കവിത: ബാക്കിയായവ
text_fieldsപ്രതീകാത്മക ചിത്രം
ചില ചിന്തകൾ
അപ്പൂപ്പൻതാടികളാണ്.
അതങ്ങനെ
ലക്ഷ്യമില്ലാതെ
പാറിപ്പറക്കും.
മനസ്സിന്റെ താളം തെറ്റിക്കും.
ചില സ്വപ്നങ്ങൾ
ഭയപ്പെടുത്തലുകളാണ്.
അത് നമ്മെ ആകാശത്തേക്ക്
ഉയർത്തിക്കൊണ്ടുപോകും.
ഉയരത്തിലെവിടെയോ വെച്ച്
താഴേക്കിടും.
ഉരുളൻ കല്ലുകൾപോലെ മരണം
നമ്മുടെ പിറകെയുണ്ടാവും.
മണ്ണും ജലവും പരസ്പരം കൈകോർത്ത്
മരണത്തിന് അകമ്പടിയാവും.
ചില മോഹങ്ങൾ
കെട്ടുപിണഞ്ഞ ചരടുകളാണ്.
അഴിക്കും തോറും മുറുകി വരും
തോൽവി സമ്മതിച്ച്
അവസാനം എവിടേക്കോ
വലിച്ചെറിയും.
അപ്പോൾ മരണത്തിന്റെ ചിറകടി
കാതുകളിലേക്കു പടർത്തി
കിളികൾ പറന്നുപോകും.
ചില സന്തോഷങ്ങൾ
നീർക്കുമിളകളാണ്.
ഉരുൾപൊട്ടിയൊഴുകിയ
വെള്ളത്തിലൂടെ ഒലിച്ച്
പാറക്കെട്ടുകൾക്കിടയിൽ
പൊട്ടിത്തെറിച്ച്
മണ്ണിനടിയിൽ എവിടെയോ മറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

