Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right‘രാമായണം മോദി...

‘രാമായണം മോദി വായിച്ചിട്ടുണ്ടാവില്ല’; എഴുത്തുകാരൻ കെ.വി. സജയിനെതിര​െ സംഘപരിവാറി​െൻറ വധഭീഷണി

text_fields
bookmark_border
Sajai K V, Sangh Parivar
cancel

കോഴി​ക്കോട്: എഴുത്തുകാരനും പ്രഭാഷകനും മടപ്പള്ളി ഗവ. അധ്യാപകനുമായ കെ.വി. സജയിനെതി​രെ സംഘ്പരിവാർ ഭീഷണി. വടകര മണിയൂരിലെ ഒരു വായനശാലാ സാംസ്കാരിക യോഗത്തിൽ സംസാരിച്ചു പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. പ്രഭാഷണത്തിനിടെയുള്ള സജയുടെ വാക്കുകളാണ് സംഘ്പരിവാർ അനുകൂലികളെ പ്രകോപിപ്പിച്ചത്. എഴുത്തുകാരനും അസാമാന്യ വായനക്കാരനുമായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്ന് സജയ് പ്രഭാഷണത്തിൽ പറഞ്ഞിരുന്നു.

ഇന്നത്തെ പ്രധാനമന്ത്രി എന്തെങ്കിലും വായിക്കുന്നുണ്ടോ എന്നറിയില്ല. രാമായണം പോലും അദ്ദേഹം വായിച്ചിട്ടുണ്ടാവാൻ ഇടയില്ല എന്നാണ് സമീപകാല പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് എന്നും സജയ് പറഞ്ഞു. ഇതാണ് പ്രകോപനത്തിന് കാരണമായത്. സംഭവം വിവാദമായതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരിച്ച് സജയ് തന്നെ രംഗത്തെത്തി. നാല്‍പതുകളില്‍, അതായത് രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് മഹാകവി ജി. ശങ്കരക്കുറുപ്പ് 'ഇരുട്ടിന് മുമ്പ്' എന്നൊരു കാവ്യനാടകം എഴുതിയിട്ടുണ്ട്.ഫാസിസം ലോകത്തെ എങ്ങനെ പിടിമുറുക്കിയിരിക്കുന്നു എന്നു വെളിപ്പെടുത്തുന്ന നാടകമായിരുന്നു അത്. ഫാസിസം എന്ന ഇരുട്ട് ലോകത്തെ എപ്രകാരത്തില്‍ പൊതിയുന്നു എന്നാണ് കവി വിശദമാക്കുന്നത്. അതേ അവസ്ഥയിലാണ് ഇന്ത്യ ഇന്നുള്ളത് എന്നതിന്റെ ഏറ്റവും നേരനുഭവമായിട്ടാണ് ഞാനീ സംഭവത്തെ നോക്കിക്കാണുന്നത്. വ്യക്തിപരമായ ഒരു ദുരനുഭവം എന്ന നിലയിലല്ല ആര്‍ക്കും എപ്പോഴും നേരിടാവുന്ന ഫാസിസ്റ്റ് ഭീഷണിയുടെ വ്യക്തിഗതമായ ഒരു രൂപം എന്ന നിലയ്ക്കാണ് ഈ സംഭവത്തെ ഞാന്‍ വിലയിരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ സംഭവത്തോട് വലിയ രീതിയില്‍ പ്രതികരിക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്ത എഴുത്തുകാരും രാഷ്ട്രീയപ്രവര്‍ത്തകരും കവികളുമായിട്ടുള്ള വലിയൊരു സുഹൃദ് സമൂഹം എന്റെ ചുറ്റിലുമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരോട് അങ്ങേയറ്റം കൃതജ്ഞതയുമുണ്ട്. ഈ വിഷയത്തില്‍ ഞാനൊറ്റയ്ക്കല്ല എന്ന ഉറപ്പ് അവരിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതൊരു സ്വകാര്യസംഭവമല്ല, ലോകത്തെ അറിയിക്കേണ്ട ഒന്നാണ് എന്ന് എന്നോട് പറയുകയും ലോകത്തെ അറിയിക്കുകയും ചെയ്തത് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദനാണ്. തുടര്‍ന്ന് ഫോണിലൂടെയും അല്ലാതെയും എനിക്കുവേണ്ട മാനസികവും ധാര്‍മികവുമായ പിന്തുണ അറിയിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാട്, അശോകന്‍ ചരുവില്‍, സുനില്‍ പി. ഇളയിടം തുടങ്ങിയ മുതിര്‍ന്ന സുഹൃത്തുക്കളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഇതൊരു രാഷ്ട്രീയ സംഭവമാണെന്നും ഞങ്ങള്‍ താങ്കളോടൊപ്പമുണ്ടെന്ന് പറയാന്‍ കാണിച്ച ആ മാനസിക സന്നദ്ധത വളരെ മാതൃകാപരമാണ്.

