'നിവർന്ന് നിന്ന് മോന്തക്ക് ചവിട്ടിയ ആ നിമിഷം ജയിച്ചതാണവൾ' ദിലീപിനെ വെറുതെ വിട്ട കോടതിവിധിയെ വിമർശിച്ച് സാറ ജോസഫ്
text_fieldsകോഴിക്കോട്: നടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് എഴുത്തുകാരി സാറ ജോസഫ്. ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനെന്നാണ് സാറ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്. കോടതിവിധി തള്ളിക്കളയുന്നുവെന്നും അവർ ഫേേസ്ബുക്കിൽ കുറിച്ചു.
തകർന്നു വീഴുന്നതിനുപകരം നിവർന്നു നിന്ന് സത്യം വിളിച്ചു പറഞ്ഞത് മുതൽ അതിജീവിത വിജയിച്ചുവെന്നും ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവൻ്റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സാറ ജോസഫിന്റെ പോസ്റ്റിന്റെ പൂർണരൂപം:
'ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാൻ!
വർഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം!
തകർന്നു വീഴുന്നതിനുപകരം നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ് ആ പെൺ കുട്ടി അവൻ്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ , hello ,ആ നിമിഷം ജയിച്ചതാണവൾ!
പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം. സത്യത്തിൻ്റെ ജ്വലനമാണത്.
ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവൻ്റെ മുഖം ഹണിവർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല.
അവൾക്കൊപ്പം.
കോടതിവിധി തള്ളിക്കളയുന്നു.'
വിധിക്ക് പിന്നാലെ നിരവധി സിനിമ പ്രവർത്തകരും പൊതു പ്രവർത്തകരും വിധിയെ വിമർശിച്ചിുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പി.ടിയുടെ ആത്മാവ് ഒരിക്കലും തൃപ്തമാകില്ലെന്ന് ഉമാ തോമസ് എം.എൽ.എ പറഞ്ഞു. അതിജീവിതക്ക് വേണ്ടി പോരാടുന്നതിൽ നിർണായക പങ്കു വഹിച്ചവരിൽ ഒരാളാണ് മരിച്ച മുൻ എം.എൽ.എ പി.ടി തോമസ്. കേസിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടെന്നും വിധി തൃപ്തികരമല്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന തെളിയുന്നത് വരെ സര്‍ക്കാര്‍ അതിജീവിതതക്കൊപ്പമുണ്ടാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പൂര്‍ണമായി നീതി ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകുമെന്നും മന്ത്രി പ്രതികരിച്ചു. കേസില്‍ അതിജീവിതക്ക് ഒപ്പമാണ് സര്‍ക്കാര്‍ ഇതുവരെ നിലകൊണ്ടതെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞു.
എന്ത് നീതി? സൂക്ഷ്മമായി തെരഞ്ഞെടുത്ത തിരക്കഥ ചുരുളഴിയുന്നതാണ് കാണുന്നത് എന്ന് നടിയും ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുമായ പാർവതി തിരുവോത്ത് പ്രതികരിച്ചു.
അതിജീവിതക്ക് പിന്തുണയുമായി രമ്യ നമ്പീശനും റിമ കല്ലിങ്കലും രംഗത്തുവന്നിരുന്നു. അവൾക്കൊപ്പം എന്നെഴുതിയ ചിത്രമാണ് രമ്യ പങ്കുവെച്ചിരിക്കുന്നത്. അവൾക്കൊപ്പ എന്നെഴുതിയ ചിത്രത്തിനൊപ്പം എപ്പോഴും മുമ്പത്തേക്കാളും ശക്തിയോടെ ഇപ്പോൾ എന്നും റിമ കുറിച്ചു. തുടക്കം മുതൽക്കേ അതിജീവിതക്കൊപ്പം ശക്തമായി നിലയുറപ്പിച്ചവരാണ് റിമയും പാർവതിയും രമ്യയും.
എറണാകുളം പ്രിൻസപ്പൽ സെഷൻസ് കോടതിയാണ് നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയത്. യുടേതാണ് വിധി. കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിന്റെ വിധി പറഞ്ഞത്. ഒന്ന് മുതൽ ആറ് പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും.
എൻ.എസ് സുനിൽ(പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒന്നു മുതൽ ആറ് വരെ പ്രതികൾക്കെതിരെ ചുമത്തിയ ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. എന്നാൽ, ഏഴ് മുതലുള്ള പ്രതികൾക്കെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൾ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനൊപ്പം ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
2017 ഫെബ്രുവരി 17 നാണ് രാജ്യത്തുടനീളം ചർച്ചയായ ആക്രമണം നടന്നത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതും മലയാള സിനിമാ ലോകത്തെ ക്രിമിനൽ ഇടപെടലുകളിലേക്ക് വെളിച്ചം വീശുന്നതുമായ സംഭവമാണ് അന്ന് അരങ്ങേറിയത്. തൃശൂരിൽനിന്ന് ഒരു സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു നടി. അങ്കമാലി അത്താണിക്ക് സമീപത്തുവെച്ച് കാറില്‍ അതിക്രമിച്ച് കയറിയ അക്രമി സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട നടി സംവിധായകനും നടനുമായ ലാലിന്റെ കാക്കനാട്ടെ വീട്ടിലാണ് അഭയം തേടിയത്. അദ്ദേഹത്തിൽ നിന്ന് വിവരമറിഞ്ഞ അന്തരിച്ച പി.ടി. തോമസ് എം.എൽ.എ വിഷയം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

