രണ്ട്
text_fieldsവര: ഫാത്തിമ സെഹ്റ സമീർ
വീതിയുള്ള ഇരുമ്പുകമ്പികൾ ഇടവിട്ട് ഉയരത്തിൽ സ്ഥാപിച്ചുകൊണ്ട് അതിർത്തി തിരിച്ചിട്ടുണ്ടെങ്കിലും കടൽ വെള്ളം പരസ്പരം കൂടിക്കലർന്ന് കലപില കൂട്ടിക്കൊണ്ടിരിക്കുന്ന ബജ കാലിഫോർണിയ അതിർത്തി തീരപ്രദേശം. വണ്ണമുള്ള കമ്പികളാൽ തീർത്ത മതിലുകൾക്കിടയിലെ വിടവിലൂടെ മറ്റൊരു ഇരുമ്പുകമ്പി ചേർത്തുവെച്ച് രണ്ടു രാജ്യങ്ങളിൽ നിന്നുകൊണ്ട് ഊഞ്ഞാലിൽ സൗഹൃദം തീർക്കുന്ന മെക്സിക്കൻ- അമേരിക്കൻ കുട്ടികൾ... ഇടക്ക് കമ്പിവേലിയുടെ അടുത്തു വന്ന് പരസ്പരം മിഠായികൾ കൈമാറുന്നുണ്ട് കുരുന്നുകൾ... കൊച്ചുവർത്തമാനങ്ങൾ പരസ്പരം കുരയിലൂടെ പ്രകടിപ്പിച്ചുകൊണ്ട് ഇരു ഭാഗങ്ങളിലായി നിലയുറപ്പിച്ച തെരുവുനായ്ക്കൾ...
പ്ലാമൂട്ടിൽ അവറാച്ചൻ മകൻ ഇട്ടിച്ചൻ തൊണ്ണൂറുകളിൽ കുടിയേറിയതാണ്. ഭാര്യ മേഴ്സിക്കുട്ടി നഴ്സ് വിസയിലെത്തി അധികം വൈകാതെ, വെട്ടിക്കൊണ്ടിരുന്ന റബർ ഇട്ടേച്ച് ഇട്ടിച്ചനും അമേരിക്കയിലേക്കു കുടിയേറി. പല ജോലികൾ ചെയ്ത് മേഴ്സിക്കുട്ടിയുടെ നിഴലായങ്ങനെ ജീവിച്ചുവരുന്നതിനിടക്കാണ് മേഴ്സിക്കുട്ടിയെ കർത്താവ് കാൻസറിന്റെ രൂപത്തിൽ നേരത്തേ വിളിച്ചത്. മക്കൾ രണ്ടുപേരും ന്യൂയോർക്കിലും വാഷിങ്ടൺ ഡി.സിയിലും കുടുംബത്തോടെ സെറ്റിലായി.
നാട്ടിലോട്ട് തിരിച്ചുപോവണമെന്ന് ചിന്തിക്കാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും അമ്മച്ചിയും ചാച്ചനുമൊന്നുമില്ലാത്ത നാട്ടിൽ പോയാലുള്ള ഒറ്റപ്പെടലോർത്താണ് ഈ അതിർത്തിപ്രദേശത്തൊരു ചെറിയ സൂപ്പർ മാർക്കറ്റുമായങ്ങു കൂടുന്നത്... ദിവസവും കാണുന്ന കാഴ്ചകൾ വേർപാടിന്റെയും വിടപറയലിന്റെയുമാകുന്നതിൽ അസ്വസ്ഥനാണ് ഇട്ടിച്ചൻ. പുതിയ നിയമം വേർപെടുത്തിയത് പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ്... മക്കൾ മെക്സികോയിലും മാതാപിതാക്കൾ അമേരിക്കയിലുമായി വേർപെട്ടവർ... വേർപെടലിന്റെ മൊത്തവിതരണ തുരുത്തിലാണ് ഇട്ടിച്ചന്റെ കട...
ഉറ്റവരെയും ഉടയവരെയും ഒരുനോക്കു കാണാനും ഒന്ന് കൈപിടിച്ചൊരു വർത്തമാനം പറയാനുമാണ് വേലിതിരിച്ച രാജ്യാതിർത്തികൾക്കിരുവശവും കുടുംബങ്ങൾ കൂട്ടംകൂടി നിൽക്കുന്നത്. കടയിലെ രാവിലത്തെ തിരക്ക് കഴിഞ്ഞു വിശ്രമിക്കുന്ന ഇട്ടിച്ചൻ പതിവുപോലെ നാട്ടിലെ ചിന്തകളിലേക്ക് പതുക്കെ ഊളിയിട്ടു... ഡിസംബർ മാസത്തെ തണുപ്പിൽ വെളുപ്പിന് റബർ വെട്ടാൻ പോയതും... കറന്ന പാൽ സൊസൈറ്റിയിൽ കൊടുക്കാൻ സൈക്കിൾ ചവിട്ടി കിലോമീറ്ററുകൾ താണ്ടിയതും... വഴിയിൽവെച്ച് കോളജിൽ പോവുന്ന മേഴ്സിക്കുട്ടിയെ കണ്ടതും പരിചയപ്പെട്ടതും അവസാനം കല്യാണത്തിന് മേഴ്സിയുടെ അപ്പന്റെ സമ്മതം കിട്ടാൻ പാടുപെട്ടതുമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ ഇട്ടിച്ചന്റെ മനസ്സിൽ തെളിഞ്ഞു...