വടകരയ്ക്കടുത്ത് മണിയൂര്‍ യു.പി സ്‌കൂളിന്റെ മുറ്റത്ത് വെച്ച് കഴിഞ്ഞ ദിവസം നടന്ന ഒരു പുസ്തകപ്രകാശന ചടങ്ങില്‍ വെച്ചാണ് എനിക്കുനേരം വധഭീഷണി ഉയര്‍ന്നത്. മണിയൂര്‍ ജനതാ വായനശാല പ്രസിദ്ധീകരിച്ച 'പി.ബി. മണിയൂരിന്റെ കൃതികള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ ഞാന്‍ നടത്തിയ പ്രസംഗമാണ് എന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചയാളെ പ്രകോപിപ്പിച്ചത്. പി.ബി. മണിയൂര്‍ ആ വായനശാലയുടെ ആദ്യത്തെ പ്രസിഡണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികം തികയുന്ന വേളയില്‍ അദ്ദേഹത്തിന്റെ രചനകളുടെ ഒരു വലിയ സമാഹാരം ജനതാ വായനശാല തന്നെ പ്രസിദ്ധീകരിക്കുകയായിരുന്നു. വായനയെക്കുറിച്ചും ലൈബ്രറികളെക്കുറിച്ചും പറയുന്ന കൂട്ടത്തില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയെയും ഇപ്പോഴത്തെ പ്രധാനമന്ത്രിയെയും വായനയെ അടിസ്ഥാനമാക്കി ഞാന്‍ താരതമ്യം ചെയ്തതാണ്‌ ഭീഷണിപ്പെടുത്തിയ ആളെ പ്രകോപിപ്പിച്ചത്.

വായനയെപ്പറ്റി പറയുന്ന കൂട്ടത്തില്‍ വായനശാലകളുണ്ടെങ്കിലും പുസ്തകങ്ങള്‍ വായിക്കപ്പെടാത്തതിനെപ്പറ്റി പറയുന്ന കൂട്ടത്തില്‍ കവി രാവുണ്ണിയുടെ 'മാറ്റുദേശം മഹാത്മ വായനശാല' എന്ന കവിതയെപ്പറ്റി പറയാനിടയായി. ആ കവിതയില്‍ ഒരു ലൈബ്രേറിയനെപ്പറ്റിയാണ് പറയുന്നത്. മാറ്റുദേശം മഹാത്മ വായനശാലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെപ്പറ്റി ഈ ലൈബ്രേറിയന്റെ ആത്മഗതങ്ങള്‍ പോലെയാണ് ഈ കവിത എഴുതപ്പെട്ടിട്ടുള്ളത്. ആദ്യമൊക്കെ പുസ്തകങ്ങളില്‍ അഭിപ്രായങ്ങള്‍ കുറിക്കലുകളും ഉപയോഗിച്ചതിന്റെ, വായിച്ചതിന്റെ മുഷിച്ചിലുകളുണ്ടായിരുന്നു. ഇപ്പോള്‍ പുസ്തകങ്ങളെല്ലാം വൃത്തിയായിരിക്കുന്നു. ഒരു കുറിക്കല്‍ പോലുമില്ല, വായനയുടെ ഒരു അടയാളവും ഇല്ല, സ്വച്ഛഭാരതം എന്നു പറഞ്ഞാണ് കവിത അവസാനിക്കുന്നത്. ഈ കവിതയെപ്പറ്റി പറഞ്ഞതിനുശേഷം ഞാന്‍ ഇതുകൂടി കൂട്ടിച്ചേര്‍ത്തു: ''ഇന്ത്യന്‍ പ്രധാനമന്ത്രിയായ ജവാഹര്‍ ലാല്‍ നെഹ്‌റു ഒരു വലിയ വായനക്കാരന്‍ കൂടിയായിരുന്നു. അദ്ദേഹം മരിക്കുന്നതിന്റെ തലേദിവസം കൂടി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ 'സ്‌റ്റോപ്പിങ് ബൈ വുഡ്‌സ് ഓണ്‍ എ സ്‌നോയി ഈവ്‌നിങ്' എന്ന കവിതയിലെ 'വുഡ്‌സ് ആര്‍ ലവ്‌ലി ഡാര്‍ക് ആന്‍ഡ് ഡീപ്' എന്നു തുടങ്ങുന്ന നാലുവരി കുറിച്ചിട്ടാണ് ഉറങ്ങാന്‍ പോയത്. ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അത്തരത്തില്‍ ഒരു വായനക്കാരനാണ് എന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം രാമായണം പോലും തികച്ചു വായിച്ചിരിക്കാനിടയില്ല. കുട്ടികൃഷ്ണ മാരാരുടെ 'വാത്മീകിയുടെ രാമന്‍ ' എന്ന ലേഖനം വായിച്ച ഒരാളും രാമനുവേണ്ടി ക്ഷേത്രം പണിയില്ല, രാമനെ ആരാധിക്കില്ല. അതാണ് വായനയുടെ ഗുണം.'' ഇത്രയും പറഞ്ഞിട്ടാണ് ഞാന്‍ പ്രസംഗം അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഭീഷണിയുണ്ടായ സാഹചര്യത്തില സജയിനെ അനുകുലിച്ച് കൊണ്ട് സാംസ്കാരിക നായകരും ജനാധിപത്യ വിശ്വാസികളും രംഗത്തെത്തികഴിഞ്ഞു.സാമൂഹിക മാധ്യമങ്ങളിൽ സജയിനനുകൂലമായി നിലപാടെടുത്തവർ ഏറെയാണ്. പ്രമുഖ സാഹിത്യകാരൻ അശോകൻ ചരുവിൽ ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ച് കഴിഞ്ഞു. ഫേസ് ബുക്കിലിട്ടപോസ്റ്റിലൂടെയാണ് പ്രതികരണം.

