രമണകാവ്യം
text_fieldsചിത്രം: ബൈജു കൊടുവള്ളി
ഗബാധിതനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയെ സന്ദർശിച്ചതിനെക്കുറിച്ച് എം.എൻ. വിജയൻ ഇങ്ങനെ എഴുതുന്നു: ‘‘ആഹ്ലാദത്തിന്റെ കുമിളകള്‍ അദ്ദേഹത്തില്‍ പതഞ്ഞുയരുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ വാക്കുകളില്‍ എനിക്ക് പിടികിട്ടാത്തൊരു ലയമുണ്ടായിരുന്നു. സ്വപ്നവും യാഥാര്‍ഥ്യവും അവയില്‍ ഇടകലര്‍ന്നു. അത്ഭുതങ്ങളുടെ നേര്‍ത്ത വീണക്കമ്പികള്‍ പൊട്ടിവീണു. പക്ഷേ, ഞാനൊരു ചോദ്യവും ഉന്നയിച്ചില്ല. എനിക്ക് സംശയങ്ങളില്ലായിരുന്നു. മാന്ത്രിക സ്പര്‍ശമുള്ള ആ വാക്കുകളില്‍ ഞാന്‍ മുഗ്ധനായി’’.
ചങ്ങമ്പുഴ എങ്ങനെ കാലങ്ങളിലേക്ക് പടരുന്ന അനുഭവമാകുന്നു എന്ന് വിജയൻ മാഷിന്റെ ഈ നിരീക്ഷണത്തിലുണ്ട്. കാൽപനികതയിൽ കൊരുത്ത വിഷാദഭരിതവും പ്രണയാർദ്രവുമായ ഭാവങ്ങളാണ് 36 വർഷം മാത്രം നീണ്ട ആ ജീവിതത്തെ പൊതിഞ്ഞുനിന്നത്. ഒരായുസ്സിൽ എഴുതേണ്ടതത്രയും ഒരു കുഞ്ഞുകാലത്തെ ജീവിതത്തിൽനിന്ന് ഉറവെടുത്തു. ലാളിത്യം കൊണ്ട് സാഹിത്യത്തെ ജനകീയവത്കരിച്ച, അനുഭവങ്ങളെയും കാഴ്ചകളെയും കവിതയുടെ മഴവിൽവർണത്തിൽ ചാലിച്ച മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴ വിടപറഞ്ഞിട്ട് 78 വർഷം തികയുന്നു. മഹാകവീ മടങ്ങിവരൂ, കാലമിവിടെ കാതോർത്തു നിൽക്കുന്നു എന്ന് കടന്നുപോകുന്ന ഓരോ തലമുറയും മന്ത്രിക്കുന്നുണ്ട്.
ചങ്ങമ്പുഴയുടെ നാല് മക്കളിൽ ജീവിച്ചിരിക്കുന്നത് ഇളയ മകൾ ലളിത ചങ്ങമ്പുഴ മാത്രം. അച്ഛൻ മരിക്കുമ്പോൾ ലളിതക്ക് 11 മാസമാണ് പ്രായം. വായിച്ചറിഞ്ഞതും, അമ്മയും അടുത്ത ബന്ധുക്കളും പറഞ്ഞുകേട്ടതും ചേർത്ത് മനസ്സിൽ വരച്ച ചിത്രമാണ് ലളിതക്ക് അച്ഛൻ. നാട് ആരാധിക്കുന്ന കവിയായി വളർന്നപ്പോഴും വൃത്തവും താളവുമില്ലാതെ ചിതറിപ്പോകുകയും ഒടുവിൽ അകാലത്തിൽ ചുമച്ചെത്തിയ ക്ഷയരോഗം ഊതിക്കെടുത്തുകയും ചെയ്ത അച്ഛന്റെ ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോൾ ലളിതയുടെ വാക്കുകൾ ഇടക്ക് കണ്ണീരിൽ നനയും, ദീർഘ നിശ്വാസത്താലും മൗനത്താലും മുറിയും. എറണാകുളം പുതുക്കലവട്ടത്തെ വീട്ടിലിരുന്ന് 79കാരിയായ ലളിത അച്ഛൻ നടന്നുതീർത്ത വഴികളിലൂടെ ഒരിക്കൽ കൂടി ഓർമകൾക്കൊപ്പം സഞ്ചരിച്ചു...
