ന്താ, ല്ലേ!!
text_fieldsഞാനൊരു ശുംഭനാണ്.
ഞാൻ പറയുന്നു എന്റെ രാജ്യമെന്ന്.
അങ്ങനെ പറഞ്ഞ എത്രയോ പേർക്ക്
ദേശാടനക്കിളിയുടെ പരിഗണപോലും
കിട്ടിയില്ല!
ചിലരെ ചാക്കിൽ കെട്ടിയ
പൂച്ചക്കുട്ടിയെപ്പോലെ
അതിരിനപ്പുറത്തേക്ക്
കൊണ്ടുക്കളഞ്ഞിരിക്കുന്നു.
അധികാരമില്ലാത്തവരെല്ലാം
അടിമകളാണെന്നോ?
ഇതിനോ സംസ്കാരമെന്നു പറയുന്നത്!
കാടടയ്ക്കുന്നതിലെന്തെളുപ്പം
നാടടയ്ക്കാൻ...
എന്നിട്ടോ കാട്ടിലുള്ളവരെ
മൃഗങ്ങളെന്നു വിളിക്കുന്നു
ന്താ, ല്ലേ!
ശലോമോന്റെ വയലിലെ പൂക്കളും
കൊഴിയാൻ മടിച്ചില്ല.
ഏദനിലെ പുഴകളുടെ മാറും,
വറുതിക്ക് വഴിമാറാതിരുന്നില്ല!
തള്ള കുടഞ്ഞിട്ട ഏതു പശുക്കിടാവാണ്
താനേ എഴുന്നേൽക്കാതിരുന്നത്?
കട്‌ലറീസുവേണ്ട മാന്യനും
കട്ടിലറിയാത്ത മനുഷ്യരും
ന്താ, ല്ലേ!
എന്നാണെല്ലാരും ഒരേപോലാകുക,
അതിനെത്ര ഹാശാ ആഴ്ചകൾ
മടങ്ങിയെത്തണം?
എത്ര ഗാഗുൽഥകൾ നിണമണിയണം?
എത്ര പ്രഭാതങ്ങളിൽ ഞായറുദിക്കണം?
മനുഷ്യനൊരിക്കലും
മൃഗത്തിന്റെ തലമുറയല്ല.
ആയിരുന്നെങ്കിൽ
ഭക്ഷണത്തിനല്ലാതെ അവൻ
കൊല്ലുമായിരുന്നില്ല.
കൊലവിളി നടത്തിയിട്ടുള്ള
എല്ലാ ആനകളും തളക്കപ്പെട്ടിട്ടുണ്ട്.
ആനയായതുകൊണ്ട്
മയക്കുകയോ, മെരുക്കുകയോ ചെയ്യാം
ആളായാലോ?
ന്താ, ല്ലേ!
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

