പ്രണയം വറ്റിപ്പോയ മനസ്സ് -കവിത
text_fieldsപ്രണയം
വറ്റിപ്പോയ മനസ്സ്
തരിശു നിലമാണ്.
നടന്നുനീങ്ങും
ജീവിതപ്പാതയിലൊന്നും
പ്രത്യാശയുടെ ഒരു പൂവും
വിരിയുന്നില്ല.
രാവും പകലും
മാറി മാറി
കാലം കറങ്ങുന്നതൊന്നും
അറിയുന്നില്ല.
ഇന്നലെയും
ഇന്നും
നാളെയും
ശാപമായി മാറുന്നു.
ആരും
വരാനില്ലെന്നറിഞ്ഞിട്ടും
വൃഥാ
ഹൃദയം ആരെയോ തേടുന്നു.
നെഞ്ചിലെ തീച്ചൂള
ആളിക്കത്തുകയാണ്.
പ്രണയ നിലാവ്
പെയ്തിറങ്ങുന്ന
തീരം
എന്നും എൻ്റെ സ്വപ്നമായിരുന്നു.
നിഴൽക്കുത്തേറ്റ്
ഞാൻ പിടയുകയാണ്.
ഒരു മുഖം
അത്
ആരുടേതെന്ന്
വ്യക്തമല്ല.
മുഖം മാറുന്നു.
നിൻ്റെ
അത്തിപ്പഴ ചുണ്ടിൽ
നിറയെ മുള്ളുകൾ .
നിൻ്റെ
കണ്ണിൽ നിറയെ
കാമത്തിൻ്റെ കടും ചുവപ്പു നിറം
നിൻ്റെ
തുടയിടുക്കിൽ
ഞാൻ
തിരിച്ചറിയാത്ത പാതാളം.
എൻ്റെ ഹൃദയം
നിനക്ക് കളിപ്പന്ത്
നിൻ്റെ ഹൃദയം
കൃത്രിമ നിർമ്മിതി.
നീ
എൻ്റെ ഏകാന്തതയിൽ
കഴുകനായ്
പറന്നെത്തി
ഹൃദയത്തിൽ ആഞ്ഞു കൊത്തുന്നു.
ലഹരിയുടെ പറവകൾ
എൻ്റെ ഹൃദയത്തിൽ
കൂട് കൂട്ടിയിരിക്കുന്നു.
കാക്കസസ്സ്
പർവ്വതത്തിലെ കിഴ്ക്കാംതൂക്കായ
പാറക്കെട്ടിൽ
പ്രൊമിത്യൂസിനെപ്പോലെ
ഞാൻ
ബന്ധിതനായിരിക്കുന്നു.
ലഹരിയുടെ കഴുകുകൾ
എൻ്റെ കരൾ തിന്ന്
ആർത്തു രസിക്കുന്നു.
സീയൂസല്ല എന്നെ
ചങ്ങലക്കിട്ടത്.
ഞാൻ
മനുഷ്യർക്ക്
തീ കൊടുത്തതുമില്ല.
എൻ്റെ
ഉള്ളിൽ
അഗ്നി ആളിക്കത്തുകയാണ്.
ആരെങ്കിലും
എൻ്റെ ഹൃദയത്തിലെ
കെടാത്തീ കെടുത്തുമോ
എനിക്കറിയാം
എൻ്റെ അന്ത്യത്തോടെ മാത്രമേ
ഈ തീ അണയൂ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.