ഓർമയിൽ ഒരു ‘ബാഷ്പാഞ്ജലി’....
അമ്മയും അമ്മാവന്മാരും മറ്റ് ബന്ധുക്കളും പറഞ്ഞുകേട്ട അച്ഛൻ പുഞ്ചിരിക്കുന്ന ചിത്രമായി ലളിതയുടെ മനസ്സിലുണ്ട്. ഇടപ്പള്ളിയിൽ ഇപ്പോൾ ചങ്ങമ്പുഴ സമാധി സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തായിരുന്നു ചങ്ങമ്പുഴ തറവാട്. ഇടപ്പള്ളി കൊട്ടാരമാണ് തറവാടിന് സ്ഥലം കൊടുത്തത്. കൊട്ടാരത്തിലെ അമ്മ തമ്പുരാട്ടിയാണ് ‘ചങ്ങമ്പുഴ തറവാട്’ എന്ന് പേരിട്ടത്. ചങ്ങമ്പുഴയുടെ അമ്മാവൻ ഇടപ്പള്ളി കൊട്ടാരത്തിലെ കാര്യസ്ഥനായിരുന്നു. തറവാട്ടിലെ പെണ്ണുങ്ങളും ആണുങ്ങളും കൊട്ടാരത്തിലാണ് ജോലി ചെയ്തിരുന്നത്. ശമ്പളമില്ല, ഭക്ഷണവും വിശേഷ ദിവസങ്ങളിൽ വസ്ത്രവും കിട്ടും. പണം സമ്പാദിക്കണം, മിച്ചം വെക്കണം എന്ന ചിന്തയൊന്നും ആർക്കുമില്ല. അതുകൊണ്ടുതന്നെ വീട്ടിൽ ദാരിദ്ര്യമായിരുന്നു. കൊട്ടാരത്തിലെ തമ്പുരാന്റെ മകൻ ഗോദവർമയാണ് ചങ്ങമ്പുഴയെ കവിയാക്കിയത്. ചങ്ങമ്പുഴയുടെ അച്ഛൻ തെക്കേടത്ത് വീട്ടിൽ നാരായണ മേനോൻ ജ്യോത്സ്യനായിരുന്നു. ഗുമസ്ത പണിയുമുണ്ടായിരുന്നു. ചിറ്റയാണ് (മാതൃ സഹോദരി) ചങ്ങമ്പുഴക്ക് പഠിക്കാൻ പണം നൽകിയിരുന്നത്. ഇടക്ക് മുത്തച്ഛനും ചിറ്റയും തമ്മിൽ പിണങ്ങി. അതോടെ, സഹായവും നിലച്ചു. ഇതിനിടെ മുത്തച്ഛൻ മരിച്ചു. ബന്ധുക്കൾ നിർബന്ധിച്ചപ്പോൾ ചിറ്റ വീണ്ടും പണം നൽകിത്തുടങ്ങി. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളജിലും തിരുവനന്തപുരം ആർട്സ് കോളജിലുമായിരുന്നു പഠനം. പഠനകാലത്തുതന്നെ അത്യാവശ്യം കവിതകളെഴുതിയിരുന്നു ചങ്ങമ്പുഴ. കോളജിൽ സ്വന്തം കവിത പഠിക്കാനുള്ള അപൂർവ ഭാഗ്യവുമുണ്ടായി. പാഠപുസ്തകത്തിൽ കവിയുടെ പേര് ചങ്ങമ്പുഴ എന്നായിരുന്നു. അത് താനാണെന്ന് അദ്ദേഹം ഒരിക്കലും ആരോടും പറഞ്ഞില്ല. പക്ഷേ, മലയാളം അധ്യാപകന് അറിയാമായിരുന്നു. ഒരിക്കൽ അധ്യാപകൻ ക്ലാസിലെ എല്ലാവരോടുമായി ചോദിച്ചു: ‘നിങ്ങളാരെങ്കിലും ചങ്ങമ്പുഴയെ അറിയുമോ?’. ഒരാൾ പറഞ്ഞു, ‘ഇടപ്പള്ളിക്കാരനാണ്’. എന്നാൽ താൻ പരിചയപ്പെടുത്താമെന്ന് പറഞ്ഞ അധ്യാപകൻ ‘കൃഷ്ണപിള്ള എഴുന്നേൽക്കൂ’ എന്നാവശ്യപ്പെട്ടു. ഇതാണോ ചങ്ങമ്പുഴ! വിദ്യാർഥികൾ അമ്പരപ്പോടെ പരസ്പരം നോക്കി.
