കടം
text_fieldsകടം കൊടുക്കുമ്പോൾ
എന്നു തിരികെ തരുമെന്ന
സന്ദേഹമേ
ഉണ്ടായിരുന്നില്ല.
കെട്ടുപോയ കണ്ണുകളിൽ
ആളിക്കത്തിയ പ്രകാശത്തിൽ
ഒന്നുലഞ്ഞു.
ആത്മാഭിമാനത്തിന്റെ
കൊച്ചുതിരകൾ
മനസ്സിനെ
ഒന്നാകെ നനച്ചു.
സൗഹൃദത്തിന്റെ
തീവ്രതക്ക് ഒരടിവരകൂടി
കറുപ്പിച്ചടയാളപ്പെട്ടുവെന്ന്
ഉള്ളിലൊരു കടലിരമ്പി.
തിരിച്ചുതരാത്ത കടം
കാലത്തിനൊപ്പം അദൃശ്യമാവുമ്പോൾ
മങ്ങിത്തുടങ്ങിയ സ്നേഹത്തിന്റെ
ജീർണതക്കുമുമ്പിൽ
മൗനം കരിപുരട്ടി.
തിരികെ തരാൻ ഓർമിപ്പിച്ച
കടത്തിന്റെ ചിതൽപ്പടർപ്പിനുമേൽ
വൈരാഗ്യത്തിന്റെ മുള്ളുകൾ
വേലികെട്ടിത്തുടങ്ങി.
പരിചിതരായ രണ്ടപരിചിതർ
അകൽച്ചയുടെ ശൂന്യതയിൽ
മുങ്ങിത്താണു.
കടം ശത്രുവാണെന്ന്
ആരോ പറഞ്ഞുവോ?
അദൃശ്യതയിൽനിന്ന്
ഒരു പരിഹാസച്ചിരിയുടെ ഭീകരത
കാതിൽ പ്രകമ്പനം
കൊള്ളിച്ചുകൊണ്ടേയിരുന്നു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

