ചിതറരുത് വായനകൾ
text_fieldsഞാനാലോചിച്ചിട്ടുണ്ട്: വായനയുടെ മുറ്റത്ത് ഒരു ബോർഡ് ഉണ്ടാകുമെങ്കിൽ അതിൽ എന്തായിരിക്കും എഴുതിയിട്ടുണ്ടായിരിക്കുക എന്ന്. നിസ്സംശയം തോന്നിയത് ‘ബന്ധവിസ്തൃതിയിലേക്ക് സ്വാഗതം’ എന്നായിരിക്കും അത് എന്നാണ്. വായനയിൽവെച്ചാണ് നമ്മുടെ ലോകം ഇക്കാണുംവിധം വലുതായത്. ചുഴികളും കുഴികളും ചുഴലിക്കാറ്റും കാർമേഘങ്ങളും സംഘർഷങ്ങളും നിറഞ്ഞതാവുമ്പോഴും, അതിൽ നൃത്തംവെക്കുന്നത് എത്രയെത്രയോ പുതിയ അനുഭവങ്ങളായിരിക്കും! എത്ര അട്ടിവെച്ചാലും അട്ടി തെറ്റുന്ന, എത്ര ഒതുക്കിയാലും ഒതുങ്ങാത്ത ഒരു വന്യതയിലാണ് വായനകളുടെ വേരുകൾ ആഴ്ന്നിരിക്കുന്നത്.
അലസതകളെ അസ്വസ്ഥപ്പെടുത്തുംവിധം അതു വിധ്വംസകമാണ്. കണക്ക് തെറ്റിച്ചുള്ള കാഴ്ചകളിലേക്കു കുതിക്കുമ്പോഴാണ് അതിന്റെ വീര്യം വർധിക്കുന്നത്. അധികാരസേവയിലും അധികാരവിരുദ്ധതയിലും മാറിമാറി സഞ്ചരിക്കുമ്പോഴും അപ്രതീക്ഷിതമായ നേരങ്ങളിൽ അതു ഗറിലയോദ്ധാക്കളെപ്പോലെ സമരസജ്ജമാകും! മീൻകൊല്ലികൾ എന്ന് അടിസ്ഥാന ജനവിഭാഗത്തെ പരിഹസിച്ചവർ, തൃശ്ശൂരിലെ മീനോളജി എന്ന ഹോട്ടലിനു മുന്നിലെത്തുമ്പോൾ ഒന്നു പകക്കും! ഇതെന്തു മഹേന്ദ്രജാലം എന്നവർ അമ്പരക്കുമ്പോൾ, അവരറിയാതെ ഒരു വായന നടന്നിരിക്കും.
കലികാലം, ഫാഷൻ, കൗതുകം, അസംബന്ധം എന്നിങ്ങനെയാവും മാറിവന്ന ആ ഹോട്ടൽ പേരിനെ അവർ മനസ്സിലാക്കുക. എത്രയോ പ്രസക്തമായ പേരാണത് എന്നു തിരിച്ചറിയണമെങ്കിൽ ചരിത്രബോധം വേണം. വായന മനസ്സിലാക്കലിന്റെ വിപുല ലോകത്തിലേക്കുള്ള ഒരു പ്രവേശനപത്രികയാണ്! മാറ്റിത്തീർക്കലും മനസ്സിലാക്കലും തമ്മിലുള്ള വൈരുധ്യാത്മബന്ധത്തെയാണത് അടയാളപ്പെടുത്തുന്നത്.
വായനയുടെ തുടർച്ചയിലാണ് സാക്ഷരത പ്രസക്തമാകുന്നത്. സാക്ഷരതയോടെ സംഭവിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള വായനകളുടെ കൂട്ടിപ്പിടിത്തമാണ്. ഭാഷയിലേക്കുള്ള കുടിയേറ്റമാണ്, കാര്യവും കളിയും കരുത്തും കാന്തിയും കീഴ്മേൽ മറിച്ചിലും പെരുക്കലും കൂട്ടലുമെല്ലാമായി, പേരിടലിൽ മുതൽ പ്രസ്താവനകളിൽവരെ കലഹിക്കുന്നത്. കൽപറ്റയിലേക്കുള്ള വഴിയിൽ കണ്ട ഒരു തട്ടുകടയുടെ പേര് ചൂരൽമല ജീവിതമാർഗം തട്ടുകട! ആ ഒരൊറ്റ പേരിൽമാത്രം അതിജീവനവായനയുടെ ഗംഭീരമായ ആവിഷ്കാരമാണ് വന്നുനിറയുന്നത്.
