ഗർഭപാത്രം
text_fieldsനിശ്ശബ്ദമായൊരു സുന്ദര സത്യത്തിൽ
ഇരുളറക്കുള്ളിൽ ഞാൻ ആയകാലം;
സ്വപ്നങ്ങൾ തൂക്കവും ഭാരവും വെച്ചപ്പോൾ
വെളിച്ചത്തിൻ വഴിയിൽ തുറന്നുവിട്ടു.
സത്യം പ്രകാശമാണെന്നു മൊഴിഞ്ഞ
അമ്മതൻ മന്ത്രം മനസ്സിൽ മൂളി
ഇരുട്ടും വെളിച്ചവും കണ്ണീർ കരച്ചിലും
കാണണമെന്നമ്മ ചൊല്ലി.
നീതിക്കെതിരെ ഞാൻ കണ്ണടച്ച നേരം,
ഗർഭപാത്രത്തിന്റെ കണക്കുമായി
എണ്ണീട്ടും അളന്നിട്ടും തൂക്കി നോക്കി അമ്മ
പത്തു മാസത്തിന്റെ കണക്കു ബുക്ക്.
ഇരുളറക്കുള്ളിൽ ഞാൻ ചവിട്ടിയ നേരത്തും
നോവായ സന്തോഷം കണ്ടിരുന്നു;
സ്വർഗം എനിക്കായി കാലിൻ ചുവട്ടിൽ
പണിയുകയായിരുന്നു അമ്മയന്ന്.
ദീനം പിടിപെട്ട് അമ്മ കിടന്നപ്പോൾ
ഡോക്ടർ സ്വകാര്യം പറഞ്ഞു എന്നിൽ
‘നീക്കണം, ജഠരം എത്രയും വേഗത്തിൽ;
ദീർഘിച്ചാൽ വ്യാധി കലശലാകും’
എന്നെ ചുമന്നൊരു ഗർഭപാത്രം വീണ്ടും
അമ്മ ചുമന്നാൽ ഇരുട്ടിലാകും.
‘ഗർഭപാത്രം വെറും പാത്രം മാത്രമാണെന്ന്’
ആരൊക്കെയോ ചൊല്ലി ആശ്വസിപ്പിച്ചു.
എന്നെ വളർത്തിയ ആദ്യത്തെ ഇരുള് വീട്
ഇനിയൊട്ടും പാടില്ലെന്നു കേൾക്കെ,
പെറ്റു സഹിച്ചു വളർത്തിയ വീടിന്റെ
ചുമരുകൾ താനേ തകർന്നു പോയി.
അമ്മയെ വിട്ട് പിരിയുന്നതൊക്കെയും
എന്റെയും മറ്റൊരു ലോകമല്ലേ;
അമ്മയിലിത്തിരി ബാക്കിയാവുന്നതും
മക്കളാൽ നോവാത്ത പ്രാണനല്ലേ.
സത്യം വെളിച്ചമായി കാണിച്ച കൈകളും
എന്നെ തുടർന്നിങ്ങു പോകും നേരം,
ഉള്ളിലെ ഗർഭപാത്രം എന്നിൽ ശൂന്യമായി
അമ്മതൻ സൃഷ്ടിയിൽ ഓർമയായി!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

