മടക്കം
text_fieldsഇസ്മായിൽ
പതിയാരക്കര
റൺവേയിൽ നിന്ന് മെല്ലെ മെല്ലെ നിരങ്ങിനീങ്ങിയ ആകാശയാനം അൽപസമയത്തിനുള്ളിൽ വെടികൊണ്ട പന്നിയെപ്പോലെ കുതിച്ചുപാഞ്ഞ് ക്ഷണനേരം കൊണ്ട് ഒരു കൂറ്റൻ പക്ഷിയെപ്പോലെ അന്തരീക്ഷത്തിലേക്കുയർന്നു. ലക്ഷ്യസ്ഥാനത്തേക്ക് അത് ദ്രുതഗതിയിൽ ഉയർന്നുയർന്നുപൊങ്ങിക്കൊണ്ടേയിരുന്നു. നീണ്ട മുപ്പത്തിഅഞ്ചു വർഷത്തിനിടയിൽ ഓരോ പ്രാവശ്യം വീട്ടിൽ നിന്നിറങ്ങുമ്പോഴും കുറച്ചുദിവസത്തേക്ക് നെഞ്ചിനുള്ളിൽ ഒരു നീറ്റലാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വേദന മനസ്സിന് ചുറ്റും ഇങ്ങനെ പറ്റിപ്പിടിച്ചു കിടക്കും. ഹൃദയം ഒരു ചെറുതീയിൽ വെച്ച പോലെ കുറെ ദിവസം അതിങ്ങനെ കിടക്കും.
ഏറിയാൽ ഒരു അഞ്ചുവർഷം, അതിനുള്ളിൽ കടങ്ങൾ വീട്ടി നാടിന്റെ മടിത്തട്ടിൽ സ്വച്ഛന്ദമാകാൻ വേണ്ടി കരുതിയുറപ്പിച്ചാണ് കടൽ കടന്നതെങ്കിലും പ്രാരാബ്ധങ്ങൾ തലയിൽ നിന്നും അൽപ്പനേരം മാറ്റി വെച്ച് സ്വസ്ഥമാകാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. ഒരു സയാമീസ് ഇരട്ടയെപ്പോലെ പ്രശ്നങ്ങളും പ്രതിസന്ധികളും എപ്പോഴും കൂടെത്തന്നെ വിടാതെ ഉണ്ടായിരുന്നു എന്നതാണ് പരമാർഥം. മുപ്പതുവർഷത്തെ വിവാഹജീവിതത്തിനിടയിൽ ഒന്നിച്ചു കഴിഞ്ഞിട്ടുണ്ടാവുക ഏറിയാൽ ഒരു അഞ്ചുവർഷം മാത്രമായിരിക്കും. ശരിക്ക് പറഞ്ഞാൽ ഗൾഫുകാരൻ തുലച്ചുകളയുന്നത് ഒരു പാവം പെണ്ണിന്റെ സ്വപ്നങ്ങൾ കൂടിയാണ്.
മനുഷ്യായുസ്സിലെ വസന്തകാലം മുഴുവൻ മരുഭൂമിയിലെ പൊള്ളുന്ന ചൂടിൽ ഉണക്കാനിട്ട് അന്തിക്ക് പക്ഷി കൂടണയുന്നപോലെ ജീവിതത്തിന്റെ വൈകുന്നേരങ്ങളിൽ വീടണയുന്ന ഓരോ പ്രവാസിയും ഉറുകിത്തീർന്നു പോയ യൗവനത്തെ ആലോചിച്ച് നെടുവീർപ്പിടുന്നുണ്ടാവും.
