Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു സന്ധ്യയിൽ

text_fields
bookmark_border
ഒരു സന്ധ്യയിൽ
cancel

ഇരുൾ പരന്ന മുറ്റത്തേക്ക് ഇടർച്ചയോടെ

പടവുകൾ കയറി ഞാൻ,

ഇതൾ വീണുടഞ്ഞ പനിനീരിന്റെ മുഖം,

പരിഭവം പറയാതെ

തുളസിത്തറയിലെ തളിരിലകൾ

ഒരുതുള്ളി വെള്ളം കൊതിച്ചിരിക്കുന്നു.

മുറ്റത്തെ മുല്ലയിൽ പൂത്തു

നിറഞ്ഞിരിക്കുന്ന മിന്നാമിന്നികൾ,

വീടിന്നു കാവലായി അമ്മിണി പൂച്ച

ഉമ്മറത്തിണ്ണയിൽ കാത്തിരുന്നു

പതിവുപോലെ പിൻവാങ്ങുന്നു.

കോലായിലെ കഴുക്കോലിൽ

എട്ടുകാലി വല വിരിച്ചിരിപ്പാണ്,

ഉത്തരത്തിൽ ഉണ്ടക്കണ്ണുകാട്ടി പല്ലി,

ഗത്യന്തരമില്ലാതെ മുറിച്ചിട്ട വാൽ

പടിഞ്ഞാറ്റച്ചായ്പ്പിൽ

പിടഞ്ഞു മരണം വരിക്കുന്നു,

മൂലോടിനുള്ളിലെ എലിയനക്കങ്ങൾ,

അട്ടത്തെ കടവാതിലിന്റെ ഊഞ്ഞാലാട്ടങ്ങൾ,

ഇരുളിൽ തിളങ്ങുന്ന രണ്ടുണ്ടക്കണ്ണുകൾ

കരിമ്പൂച്ചയുടെ കാലനക്കങ്ങൾ..

ഇടവപ്പാതിയിലെ

മിന്നൽപിണറുകൾ ചാറ്റൽ മഴകൾ,

ഇടിവെട്ടി ഞെട്ടുന്ന രാത്രി യാമങ്ങൾ,

ഇവിടെ ഞാൻ ഇങ്ങനെ,

ഈ ഏകാന്തതയിൽ,

ഓരോ ഇലയനക്കങ്ങളും

കാതോർത്തിരിക്കുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - poem
Next Story