എഴുത്തിന്റെ ലോകത്ത് സജീവമായി സമദ് പനയപ്പിള്ളി
text_fieldsസമദ് പനയപ്പിള്ളി
മട്ടാഞ്ചേരി: എഴുത്തിന്റെ ലോകത്തേക്ക് മട്ടാഞ്ചേരി സ്വദേശി സമദ് പനയപ്പിള്ളി കാലുന്നിയിട്ട് 50 വർഷം തികയുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ‘ഉഷസ്സ്’ എന്ന കൈയെഴുത്തുമാസിക തുടങ്ങിയത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ മലയാളം അധ്യാപകനായിരുന്ന അബ്ദു മാസ്റ്റർ എഴുതി സംവിധാനം ചെയ്ത ‘സമരം’ നാടകത്തിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നീട് ഒരു നോട്ട്ബുക്ക് നിറയെ നാടകം എഴുതി പ്രധാന അധ്യാപകനായിരുന്ന കുമാരൻ കല്ലൂമഠം മാസ്റ്ററെ കാണിച്ചു.
മാസ്റ്ററുടെ അഭിനന്ദനങ്ങൾ പ്രചോദനമായി. സ്കൂളിൽ നടത്തിയ ആദ്യചെറുകഥാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. 1990ൽ മൗലാന ആസാദ് സോഷ്യോ കൾചറൽ സെന്റർ ലൈബ്രറി പ്രസിദ്ധീകരിച്ച ‘ഒരു ടി.വി ദുരന്ത’മാണ് ആദ്യ കഥാ സമാഹാരം. പിന്നീടിറങ്ങിയ പതിനഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് മലയാളത്തിലെ പ്രമുഖ പ്രസാധകരാണ്.
കൊച്ചിയിൽ നിന്നിറങ്ങിയിരുന്ന ഒരു പ്രമുഖ പത്രത്തിൽ ആഴ്ചതോറും എഴുതിയിരുന്ന ‘കാഴ്ച’ എന്ന പംക്തിയിൽ വന്ന അനുഭവക്കുറിപ്പുകൾ ‘സ്നേഹ മരങ്ങൾക്ക് തീ പിടിക്കുമ്പോൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്ത് പോലെ തന്നെ പ്രിയപ്പെട്ടതാണ് സമദിന് അഭിനയവും. മാധ്യമ പ്രവർത്തകനായ ഇഖ്ബാൽ സംവിധാനം ചെയ്ത് വിപിൻ പള്ളുരുത്തി നിർമിച്ച ‘ഭയം’, മണിലാൽ പള്ളുരുത്തി നിർമിച്ച ‘കാറ്റ്, നിയോഗം’ തുടങ്ങിയ ചെറിയ സിനിമകളിൽ സമദാണ് മുഖ്യകഥാപാത്രമായത്.
തിരക്കഥാകൃത്തായ റഫീഖ് സീലാട്ട് ആദ്യമായ് സംവിധാനം ചെയ്ത ‘ജാക്കി ഷെരീഫ്’ എന്ന സിനിമയിലും സമദ് പ്രധാന കഥാപാത്രമാണ്. പ്രശസ്ത സംവിധായകൻ പി.എ. ബക്കറിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും നടക്കാതെ പോയി. സമദ് കഥ എഴുതി ജയമോഹൻ സംവിധാനം ചെയ്ത ചെറിയ സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും. ചേർത്തല കുത്തിയതോട് സ്വദേശിയായ സാലിഹ ഭാര്യയും സഫീർ സമദ് മകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