എത്രയെത്ര ജീവിതങ്ങളുണ്ടോ അത്രമാത്രം വായനകളുമുണ്ടാവും. ശബ്ദവായനക്കും മൗനവായനക്കുമിടയിൽ, വ്യക്തിവായനകൾക്കും സമൂഹവായനകൾക്കുമിടയിൽ, ഉപഭോഗവായനകൾക്കും ഉൽപാദനവായനകൾക്കുമിടയിൽ, അക്ഷരവായനക്കും ഇലക്േട്രാണിക് വായനക്കുമിടയിൽ, അറിയും വായനകൾക്കും അറിയാവായനകൾക്കുമിടയിൽ എത്രയെത്രയോ വായനകൾ!
വിവരശേഖരണം, വ്യാഖ്യാനം, വിമർശം, ഭക്തി എന്നിങ്ങനെ പല ആവശ്യങ്ങൾക്കായുള്ള വായനകൾ! ഇന്ദ്രിയധൈഷണിക വ്യവഹാരങ്ങളുടെ ഒത്തുചേരൽവേദിയായി മാറുമ്പോഴാണ്, ചരിത്രസന്ദർഭങ്ങളോടുള്ള സംവാദമായി വികസിക്കുമ്പോഴാണ്, വായന ചലനാത്മകമാകുന്നത്. നിശ്ചലവായനകൾ അധികാരവ്യവസ്ഥകൾക്കകത്തുള്ള സ്തംഭനങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. ജോൺ ഹോക്കിൻസ് തന്റെ കപ്പലിനു ജീസസ് എന്നു പേരുവിളിച്ചതു നിശ്ചലവായനയുടെ മാതൃകയാണ്.
2007ൽ പണ്ഡിതനും ജനായത്തവാദിയുമായ എസ്. കൊച്ചുകുഞ്ഞ് ഡോ. അശോക് ഭോയറുടെ ‘മൈ എൻകൗണ്ടർ വിത്ത് േദ്രാണാചാര്യ’ എന്ന പുസ്തകം മലയാളത്തിലേക്കു വിവർത്തനത്തിനു തിരഞ്ഞെടുത്തത് ചലനാത്മകവായനയുടെ സർഗാത്മകതയുടെ സാക്ഷ്യമായിരിക്കുമ്പോൾ; ആ പുസ്തകത്തിന്റെ തലക്കെട്ട് ഒരു ദലിത് ഡോക്ടറുടെ ആത്മകഥ എന്നാക്കിയത്, അതേ ചലനാത്മകവായനയോടു പൊരുത്തപ്പെട്ടുപോകും വിധം സർഗാത്മകമല്ല. വിവർത്തനത്തിനെടുത്ത പുസ്തകത്തോട് പൊരുത്തപ്പെടണമെങ്കിൽ പോ േദ്രാണാ എന്നോ മറ്റോ ആവേണ്ടതായിരുന്നു!
ഉള്ളടക്കമെന്നപോലെ രൂപവും ചരിത്ര നിർമിതികളാണ് എന്ന തിരിച്ചറിവിലേക്കു മിഴികൾ തുറക്കുമ്പോഴാണ്, ഉൽപാദനവായനകൾ ഉണ്ടാവുന്നത്. പൊതുവായനകൾ ഉണ്ടാവുന്നതു വിവിധതരം വായനകളുടെ കൊടുക്കൽ വാങ്ങലുകൾക്കിടയിൽ വെച്ചാണ്. കേവലമായ പൊതു ഒരു കാൽപനിക കിനാവാണ്. എന്തൊക്കെ പറഞ്ഞാലും എല്ലാവരും മനുഷ്യരല്ലേ എന്ന ചോദ്യം നിരവധി സാമൂഹികവൈരുധ്യങ്ങളെ മറച്ചുവെക്കാനുള്ള തിരശ്ശീലയായി മാറുമ്പോൾ സംഭവിക്കാനിടയുള്ളതുപോലെ.
