുറിച്ച്കൂടി അധ്യാപകർ വിദ്യാർഥികളെ ഓർമിപ്പിക്കണം.

ചിൽഡ്രൻസ് നൊബേൽ ൈപ്രസിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതും, നീന്തൽമത്സരത്തിൽ വിജയിയായതും മൂക്കുകൊണ്ട് ഖുർആൻ മറിച്ച് ഹാഫിള് ആയതും ‘The whole India should Salute Asim’ എന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാർകണ്ഡേയ കഠ്ജുപറഞ്ഞതും ആസിം വെള്ളിമണ്ണയെക്കാൾ നമ്മളെ ആവേശം കൊള്ളിക്കണം. ശരീര ശേഷിയുള്ളവർപോലും പ്രയാസമനുഭവിക്കുന്ന നീന്തൽ മത്സരത്തിന് ആസിമനെ പരിശീലിപ്പിച്ച സജി വാളശ്ശേരിയെ ഒരു പ്രഗല്ഭ നീന്തൽ പരിശീലകൻ എന്നതിനപ്പുറം കടന്ന് മതനിരപേക്ഷതയെ ആദരിക്കുന്നവരൊക്കെയും ആഘോഷിക്കണം. പൂവിരിയേണ്ട സ്വന്തം നെറ്റിയിൽ ഭക്തിക്ക് കൊമ്പു മുളയ്ക്കുന്നൊരു കാലത്ത്, സജി വാളശ്ശേരി ഇത്രമേൽ ആസിമിനേയും കുടുംബത്തേയും ചേർത്തുപിടിച്ചത് ആഘോഷിക്കാതിരുന്നാൽ അത് മതനിരപേക്ഷതക്ക് അവമാനമുണ്ടാക്കും. സജി വാളശ്ശേരിയെപ്പോലുള്ളവരുടെ ജീവിതമാതൃക, വ്യത്യസ്ത മതവിഭാഗത്തിൽപെട്ടവരും മതരഹിതരും പിന്തുടർന്നാൽ മരുഭൂമി മലർവാടിയാകും. അങ്ങനെ കുറച്ച് മാതൃകകൾ കേരളത്തിലുണ്ടായിട്ടുണ്ട്. പക്ഷേ, അളവിലും ഗണത്തിലും അതിനിയും മുന്നേറേണ്ടതുണ്ട്.

ആസിമിനെയും, ഹിഫ്ള് അധ്യാപകനായ പിതാവ് ഷഹീദിനെയും ആലുവയിലെ സ്വന്തം വീട്ടിൽ താമസിപ്പിച്ചാണ് സജി നീന്തൽ പരിശീലനം പൂർത്തിയാക്കിയത്. പകൽ പെരിയാറിലെ നീന്തൽപരിശീലനം കഴിഞ്ഞാൽ പിന്നെ രാത്രി ഖുർആൻ ഹിഫ്ള് പഠനമായിരുന്നു ആസിമിന്. ഹിഫ്ള് പഠനത്തിനും, ആസിമിന്റെയും പിതാവിന്റെയും നിസ്കാരത്തിനും ആരാധനാ കർമങ്ങൾക്കുമെല്ലാം സജി വാളശ്ശേരി സൗകര്യം ചെയ്തിട്ടുണ്ടായിരുന്നു. ഹാഫിളായ ആസിം ഒരു ജൂസ്അ ഖുർആൻ ഹിഫ്ളായത് സജി വാളശ്ശേരിയുടെ വീട്ടിൽനിന്നായിരുന്നു.

ഫാഷിസ്റ്റ് അലർച്ചകൾക്ക് നടുവിൽ, വിറങ്ങലിച്ചു നിൽക്കുന്ന മലയാളികളേ, ഇന്ത്യക്കാരെ, വിസ്മയപ്പെടാനും വീര്യമാർജിക്കാനുമുള്ള കാര്യങ്ങളും നമുക്കിടയിൽ അനവധിയാണ്. കീഴടക്കപ്പെടുമ്പോഴും, കീഴടങ്ങുകയില്ലെന്നൊരു വാക്ക് മനസ്സിൽപോലും മുളപൊട്ടുന്നില്ലെങ്കിൽ, ഇരുട്ട് ഇരട്ടിക്കും. മനുഷ്യനെന്ന വാക്കിനെ പഴയ രാജകീയ പ്രൗഢികൾ അന്ത്യവിശ്രമം കൊള്ളുന്ന മ്യൂസിയം മാത്രമാവും അപ്പോൾ അഭിവാദ്യം ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literatureSuccess Life
News Summary - sentipensante
Next Story