ഗസ്സ കുറിപ്പുകൾ
text_fields1. ബന്ദിദേഹങ്ങൾ
ഗസ്സയുടെ മണ്ണിൽ
കുഴിച്ചിട്ട
അഴുകിയ
ബന്ദിദേഹങ്ങൾ
ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു,
ഞങ്ങൾ വെറും
ശവ തുണ്ടങ്ങൾ
കണ്ണ്, കാത്
മറ്റേതോ കുഴികളിൽ
കൈകൾ, കാലുകൾ
മറ്റേതോ കുഴികളിൽ
കുഴിച്ചിട്ട
കമാൻഡർമാരും
ബോംബിങ്ങിൽ
മണ്ണിലലിഞ്ഞു
ഞങ്ങളെ ഹാജരാക്കാത്തതിനാൽ
യുദ്ധം വീണ്ടും ആരംഭിച്ചിരിക്കുന്നു
അവരോട് ഞങ്ങൾക്ക്
ഒന്നു പറയാനുണ്ട്
മരണത്തിനിപ്പുറം
തണുത്ത ശ്യൂന്യത മാത്രം
അവിടെ അഹന്തകളോ
പ്രതികാരങ്ങളോ ഇല്ല
എല്ലാവരും തുല്യർ
അസാന്നിധ്യത്തിന്റെ വെളുപ്പ്
അതിനാൽ ഉറക്കെ പറയുന്നു
ഈ വിശുദ്ധഭൂമിയിൽ
ഇനിയും പൂക്കൾ വിരിയണം
കിളികൾ പാടണം
കുഞ്ഞുങ്ങൾ ചിരിക്കണം
അതിനാൽ ഞങ്ങളെ പ്രതി
യുദ്ധം അരുത്
ഇനിയും കുഞ്ഞുങ്ങളെ കൊല്ലരുത്
ഭൂമിയെ അനാഥമാക്കരുത്
2. സ്വപ്നത്തിലെ ദൈവം
യുദ്ധവിരാമ വാർത്തയറിഞ്ഞ്
നാട്ടിലേക്ക് മടങ്ങുന്നവർക്കിടയിൽ
തോളിൽ മടക്കിയ
പായയും പുതപ്പുമായ്
നീങ്ങുന്ന കൊച്ചുപയ്യൻ
വഴിയരികിൽ
തണൽ കണ്ടപ്പോൾ
അതിൽ കിടന്നുറങ്ങിപ്പോയി
സ്വപ്നത്തിൽ
ദൈവം പറഞ്ഞു
അക്രമകാരികളെ
നീ പേടിക്കരുത്
അവർ എന്നെക്കാൾ
വലുതാവാൻ കൊതിക്കുന്നു
കളിമണ്ണിൽ
ശ്വാസമൂതി
ഞാൻ മനുഷ്യനെ സൃഷ്ടിച്ചു
കൊന്നും തിന്നും നായാടിയും
കോടിക്കണക്കിന് മനുഷ്യരെ
ഒറ്റയടിക്ക് ഇല്ലാതാക്കുന്ന
യന്ത്രങ്ങൾ സ്വപ്നം കണ്ടും
അവൻ അവനെതന്നെ
ഇല്ലാതാക്കാൻ നോക്കുന്നു
അതിനാൽ മകനേ
കഴിയുവോളം
സുഖമായുറങ്ങുക
ഉണരുമ്പോൾ
ഈ ഭൂമിതന്നെയുണ്ടാകുമോയെന്ന്
എനിക്കു പോലും ഉറപ്പില്ല
ഒക്ടോബർ 10ലെ വെടിനിർത്തൽ ഉടമ്പടിയും അതിനെ ലംഘിച്ച് ഇസ്രായേൽ വീണ്ടും ആക്രമണം ആരംഭിച്ചതുമാണ് കവിതയുടെ സന്ദർഭങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