ചിന്തകൾ കാട് കയറിയപ്പോൾ തലക്കു തീ പിടിക്കുന്ന പോലെ അയാൾക്ക് തോന്നി. ഏട്ടന്റെ മകളുടെ വിവാഹത്തിന്റെ രണ്ട് ദിവസം മുമ്പ് തിരിച്ചുപോന്നതിന്റെ പേരിൽ കുടുംബം മുഴുവൻ ഒരു കടന്നൽ കൂടിളകിയ പോലെ തനിക്കെതിരെയാവുമെന്ന് തിരിച്ചറിയാഞ്ഞല്ല, പക്ഷെ പാകിസ്താനിയായ സൂപ്പർവൈസറോട് നാലുദിവസം അവധി നീട്ടണമെന്ന് പറഞ്ഞപ്പോൾ എന്നാൽ പിന്നെ ജോലി പ്രതീക്ഷിക്കണ്ട എന്ന മറുപടിയാണ് ലഭിച്ചത്. ഇന്ത്യക്കാരോട് അവനുള്ള വെറുപ്പാണ് വെറും നാല് ദിവസത്തിനു വേണ്ടി അവൻ തന്നോട് കാണിച്ചത്. എന്ത് ചെയ്യാൻ ഈ പ്രായത്തിൽ മറ്റൊരു ജോലി എന്നത് ചിന്തിക്കാൻ പോലും കഴിയില്ല എല്ലാവർക്കും യുവാക്കളെയാണ് താൽപര്യം.
നാല് പെൺമക്കളിൽ അവസാനത്തെയാളുടെ വിവാഹം വരുത്തിവെച്ച ബാധ്യതകൾ അയാളെ ഒരു ഭീകരസത്വമായി തുറിച്ചുനോക്കിക്കൊണ്ടിരുന്നു. കടങ്ങൾ ബാക്കിയാണെങ്കിലും ഒരു മുഴം കയറിൽ അവൾ ഭർതൃവീട്ടിലെ അടുക്കളയിൽ തൂങ്ങിയാടുന്ന രംഗം മനസ്സിൽ നിന്നും മായുന്നേയില്ല. എന്തിന് അവൾ ജീവിതം തല്ലിയുടച്ചുകളഞ്ഞു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. കേസും കൂട്ടവുമായി നാളുകൾ പോയതല്ലാതെ ഒന്നും സംഭവിച്ചില്ല, അവൾക്ക് നൽകിയ സ്വർണം പോലും തിരികെ ലഭിച്ചില്ല.
അല്ലെങ്കിലും മനുഷ്യമനസ്സ് എന്ന നിഗൂഢത ഒളിപ്പിച്ചുവെക്കുന്ന പലതും കൂടെ കിടക്കുന്നവർക്ക് പോലും പിടികിട്ടണം എന്നില്ലല്ലോ. മടുപ്പിനോടുള്ള മൽപ്പിടിത്തമായിരുന്നു പിന്നീടുള്ള ജീവിതം എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി തീരെയില്ല. അല്ലെങ്കിലും ദൈവം എഴുതിത്തയ്യാറാക്കിയ തിരക്കഥ മനുഷ്യൻ വിചാരിച്ചാൽ മാറ്റിയെഴുതാൻ കഴിയില്ലല്ലോ.
എല്ലായിടത്തും പ്രതിസന്ധികൾ മാത്രം നിറഞ്ഞ ഈ ജീവിതത്തെ താങ്ങിക്കൊണ്ട് പോവാനാണ് തന്റെ വിധിയെന്ന് ഉൾക്കിടിലത്തോടെ അയാൾ ഓർത്തു. പെട്ടെന്ന് നെഞ്ചിന്റെ ഇടതുഭാഗത്ത് ഷോക്കേറ്റ പോലെ ഒരു പെരുപ്പ് അയാളെ പൊതിഞ്ഞുപിടിച്ചു. അത് മെല്ലെ മെല്ലെ കൈകളിലേക്കും കഴുത്തിലേക്കും വ്യാപിച്ചു കൊണ്ടിരുന്നു.
നഷ്ടപ്പെടലിന്റെയും ഒറ്റപ്പെടലിന്റെയും നിസ്സഹായതയുടെയും നിലയില്ലാകയത്തിൽനിന്ന് ശാശ്വത സമാധാനത്തിന്റെ പുലർകാലത്തിലേക്ക് ഉറങ്ങി എഴുന്നേൽക്കുന്ന പോലെ അയാൾ ഉന്മേഷത്തോടെ ഉണർന്നു. വിമാനം അപ്പോഴും അകലങ്ങളിലെ ലക്ഷ്യത്തിലേക്ക് കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

