ക്ഷമാപണത്തോടെ പൗലോ കൊയ്‌ലോയുടെ റമദാൻ ആശംസ
text_fieldsവിഖ്യാത എഴുത്തുകാരൻ പൗലോ കൊയ്‌ലോ എല്ലാവർക്കും സമാധാനപരവും സന്തോഷകരവുമായ റമദാൻ ആശംസകൾ നേർന്നു. നൂറ്റാണ്ടുകളായി അഹങ്കാരവും അസഹിഷ്ണുതയും മുൻവിധിയും പുലർത്തുന്ന ക്രിസ്ത്യാനികളോട് ക്ഷമിക്കണമെന്ന മുഖവുരയോടെയാണ് അദ്ദേഹം ആശംസാസന്ദേശം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
പൗലോ കൊയ്‌ലോയുടെ കുറിപ്പ് വായിക്കാം:
'പ്രിയ സുഹൃത്തുക്കളേ, ഞങ്ങൾ ക്രിസ്ത്യാനികൾ തികഞ്ഞ അഹങ്കാരവും അസഹിഷ്ണുതയും മുൻവിധിയുമോടെയാണ് നൂറ്റാണ്ടുകളായി കഴിയുന്നത്. അതിനാൽ, എല്ലാ വർഷത്തേയും പോലെ ഞങ്ങളോട് ക്ഷമിക്കണമെന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു.
നാളെ ചന്ദ്രക്കല പ്രത്യക്ഷപ്പെടുമ്പോൾ, സമാധാനപരവും സന്തോഷകരവുമായ റമദാൻ ആശംസകൾ ഞാൻ നിങ്ങൾക്ക് നേരുന്നു.'
വിവിധ ഭാഷകളിലായി കോടിക്കണക്കിന് കോപ്പികൾ വിറ്റുപോയ 'ദി ആൽകെമിസ്റ്റ്' ഉൾപ്പെടെ ശ്രദ്ധേയമായ നോവലുകളുടെ കർത്താവാണ് പൗലോ കൊയ്‌ലോ. ഇദ്ദേഹം രചിച്ച പുസ്തകങ്ങൾ അറുപതോളം ഭാഷകളിലായി 150 രാജ്യങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.