‘മനസ്വിനി’ മാപ്പ്...
1940ൽ ചങ്ങമ്പുഴ കോളജിൽ പഠിക്കുന്ന കാലത്താണ് ശ്രീദേവിയെ വിവാഹം കഴിച്ചത്. അപ്പോഴേക്കും അദ്ദേഹം അറിയപ്പെടുന്ന കവിയായിരുന്നു. ശ്രീദേവിയുടെ അച്ഛൻ രാമൻകുട്ടി മേനോൻ ഡ്രോയിങ് അധ്യാപകനായിരുന്നു. ചങ്ങമ്പുഴ ഒന്നാംതരത്തിൽ ചേർന്നത് അദ്ദേഹത്തിന്റെ ക്ലാസിലാണ്. കുട്ടികളെ ശിക്ഷിക്കുന്ന അധ്യാപകനാണെന്ന് പറഞ്ഞുകേട്ട് പേടിച്ചരണ്ട് കരഞ്ഞാണ് കൃഷ്ണപിള്ള ആദ്യ ക്ലാസിൽ എത്തിയതെന്ന് മുത്തച്ഛൻ പറഞ്ഞ് ലളിത കേട്ടിട്ടുണ്ട്. എന്നാൽ, കൊച്ചു കൃഷ്ണപിള്ളയെ മേശപ്പുറത്ത് എടുത്തിരുത്തി രാമൻകുട്ടി മേനോൻ മിഠായി കൊടുത്തു. അതോടെ പേടിയെല്ലാം മാറി. കോളജ് വിദ്യാഭ്യാസ കാലത്ത് ചങ്ങമ്പുഴക്ക് വിവാഹം ആലോചിക്കുന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു ‘എന്റെ അമ്മിണിയെ (ശ്രീദേവിയെ വീട്ടിൽ വിളിച്ചിരുന്ന പേര്) ആലോചിക്കട്ടെ’ എന്ന്. കൃഷ്ണപിള്ളയെ അദ്ദേഹത്തിന് അത്രക്കും ഇഷ്ടമായിരുന്നു. സാറിന് ഇഷ്ടമാണെങ്കിൽ വിവാഹം കഴിക്കാമെന്നായിരുന്നു മറുപടി. പക്ഷേ, ശ്രീദേവിക്ക് താൽപര്യമുണ്ടായില്ല. അച്ചടക്കത്തോടെ വളർന്ന അവൾക്ക് കവിയുടെ കാൽപനിക ജീവിതം എന്തുകൊണ്ടോ അത്ര പിടിച്ചില്ല. ചങ്ങമ്പുഴക്ക് ജീവിതം തന്നെ കവിതയായിരുന്നു. അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ. കൃഷ്ണപിള്ളയെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് കേട്ടല്ലോ എന്ന് കുളക്കടവിൽ വെച്ച് വിശേഷം തിരക്കിയ കൂട്ടുകാരിയോട്, ഞാനെങ്ങും അയാളോടൊപ്പം പോകില്ലെന്നാണ് ശ്രീദേവി പറഞ്ഞത്. പക്ഷേ, അച്ഛന്റെ വാക്ക് ധിക്കരിക്കാനായില്ല. വിവാഹം നടന്നു. ആകുലതകളും ദാരിദ്ര്യവും പ്രാരബ്ധങ്ങളും ആ ജീവിതത്തെ വിട്ടൊഴിഞ്ഞിരുന്നില്ല. എല്ലാം സഹിക്കാൻ പഠിച്ചിരുന്നു ശ്രീദേവി. ഇതിനിടെ, യുദ്ധസേവനത്തിനായി കൃഷ്ണപിള്ള മദ്രാസിലേക്ക് പോയി. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചായിരുന്നു യാത്ര. ശ്രീദേവി തളർന്നില്ല. കണ്ണീരും സങ്കടങ്ങളും മറച്ചുപിടിച്ച് നാല് മക്കളുമായി ജീവിതത്തോട് പൊരുതി. അച്ചടക്കമില്ലാത്ത ജീവിതം ചില പ്രശ്നങ്ങളിലേക്ക് വഴുതിമാറിയപ്പോൾ കൃഷ്ണപിള്ളക്ക് അവിടെ തുടരാനാവാത്ത അവസ്ഥ വന്നു. ശ്രീദേവിയുടെ അച്ഛൻ ചെന്ന് കൂട്ടിക്കൊണ്ടുവരുകയായിരുന്നു. മാപ്പുപറഞ്ഞ് മടങ്ങിവന്ന കൃഷ്ണപിള്ളയോട് എല്ലാം പൊറുക്കാൻ ശ്രീദേവിയും മടി കാണിച്ചില്ല. നാട്ടിൽ തിരിച്ചെത്തിയ ശേഷം എഴുത്തിൽ കൂടുതൽ സജീവമായി. തിരക്കുകൾ വർധിച്ചു. മിക്ക ദിവസങ്ങളിലും സൗഹൃദ സദസ്സുകളും യോഗങ്ങളും. രാത്രി തിരിച്ചെത്തുമ്പോൾ കുട്ടികൾ ഉറങ്ങിയിട്ടുണ്ടാകും.
എട്ടുവർഷം നീണ്ട ദാമ്പത്യ ജീവിതം. അതിൽ രണ്ട് വർഷം തമ്മിൽതല്ലിയും കലഹിച്ചും കഴിഞ്ഞുപോയെന്ന് ലളിത പറയുന്നു. എങ്കിലും ശ്രീദേവിയെ കൃഷ്ണപിള്ളക്ക് ഇഷ്ടമായിരുന്നു. ഒരുപാട് കവിതകളിൽ അവർ കടന്നുവരുന്നുണ്ട്. ‘മനസ്വിനി’ എന്ന കവിതയിൽ
‘‘മഞ്ഞത്തെച്ചി പൂങ്കുല പോലെ മഞ്ജിമ വിടരും പുലര്‍കാലേ,
നിന്നൂ ലളിതേ, നീയെൻ മുന്നില്‍ നിര്‍വൃതി തന് പൊന്‍കതിര്‍പോലെ’’
എന്നൊക്കെ എഴുതിയത് ശ്രീദേവിയെ മനസ്സിൽ കണ്ടാണ്. ചില കവിതകൾ എഴുതുമ്പോൾ ഭാര്യയോട് അഭിപ്രായം ചോദിക്കും. ‘മംഗളോദയം’ മാസികയിൽ ജോലി ചെയ്യുമ്പോൾ തൃശൂരിലായിരുന്നു താമസം. അതൊക്കെ സന്തോഷത്തിന്റ ദിനങ്ങളായിരുന്നു.
വേദനയിൽ പിറന്ന ‘രമണൻ’...
ഇടപ്പള്ളി രാഘവൻപിള്ള ആദ്യകാലത്ത് ചങ്ങമ്പുഴയുടെ കൂട്ടുകാരനായിരുന്നില്ല. എന്നു മാത്രമല്ല, ഇരുവർക്കുമിടയിൽ അൽപം ശത്രുതയുമുണ്ടായിരുന്നു. ചങ്ങമ്പുഴ എഴുതുന്ന കവിതകൾക്കെല്ലാം പാരഡി എഴുതി പരിഹസരിക്കലായിരുന്നു ഇടപ്പള്ളിയുടെ ജോലി. ഇതാണ് ഇഷ്ടക്കുറവിന് കാരണം. പിന്നീടാണ് ഇരുവരും വലിയ കൂട്ടുകാരായത്. സാഹിത്യ സംബന്ധിയായ തർക്കങ്ങളിലും സംവാദങ്ങളിലും അവർ ഒരേ പക്ഷത്തായിരുന്നു. ഏറെ വൈകാരികമായിരുന്നു അവർക്കിടയിലെ മാനസിക അടുപ്പം. ഇടപ്പള്ളി പ്രണയ നൈരാശ്യത്താൽ ജീവനൊടുക്കിയപ്പോൾ ആ മരണം സൃഷ്ടിച്ച വേദനയിൽ നിന്നാണ് ‘തകർന്ന മുരളി’ എന്ന ലഘു വിലാപകാവ്യം ചങ്ങമ്പുഴ എഴുതിയത്. വിശാലവും വിഷാദാത്മകവുമായ പശ്ചാത്തലത്തിൽ അതിന് കാവ്യാവിഷ്കാരം വേണമെന്ന ചിന്തയിൽ പിറന്നതാണ് മലയാള സാഹിത്യത്തിലെ എക്കാലത്തെയും മാസ്റ്റർ പീസായി മാറിയ ‘രമണൻ’ എന്ന പ്രണയകാവ്യം. തന്റെ മനസ്സിനെ ഉലച്ച ഇടപ്പള്ളിയുടെ അനാഥ ജീവിതവും അകാല മരണവും രമണൻ എന്ന ദുരന്തനായകനിലേക്ക് വികാര തീവ്രമായ കാൽപനിക ചാരുതയോടെ പകർത്തുകയായിരുന്നു ചങ്ങമ്പുഴ.