എസ്പെരാന്റോ എന്ന കൃത്രിമഭാഷയൊഴിച്ച് ലോകത്തിൽ ഒരു ഭാഷയും പൊതു ഭാഷയല്ല. എസ്പെരാന്റോയാകട്ടെ, എല്ലാ നാമങ്ങളും ‘ഒ’യിൽ അവസാനിക്കുന്നതുപോലെ, അതിന്റെ വായനയും ഒരൊറ്റതലത്തിൽ ഒതുങ്ങും! സവിശേഷ ഭാഷകളെ പരിഗണിക്കാത്ത പൊതുഭാഷയും അതിന്റെ ഭാഗമായ വായനകളും ഗ്രാംഷി വിശദമാക്കിയതുപോലെ ചരിത്രപരമായ വിമർശനബുദ്ധിയാൽ ഇളക്കി ഫലപ്രദമാക്കപ്പെടാത്ത കാൽപനിക ചിന്തയുടെ മിഥ്യാരൂപങ്ങൾ മാത്രമാവും. അധികാരം വായനകളിലേക്ക് ഇടിച്ചുകയറുന്നതും വിമോചനാത്മക വായനകളുടെ വീര്യം ചോർത്തുന്നതും പരിഷ്കൃതം അപരിഷ്കൃതം എന്ന മിത്ത് സൃഷ്ടിക്കുന്നതും ഭാഷകൾക്കു നിശ്ചലമാംവിധത്തിലുള്ള, ഒരു അപ്പനെ ഉണ്ടാക്കുന്നതും വായനയുടെ ഒതുങ്ങൽ പ്രവണതയുടെ ഭാഗമാണ്.
ആർക്കും എവിടെവെച്ചും ആവുന്നത്ര നൈരന്തര്യം നിലനിർത്തിക്കൊണ്ടു പ്രവേശിക്കാൻ കഴിയുന്ന ഒരു പ്രക്രിയ എന്നനിലയിലാണ് വായനകൾ പ്രസക്തമാകുന്നത്. ഇവിടെ പരാമർശിച്ച ആ നൈരന്തര്യംതന്നെ എത്ര എന്നുള്ളത് ഓരോരുത്തരുടെയും പശ്ചാത്തലം, താൽപര്യം അനിവാര്യത എന്നിവയെ ആശ്രയിച്ചാവും നിലനിൽക്കുക. അതിനപ്പുറമുള്ള പ്രസക്തിയിലേക്ക് അതിനെ വലിച്ചുനീട്ടുമ്പോഴുണ്ടാകുന്ന ജനായത്തവിരുദ്ധതക്കെതിരെയുള്ള തീക്ഷ്ണമായ ആക്ഷേപഹാസ്യമാണ് പ്രശസ്ത കവി കെ.ആർ. ടോണിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ടതും എന്നാൽ പലരും സൗകര്യപൂർവം വിസ്മരിക്കുന്നതുമായ ഉൽപാദനവായനയുടെ ഉജ്ജ്വല അവതരണം.
അധ്യാത്മരാമയണമല്ലേ ജീവിതം
ഉപ്പുനോക്കാൻപോലുമാനന്ദമില്ലാത്തൊ
രിപ്പാപി കൂലിക്കു പേശുന്ന ഭാഷയ്ക്കു
മപ്പനുണ്ടെന്ന് പറയുന്ന കോവിദാ
അൽപത്തിമിത്രയ്ക്കു മൂത്താൽ ചിതം വരാ
മൊഴിഭേദമനോഹാരിതകൾ കൂടിയാണ് ഏതുഭാഷയെന്നപോലെ മലയാളവും എന്ന് മലയാള എഴുത്തുകളും വായനകളും എത്രയോ കാലമായി ദൃഢപ്പെടുത്തി കഴിഞ്ഞതാണ്. എന്നാലും ശങ്ക തീരാത്ത സംസ്കാരേശ്രഷ്ഠ നാട്യക്കാർ ഒ.വി. വിജയൻ എഴുതിയ ഈ ഒരു വാക്യം ബേജാറാവാതെ വായിച്ചാൽ, ആ വായന സലാമത്താവും! തീവണ്ടിയിൽ തനിക്ക് അനുവദിച്ച ബർത്തിൽ ഒരു ഗുജറാത്തി അടുത്തുചെന്നു നിന്നിട്ടും ഒരു പരിഗണനയും കാണിക്കാതെ നീണ്ടുനിവർന്നു കിടക്കുകയാണ്. ബർത്ത് അനുവദിച്ച് കിട്ടിയ ഒ.വി. വിജയന്റെ അപേക്ഷകളൊന്നും അയാൾ കണക്കിലെടുത്തേയില്ല. ഇതെല്ലാം കുറേ നേരമായി കണ്ടുകൊണ്ടിരിക്കുന്ന ഒരു ഏറനാടൻ കാക്ക എഴുന്നേറ്റു നടത്തിയ ഒരു ഇടപെടലിനെക്കുറിച്ചാണ് ഒ.വി. വിജയൻ പറയുന്നത്. അതിങ്ങനെ:
അപ്പോൾ അപ്രതീക്ഷിതമായ ഒരിടപെടൽ ഉണ്ടായി. അത് ഞമ്മക്കൊന്നു കാണണോല്ലോ. ഒരു സഹയാത്രികനാണ് അതുപറഞ്ഞ് എണീറ്റത്. എന്റെ കൈത്തണ്ടയിൽ ഐക്യദാർഢ്യത്തിന്റെ പ്രാചീനവലയം മുറുകുന്നതറിഞ്ഞു. ഇങ്ങള് കുത്രിക്കിൻ. അടുത്ത നിമിഷങ്ങളിൽ ഗുജറാത്തിയുടെ പെട്ടികളും ലോട്ടകളും തകിടം മറിഞ്ഞു. അന്യവത്കരണം ചെറ്റും അലട്ടിയിട്ടില്ലാത്ത മലയാളി മാപ്പിള പുഞ്ചിരിയോടെ പറയുന്നു: ജ്ജ് കളിച്ചോ കളിച്ചോ പോത്തേ, പക്കേങ്കില് കളിമ്മക്കളി ബേണ്ടാ. ഇതു ഭാരതത്തിന്റെ ഐക്യദാർഢ്യത്തിന്റെ ശബ്ദമാണ്, ദയവായി അതിനെ ചിതറിച്ചുകളയരുത്.
എന്നാൽ, സൂക്ഷ്മ ചിതറലിൽനിന്നുപോലും ചിലപ്പോൾ സ്ഥൂല ചേർന്നുനിൽപിനെക്കാൾ തീയാളും. സാമ്രാജ്യത്വ സയണിസ്റ്റ് അധിനിവേശശക്തികൾ ചാരമാക്കിയിട്ടും പൊരുതുന്ന ഫലസ്തീൻ അനുഭവങ്ങളെ സാക്ഷിയാക്കി, ഗയാസ്-അൽ മദ്ഹൂൻ എഴുതിയ ‘ഞങ്ങൾ’ എന്ന കവിതയിൽനിന്ന്:
ഞങ്ങൾ
ശ്ലഥചിത്രം കണക്കെ,
താളിലും തിരശ്ശീലയിലും
പറ്റിപ്പിടിച്ച
ചിതറിയ വിചിത്രരൂപങ്ങൾ
പാടുപെട്ടു ചേർത്തുനോക്കൂ
നേർചിത്രം തെളിയാതിരിക്കില്ല
എന്നിട്ടെന്ത്?ആർക്കുമൊന്നും ചെയ്യാനില്ലല്ലോ
(വിവ: സി. സെയ്തലവി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