മേഴ്സി പോയതിൽപിന്നെ ഇതൊക്കെ ഇട്ടേച്ച് നാട്ടിലേക്കു പോയാലോയെന്ന് പലതവണ ആലോചിച്ചതാണ്. പക്ഷേ, മക്കൾക്കൊരു താൽപര്യവുമില്ല നാട്ടിലേക്കു മടങ്ങാൻ. താൻ ഒറ്റക്ക് പോയിട്ടെന്തു ചെയ്യാനാണെന്ന ആധിയിൽ നാളുകൾ തള്ളിനീക്കുകയാണ് ഇട്ടിച്ചൻ. അവസാന കാലത്ത് കൂടെനിക്കാനോ ശുശ്രൂഷിക്കാനോ പറ്റാതെ അമ്മച്ചിയും പോയി. ചാച്ചൻ വർഷങ്ങൾക്കു മുന്നേ പോയി. കൂടപ്പിറപ്പായി ആകെയുള്ള അനിയനുമായോ പെങ്ങളുമായോ അത്ര സുഖത്തിലുമല്ല... സ്വത്ത് വീതംവെച്ചപ്പോൾ വരുമാനം ഡോളറിലായതു കൊണ്ട് വിട്ടുവീഴ്ച ചെയ്യാനാവശ്യപ്പെട്ട അമ്മാവനോട് പറ്റില്ലെന്ന് ഇട്ടിച്ചൻ തീർത്തുപറഞ്ഞു... അങ്ങനെ അമ്മാവനും അനിയനും പെങ്ങളും അവരുടെ കുടുംബവുമൊന്നും ഇട്ടിച്ചനോട് മിണ്ടാതായി... അതൊക്കെ എടുത്തുചാട്ടമായിപ്പോയെന്ന് ഇട്ടിച്ചന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്... എന്തു ചെയ്യാൻ... വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ലല്ലോ... പിന്നെ ഉണ്ടായിരുന്ന റബറും ഏലവുമൊക്കെ ഇവിടെ വീട് വെക്കാനുള്ള ആവശ്യത്തിനായി മലബാറിലെ ഒരാൾക്ക് വിൽക്കുകയും ചെയ്തു.
കാഴ്ചയിൽ ദൃഢഗാത്രനായ യുവാവ് പ്ലാസ്റ്റിക് സെക്ഷനിൽ കുറെ നേരമായിട്ടെന്തോ തിരയുന്നത് ഇട്ടിച്ചൻ കൗണ്ടറിലെ സി.സി ടി.വിയിൽ കാണുന്നുണ്ടായിരുന്നു. അയാളെ ഇതിന് മുമ്പിവിടെ കണ്ടിട്ടില്ല... ഇതുപോലെ എത്രയോ പേർ ഈ അതിർത്തി ഗ്രാമങ്ങളിൽ അടുത്തിടെയായി താമസമാക്കിയവരായുണ്ട്... പുതിയ നിയമം കാരണം ഉറ്റവരെയും ഉടയവരെയും അപ്രതീക്ഷിതമായി വേർപെടേണ്ടിവന്നവരിൽ ചിലർ കണ്ടെത്തിയ മാർഗമാണ് താമസം അതിർത്തിപ്രദേശത്തേക്ക് മാറ്റുകയെന്നത്. പരസ്പരം കാണാനും സംസാരിക്കാനുമെങ്കിലും സാധിക്കുമല്ലോ...
കുറെ നേരം പ്ലാസ്റ്റിക് സെക്ഷനിൽ എന്തോ തിരഞ്ഞു കൊണ്ടിരുന്ന, കാഴ്ചയിൽ ആഫ്രിക്കനെന്നു തോന്നിക്കുന്ന യുവാവിന്റെ അടുത്ത് സംശയത്തോടെ ഇട്ടിച്ചൻ ചോദിച്ചു: ‘വാട്ട് ആർ യു സെർച്ചിങ് ഫോർ?’’
‘‘ഐ നീഡ് എ കപ്പിൾ ഓഫ് തിൻ വാട്ടർ ബോട്ടിൽസ്... ദി വൺസ് ഐ ഫൗണ്ട് ആർ നോട്ട് തിൻ ഇനഫ്.’’