ജീവിതം ‘നീറുന്ന തീച്ചൂള’...
പെട്ടെന്നാണ് ചങ്ങമ്പുഴക്ക് രോഗം പിടിപെട്ടത്. മകര മാസത്തിലെ തൈപ്പൂയത്തിന് അടുത്തുള്ള ക്ഷേത്രത്തിൽ കാവടി കാണാൻ പോയി തിരിച്ചുവന്നതാണ്. നേരം പുലർന്നപ്പോൾ കലശലായ ചുമ തുടങ്ങി. ക്ഷയരോഗങ്ങളിൽ ഏറ്റവും കടുത്തതായിരുന്നു അത്. വാതത്തിന്റെ ഉപദ്രവവും ഉണ്ടായിരുന്നു. മരുന്ന് കഴിച്ചെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും ചുമ മാറിയില്ല. അന്ന് ലളിതക്ക് ആറുമാസം പ്രായം. ഇടപ്പള്ളിയിലെ വീട്ടുമുറ്റത്ത് വേറൊരു കുടിൽ കെട്ടി അച്ഛൻ താമസം തുടങ്ങി. കുട്ടികളുമായി സമ്പർക്കം ഒഴിവാക്കാനാണ് താമസം മാറിയത്. ഇടക്ക് ലളിതയെ കാണണമെന്നുപറഞ്ഞ് അച്ഛൻ വാശിപിടിക്കും. അമ്മ കുടിലിന്റെ കിളിവാതിലിലൂടെ കുഞ്ഞിനെ ഉയർത്തിപ്പിടിക്കും. ആ കാഴ്ചയിൽ അച്ഛനും മകളും ചിരിക്കും. നെടുവീർപ്പിട്ട് കണ്ണുതുടച്ച് ശ്രീദേവി അത് കണ്ടുനിന്നു. കുറച്ച് മാസങ്ങൾ അങ്ങനെ കഴിഞ്ഞു. ആരോഗ്യം ക്ഷയിക്കുമ്പോഴും ജീവിതശൈലിയിൽ മാറ്റമുണ്ടായിരുന്നില്ല. രോഗക്കിടക്കയിൽ പോലും മദ്യപിച്ചു. രോഗം മൂർച്ഛിച്ചതോടെ നാട്ടിലെ ഡോക്ടറുടെ നിർദേശപ്രകാരം തൃശൂർ മംഗളോദയം നഴ്സിങ് ഹോമിലേക്ക് മാറ്റി. അനുജൻ പ്രഭാകരപ്പണിക്കരാണ് ഒപ്പമുണ്ടായിരുന്നത്. 1948 ജൂൺ 17ന് വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലേക്ക് പോകാൻ തീരുമാനിച്ചു. മുണ്ടും ജുബ്ബയും കണ്ണടയും ധരിച്ച് ചങ്ങമ്പുഴ ഒരുങ്ങിയിറങ്ങി. വാതിൽപടി വരെ പോയശേഷം ഒന്ന് കിടക്കട്ടെ എന്നുപറഞ്ഞ് തിരിഞ്ഞുനടന്നു. അനുജന് പകർന്നുകൊടുത്ത വെള്ളം അൽപം ഇറക്കി. പിന്നെ ഉണർന്നില്ല. മെല്ലെ കണ്ണടച്ച് മരണത്തിനൊപ്പം കവി യാത്രയായി. രാത്രി ദു:സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് മകനെ കാണാൻ പുലർച്ചെ ഇടപ്പള്ളിയിൽ നിന്ന് പുറപ്പെട്ട അമ്മ പാറുക്കുട്ടിയമ്മ അപ്പോഴേക്കും ആശുപത്രി പടി വരെ എത്തിയിരുന്നു. പക്ഷേ, അമ്മയുടെ ‘കൊച്ചുകുട്ട’നെ ജീവനോടെ കാണാനായില്ല. ആ സങ്കടം അവർ മരിക്കുന്നതുവരെ പറയുമായിരുന്നു. ചങ്ങമ്പുഴയുടെ ജാതകമെഴുതിയത് അദ്ദേഹത്തിന്റെ അച്ഛനാണ്. അതിൽ ആയുസ്സിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. ‘മരിച്ചാലും ഒരു ധ്രുവനക്ഷത്രം പോലെ ആകാശത്ത് മിന്നിത്തിളങ്ങും’ എന്നുമാത്രം കുറിച്ചു. കാലം അതിന് സാക്ഷിയായി.
ജീവിതം ധൂർത്തടിച്ചതിൽ അവസാന കാലത്ത് ചങ്ങമ്പുഴക്ക് തീരാത്ത കുറ്റബോധമുണ്ടായിരുന്നു. ജീവിക്കാൻ മറന്നുപോയതിന്റെ നഷ്ടബോധവും വേദനയും തന്നെ കാണാനെത്തിയ ചിലരോടൊക്കെ അദ്ദേഹം തുറന്നുപറഞ്ഞു. ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പകച്ചുപോയ ശ്രീദേവി വൈകാതെ ജീവിത യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെട്ടു. കവിയുടെ പുസ്തകങ്ങളുടെ റോയൽറ്റിയായിരുന്നു പ്രധാന വരുമാനം. ഓരോ മാസവും മംഗളോദയത്തിൽനിന്ന് അയച്ചുകിട്ടിയ 200 രൂപ അന്ന് വലിയ തുകയായിരുന്നു. മക്കളെ നന്നായി വളർത്തി. മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകി. ചങ്ങമ്പുഴയുടെ ജീവിതത്തിലെ താളപ്പിഴകൾ അടുത്തുനിന്ന് കണ്ടതുകൊണ്ടാകാം ശ്രീദേവിക്ക് കവികളെ ഒട്ടും ഇഷ്ടമായിരുന്നില്ല. മകൾ അജിതക്ക് വിവാഹാലോചന വന്നപ്പോൾ കൂലിപ്പണിക്കാരന് കൊടുത്താലും സാഹിത്യകാരനെ കൊണ്ട് കെട്ടിക്കില്ലെന്നായിരുന്നു അവരുടെ വാശി. സ്വന്തം അനുഭവങ്ങളാണ് അമ്മയെക്കൊണ്ട് അങ്ങനെ പറയിച്ചതെന്ന് ലളിത. 2002ലാണ് ശ്രീദേവി മരിച്ചത്. അക്കാലമത്രയും ലളിതയോടൊപ്പമായിരുന്നു.
മരണം ‘നിഴലുകൾ’ പോലെ..