പോസ്റ്റ് പൂർണരൂപത്തിൽ
കെ.വി.സജയിനെതിരെ സംഘപരിവാറിൻ്റെ വധഭീഷണി. പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ സാഹിത്യ വിമർശകനാണ് കെ.വി.സജയ്. മടപ്പള്ളി ഗവ.കോളേജിലെ അധ്യാപകനാണ്. മികച്ച പ്രഭാഷകൻ. കഴിഞ്ഞദിവസം അദ്ദേഹം സംഘപരിവാർ ആക്രമണത്തിനും നേരിട്ടുള്ള വധഭീഷണിക്കും വിധേയനായിരിക്കുന്നു.
വടകര മണിയൂരിലെ ഒരു വായനശാലാ സാംസ്കാരിക യോഗത്തിൽ സംസാരിച്ചു പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. എഴുത്തുകാരനും അസാമാന്യ വായനക്കാരനുമായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്ന് സജീവ് പ്രഭാഷണത്തിൽ പറഞ്ഞിരുന്നു. ഇന്നത്തെ പ്രധാനമന്ത്രി എന്തെങ്കിലും വായിക്കുന്നുണ്ടോ എന്നറിയില്ല. രാമായണം പോലും അദ്ദേഹം വായിച്ചിട്ടുണ്ടാവാൻ ഇടയില്ല എന്നാണ് സമീപകാല പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് എന്നും സജീവ് പറഞ്ഞു.
ഇതിൽ പ്രകോപിതരായാണ് സംഘപരിവാർ ആക്രമണം നടത്തിയത്. സദസ്സിനു പുറത്ത് നിന്ന് പ്രസംഗം കേട്ടുകൊണ്ടിരുന്ന ഒരു ഭടൻ സജീവിൻ്റെ അടുത്തുവന്ന് കൈപിടിച്ച് തിരിക്കുകയും കത്തികയറ്റി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നമ്മുടെ രാജ്യം ഇനിയും മതരാഷ്ട്രം ആയിട്ടില്ല. ആക്കാനുള്ള പുറപ്പാടിലാണ് ആർ.എസ്.എസുകാരും നരേന്ദ്രമോദിയും. എങ്ങനെയായിരിക്കും ഒരു മതരാഷ്ട്രത്തിലെ മനുഷ്യജീവിതം, ആത്മാവിഷ്ക്കാരം എന്നതിൻ്റെ സൂചനയാണ് കെ.വി.സജയിനെതിരായ ആക്രമണത്തിലൂടെ തെളിയുന്നത്.
കേരളം ഈ ഭീഷണിയെ അനുവദിക്കരുത്.
അശോകൻ ചരുവിൽ
22 01 2024
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asokan charuvilLatest Malayalam NewsSangh Parivar threatKerala NewsSajai K V
News Summary - Sangh Parivars death threat against Writer Sajai K V
Next Story