ഒരാത്മഗതം
text_fieldsഞാനെന്നുമെനിക്കത്ഭുതം
തിരിഞ്ഞ തലയാണെന്റെ
ചിന്തകൾക്കു ഭാരം.
ചില അടുപ്പങ്ങൾ
മടുപ്പാവും പെട്ടെന്ന്
കാരണമില്ലാത്ത ദുഃഖം
നിഴലായെന്നും പിന്തുടരും.
ന്യായീകരിക്കത്തക്ക
കാരണമൊന്നുമില്ലെങ്കിലും
ശത്രുപട്ടികയിൽ
അംഗസംഖ്യ കൂടിക്കൊണ്ടേയിരിക്കും.
ചില സൗഹൃദങ്ങളെ
പടിയടച്ച് പിണ്ഡംവെച്ചാലും
നിനച്ചിരിക്കാതവർ
സ്വീകരണമുറിയിൽ ഇരിക്കുന്നുണ്ടാവും.
ചിന്തകളെയൊക്കെ
തല വല്ലാതെ സ്വാധീനിക്കുമ്പോൾ
ആവേശം കയറിയ വാക്കുകൾ
മുദ്രാവാക്യങ്ങളായി പൊട്ടിത്തെറിക്കും.
ക്ഷണനേരം കൊണ്ടാവേശം
കെട്ടടങ്ങി തോന്നുമതിനോടുമലർജി.
പിന്നെപ്പിന്നെ പിന്നോട്ടു
നടക്കും ജാഥകൾ
കാത്തിരിക്കലാവും പണി.
പലരുമപ്പോഴും പുരോഗമനത്തിന്റെ
മേലങ്കിഎനിക്കായി തയ്ച്ചുവെച്ചിരിക്കും.
ഞാനപ്പോഴും നിഷേധിയുടെ
ഉറ്റതോഴനായി എന്റെ
തോളിൽത്തന്നെ
കൈയിട്ട് നടക്കുകയാവും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

