കവിത; പോസ്റ്റുമാന്റെ മരണം
text_fieldsപാതയുടെ വളവിൽ
വാതിലടച്ചുറങ്ങിയ നിലയിൽ
പാതി മങ്ങിയ ഫിലമെന്റ് നിറത്തിൽ
വ്യർഥമായ ചില അക്ഷരങ്ങളുണ്ട്.
നരച്ചു പൊട്ടിയ മേശ,ആളൊഴിഞ്ഞ കസേര
നിറം മങ്ങി ഒട്ടാൻ തുനിയാത്ത സ്റ്റാമ്പുകൾ
ചുവന്നു തുരുമ്പിച്ച തപാൽ പെട്ടി,
ചില്ല് കൂട്ടിലിരുന്ന പോസ്റ്റൽ കവറുകളെ
ചിതല് തിന്നു ചിരിക്കുന്നു.
ഇവിടെ ഒരു പോസ്റ്റുമാനുണ്ടായിരുന്നു
അടുക്കും ചിട്ടയുമുള്ള
കർക്കശക്കാരനായിരുന്നു ആളെങ്കിലും
നാട്ടുകാർക്ക് അയാളോട്
സ്നേഹവും ബഹുമാനവുമായിരുന്നു.
ചുട്ടുപൊള്ളുന്ന പെരുവെയിലത്തും
അയാളുടെ വിയർപ്പ് മഴയായി പെയ്തിരുന്നു.
സാധാരണ വൈകുന്നേരങ്ങളിൽ കത്തു വിതരണം
അവസാനിപ്പിക്കാറുള്ളവരിൽ
നിന്നും വ്യത്യസ്തമായി
രാത്രിയായാലും ബാക്കി വന്ന പോസ്റ്റുകൾ
വിലാസങ്ങളിലെത്തിച്ചേ അയാൾ ഉറങ്ങാറുള്ളൂ.
സുന്ദരിയുടെ പ്രണയലേഖനങ്ങൾ നാട്ടിലാരേയും
അറിയിക്കാതെ പോസ്റ്റ് ചെയ്യാറുള്ളതുകൊണ്ട്
അയാളുടെ വിയോഗത്തിൽ വീട്ടുകാരേക്കാൾ
കൂടുതൽ ഖേദിച്ചത് അവളായിരുന്നു.
ആർക്കും ഒരു മറുപടി കത്തെഴുതാതെ
പോവാനുള്ള അതിഥി വന്നപ്പോൾ
തന്റെ കത്തുകളെ തോൾസഞ്ചിയിൽ
വിശ്രമിക്കാൻ വിട്ട് അയാൾ യാത്രയായതാണ്.
പോസ്റ്റുമാന്റെ മരണശേഷം തനിച്ചായ് പോയ
ഗൾഫിൽനിന്നുള്ള മണി ഓർഡറുകൾ,
പെൻഷൻ ഓർഡറുകൾ, കാലാവധി കഴിഞ്ഞ
ഡ്രാഫ്റ്റുകൾ, കോടതി നോട്ടീസുകൾ,
മാസികയിലേക്കുള്ള കവിതകൾ,
പ്രിയപ്പെട്ടവരുടെ എഴുത്തുകൾ,
കരയോഗ നോട്ടീസുകൾ
എല്ലാം അനാഥമായി ചിതറിക്കിടപ്പുണ്ട്.
അവിടത്തെ സഞ്ചിയിൽ,
അറകളിൽ, ചിതലരിച്ച മേശയിൽ
കുമിഞ്ഞുകൂടി വീടണയാതെ പോയ
എഴുത്തുകളിലെ മേൽവിലാസങ്ങളിൽനിന്നും
പ്രാവുകളുടെ മുട്ട വിരിഞ്ഞു
പെരുകുന്നു, മാങ്കോസ്റ്റീൻ പോലെ
പടർന്നു കിടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