36ാം വയസ്സിൽ ഭൂമി വിട്ടുപോയ കൃഷ്ണപിള്ളയുടെ ചങ്ങമ്പുഴ തറവാടിനെ അകാല മരണങ്ങൾ ഭീതിപ്പെടുത്തുംവിധം നിഴൽപോലെ പിന്തുടരുകയായിരുന്നോ?. ലളിതക്ക് ഞെട്ടലോടെ മാത്രമേ അതെല്ലാം ഓർക്കാനാകൂ. എല്ലാ പ്രതിസന്ധികളിലും പിടിച്ചുനിന്ന അമ്മയെയും ആ മരണങ്ങൾ തളർത്തി. ലളിതയുടെ നേരെ മൂത്തയാൾ ജയദേവൻ ഒന്നര വയസ്സുള്ളപ്പോൾ രോഗം വന്ന് മരിച്ചിരുന്നു. അത് കഴിഞ്ഞാണ് ചങ്ങമ്പുഴയുടെ മരണം. ചേച്ചി അജിതയുടെ മകൻ മധു 17ാം വയസ്സിൽ തൂങ്ങിമരിച്ചു. പഠനത്തിൽ മിടുക്കനായിരുന്ന അവൻ ഇടക്കിടെ ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നു. ബ്ലേഡ് സംഘത്തിന്റെ ചതിയിൽപ്പെട്ട് മക്കളായ സുധീർ, മായ എന്നിവർക്കൊപ്പം അജിതയും പിന്നീട് വിഷം കഴിച്ച് മരിച്ചു. ഈ സമയം പുറത്തുപോയിരുന്ന ചേച്ചിയുടെ ഭർത്താവ് സുകുമാരമേനോനും വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ആ കാഴ്ച കണ്ട് ജീവനൊടുക്കി. മൂത്ത ഏട്ടൻ ശ്രീകുമാറും ലളിതയുടെ ഭർത്താവ് സദാശിവനും വാഹനാപകടത്തിൽ മരിക്കുകയായിരുന്നു. ‘മക്കൾക്കും മരുമക്കൾക്കും ആയുസ്സെത്താതെ അപകടമരണം സംഭവിക്കുമെന്ന് അമ്മയുടെ ജാതകത്തിൽ ഉണ്ടായിരുന്നു’ എന്നാണ് ഇതേക്കുറിച്ച് ഒരു നെടുവീർപ്പോടെ ലളിത പറയുന്നത്.
എഴുത്തിന്റെ ‘തളിർത്തൊത്തുകൾ’
ഏട്ടൻ ശ്രീകുമാർ എഴുതുമായിരുന്നു. മക്കൾ സാഹിത്യത്തിലേക്ക് പോകുന്നത് ശ്രീദേവി ഇഷ്ടപ്പെട്ടില്ല. ചങ്ങമ്പുഴയോടൊത്തുള്ള ജീവിതം അവരിൽ എഴുത്തുകാരോട് ഒരുതരം ഭയം വളർത്തിയിരുന്നു. ജീവിതം ദുരിതമാകുമെന്ന ആധി. ലളിത 18ാം വയസ്സിൽ രണ്ട് നോവലുകളെഴുതി. പ്രസിദ്ധീകരിച്ചിരുന്നില്ല. അവൾ എന്തൊക്കെയോ എഴുതിവെച്ചിരിക്കുന്നു എന്നുപറഞ്ഞ് അമ്മ അത് ഏട്ടനെ കാണിച്ചു. അദ്ദേഹം ആ കടലാസുകെട്ട് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. പുറത്ത് നല്ല മഴയായിരുന്നു. ലളിതയുടെ ആദ്യ സൃഷ്ടികൾ അങ്ങനെ മഴവെള്ളത്തിൽ വീണ് കുതിർന്നു. ഏട്ടനെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടായിരുന്നില്ല. പിന്നീടും ചില കഥകളൊക്കെ എഴുതി. പ്രസിദ്ധീകരിച്ചില്ല. ഇപ്പോൾ ‘ചങ്ങമ്പുഴ മാർത്താണ്ഡ പണിക്കർ ഒരു ദേശത്തിന്റെ ദൈവം’ എന്ന പേരിൽ നോവൽ പൂർത്തിയാക്കിയിട്ടുണ്ട്. പിന്തുണയും പ്രോത്സാഹനവുമായി ഒപ്പമുള്ളത് എഴുത്തുകാരനും ചങ്ങമ്പുഴയുടെ ആരാധകനുമായ രഘു കല്ലറയ്ക്കൽ. ഇടപ്പള്ളി കൊട്ടാരത്തിലെ സേനാധിപനായിരുന്നു മാർത്താണ്ഡ പണിക്കർ. ചരിത്രവും ഇതിഹാസവും ഇടകലരുന്ന നോവൽ വൈകാതെ പുറത്തിറങ്ങും. അച്ഛന്റെ രചനകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന് ചോദിച്ചാൽ ലളിതക്ക് ഒരു ഉത്തരം മാത്രം: ‘രമണൻ’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