ഇട്ടിച്ചൻ അവനെയുംകൂട്ടി പ്ലാസ്റ്റിക് സെക്ഷനിൽ പോയി റാക്കിന്റെ പിന്നിൽ ഒതുക്കിവെച്ച ബോട്ടിൽ എടുത്തുകൊടുത്തു... കട തുടങ്ങിയപ്പോൾ കൊണ്ടുവെച്ച സ്റ്റോക്കാണ്... ആരും വാങ്ങാതായപ്പോൾ എടുത്ത് ഡെഡ്സ്റ്റോക്കിൽ കൂട്ടിയിട്ടതാണ്... ഏതായാലും ബോട്ടിൽ ഒന്നുകൂടി വേണമെന്ന് പറഞ്ഞ് രണ്ടെണ്ണം വാങ്ങി കാശും തന്ന് നന്ദി പറഞ്ഞ് അയാളിറങ്ങി...
ഇട്ടിച്ചൻ വീണ്ടും നാട്ടിലേക്കു ‘പോയി’... നാട്ടിലെ പച്ചപ്പും കുളക്കരയും അങ്ങാടിയിലെ കലുങ്കും ബസ് സ്റ്റോപ്പുമൊക്കെ ചിന്തയിൽ കയറിയിറങ്ങിക്കൊണ്ടിരുന്നു... വരുന്ന കസ്റ്റമേഴ്സിന് ബിൽ കൊടുത്ത് കാഷ് വാങ്ങുന്നതും ബാക്കി കൊടുക്കുന്നതുമൊക്കെ യാന്ത്രികമായങ്ങനെ നടന്നുകൊണ്ടിരുന്നു... ഇടക്ക് മൊബൈലിൽ നാട്ടിലെ വാർത്തകൾ കേട്ടുകൊണ്ടിരുന്ന ഇട്ടിച്ചന് നാടിന്റെ ഇന്നത്തെ അവസ്ഥയോർത്ത് വേദന തോന്നി. അന്യമത വിദ്വേഷവും വർഗീയതയും പരത്തുന്ന വാർത്തകൾ നിറയുന്ന സോഷ്യൽ മീഡിയ.
സമയം ഉച്ചയായിരിക്കുന്നു, നേരത്തേ വാങ്ങിയ കുപ്പികളും പിടിച്ചാണ് അയാളുടെ വരവ്. വന്ന ഉടനെ, ‘‘ഐ ആം സോറി, ദിസ് ഡസ് നോട്ട് ഗോ ഇൻ’’ എന്നു പറഞ്ഞപ്പോൾ ഇട്ടിച്ചനൊന്നു സംശയിച്ചു... എന്തിന്റെ ഉള്ളിൽ പോവില്ലെന്നാണ് ഈ പറയുന്നത്? ഇട്ടിച്ചന്റെ ‘ഇടിവെട്ടിയ’ നിൽപ് കണ്ട അയാൾ കാര്യം വിശദീകരിച്ചു.
മുലകുടി പ്രായത്തിലുള്ള കുട്ടിയെയുംകൊണ്ട് അതിർത്തിക്കിപ്പുറത്ത് ഒറ്റപ്പെട്ടുപോയ യുവാവാണ് അയാൾ. അതിർത്തിക്കപ്പുറത്തുള്ള മെക്സിക്കൻ സ്വദേശിയായ ഭാര്യക്ക് കൈമാറുന്നതിനുവേണ്ടിയായിരുന്നു ഈ കുപ്പികൾ വാങ്ങിയത്... പുതിയ അഭയാർഥി നിയമം കാരണം വേർപെട്ടുപോയ ദമ്പതികളാണവർ. അമ്മ കുട്ടിക്കുള്ള മുലപ്പാൽ ഒരു കുപ്പിയിലാക്കി രാവിലെ അതിർത്തിയിലെത്തും.
അതിർത്തി തിരിച്ച വലിയ കമ്പികൾക്കിടയിലെ നേർത്ത പഴുതിലൂടെ കുപ്പി ഭർത്താവിന് കൈമാറും. വൈകീട്ടു വരുമ്പോൾ ഒഴിഞ്ഞ കുപ്പി തിരിച്ചുനൽകി പുതിയ മുലപ്പാൽ നിറച്ച കുപ്പി വാങ്ങണം... അതുകൊണ്ടാണ് രണ്ടു കുപ്പികൾ വാങ്ങിയത്... പക്ഷേ, കമ്പികളുടെ ഇടുങ്ങിയ വിടവിലൂടെ കുപ്പികൾ കൈമാറാൻ സാധിക്കുന്നില്ല... ഇനിയെന്ത് ചെയ്യും? യുവാവ് കൈമലർത്തി നിരാശനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

