പെറ്റോടം
text_fieldsപെറ്റോടം
കഴിഞ്ഞു വീട്ടിലെത്തുന്ന
അമ്മയെ കാത്തിരിക്കുന്നവന്റെ
കണ്ണുനിറയെ
അമ്മയുടെ തലയിലെ
തുണിക്കെട്ടിലാവും
പലയിടങ്ങളിലായി കിട്ടിയതെല്ലാം
കെട്ടപ്പെറുക്കി കെട്ടാക്കി വീട്ടിലെത്തും
അവന്റെയമ്മ
നാട്ടുകാരുടെ കൂടിയമ്മയായതിനാൽ
പല വീട്ടിലെയും ഓരി അവന്റെ കൂടി
കുടീലിലെത്തും!
പല വീട്ടിലും
തീണ്ടാരി കുളിക്ക് മാറ്റ് വയ്ക്കാനവൻ പോയപ്പോൾ
കിട്ടിയ ചോറിന്റെ രുചിയിന്നും
മറക്കാത്തതാണ്
ഒരു
കുലത്തിന്റെ തൊഴിലായ പെറ്റോടത്തിന്റെ
നിറവിലാണ്
ഒരു കാലം വരെ
പള്ളയുടെ പൈപ്പ് മാറ്റിയത്
ഒരു ദേശത്തിന്റെ മൊത്തം
പെറ്റോടം കയറിയിറങ്ങുന്നതിനാൽ
എവിടെയും ഒന്നിനും അളവിന്റെയോ
തൂക്കത്തിന്റെയോ
തുലാസില്ലായിരുന്നു
നീട്ടിവെച്ച കാലിലിട്ട് കുട്ടിയെ ഉഴിഞ്ഞ്
കുളിപ്പിച്ച് മുപ്പത് ദിവസം
കഴിയുമ്പോഴേക്കും
കുട്ടികളെല്ലാം
ചന്തത്തിലങ്ങ്
വളരും!
ആറല്ല
അതിലേറെ പേറ്റോടം പോയി
അന്തീന്റെ മൂട്ടിൽ വീട്ടിലെത്തുന്ന
അമ്മയുടെചിരിക്ക് ഏഴഴകാണ്
കൂടെ തലയിലെ മാറാപ്പ് കെട്ടിന്നു
എന്തെന്നില്ലാത്ത
ആദരവും!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

