കവിത; സംഭാഷണം
text_fieldsമരച്ചുവട്ടിൽ ആഴത്തിൽ
തല ചായ്ച്ചിരുന്ന്
വലതുകൈപ്പത്തി ചെവിയോട്
ചേർത്തുവെച്ച് അയാൾ
സംസാരിച്ചുകൊണ്ടിരുന്നു.
കാറ്റ്...പക്ഷികൾ...മേഘം...
എല്ലാവരും അയാളെ
നിശ്ശബ്ദം ശ്രവിച്ചുകൊണ്ടിരുന്നു.
എനിക്കു മാത്രം പക്ഷേ
ഒന്നും കേൾക്കുവാനായില്ല.
ആരോടായിരിക്കും
ഇത്രയും സ്നേഹത്തോടെ,
ഇത്രയും ലഹരിയോടെ
അയാൾ സംസാരിക്കുന്നുണ്ടാവുക!
ആരായിരിക്കും ഇത്രയും
മനോഹരമായി അയാളെ
കേൾക്കുന്നുണ്ടാവുക?
ആരായിരിക്കും ശരീരം മുഴുവനും
ഹൃദയമുള്ള ആ അലിവിന്റെ തമ്പുരാൻ?
ഒരിക്കലെങ്കിലും ഇത്രയും
ഇഷ്ടത്തോടെ ഞാനാരോടെങ്കിലും
സംസാരിച്ചിട്ടുണ്ടാവുമോ?
ഇത്രയും മനോഹരമായി
ആരെയെങ്കിലും കേട്ടിട്ടുണ്ടാകുമോ?
ഇല്ല ഇല്ല എന്ന് ആരോ
എന്റെ നെഞ്ചിൻചുമരിൽ
ശക്തിയായി ഇടിക്കുന്നു.

