സ്ക്രോളബ്ൾ നിത്യത
text_fields‘ഡിസംബർ -സ്വപ്നങ്ങളുടെ മാസമെങ്കിലും
അതിക്രൂരമായ മാസമാണ്...’
മുക്കാലും മുറിഞ്ഞ സ്വപ്നം; ഇന്നലെ പെയ്ത,
വെള്ളംകയറിയ റീൽസിലെ മഴ!
ചുരുങ്ങിയ മുറ്റം: ഒരു ട്രോൾ ഫാക്ടറി.
ഇവിടെ ക്ലിക്കുകൾ ചിതറിക്കിടക്കുന്നു.
ഇതളറ്റ് വീഴുന്നു പൂക്കൾ; നമ്മുടെ പ്രതിബിംബം,
നിഷ്കളങ്കമായ ഫിൽട്ടറിട്ട ചില്ലിൽ.
ഈ ഡിജിറ്റൽ ക്യൂവിൽ, അരി വാങ്ങാനല്ല,
നാം ആൾക്കൂട്ടത്തിൽ തിരയുന്നതാരെ?
സ്ക്രീനിന്റെ നീലവെളിച്ചം: അതൊരു
മുറിവേറ്റ ആത്മാവിന്റെ നിയോൺ പ്രഭ.
പുകയുന്ന വീഥി, ബ്രേക്കിങ് ന്യൂസ് കൊടികെട്ടി.
കേൾക്കാതെ പോകുന്നത്, ഒരു പഴയ ഓർമ.
(ഒരുപക്ഷേ, മുറ്റം നിറഞ്ഞ അമ്മതൻ തേങ്ങൽ.)
നമ്മുടെ റീൽസിലെ ജീവിതം, കട്ട്-എഡിറ്റ്-അപ്ലോഡ്!
ചുറ്റും കറങ്ങും വെളിച്ചം; ഒരു വിഡ്ഢിയുടെ തിളക്കം.
സത്യം തിരയുന്നു നാം, തിരശ്ശീലയില്ലാത്ത മൊബൈലിൽ:
ഒരു സ്ക്രോളബ്ൾ നിത്യത.
വഴിയോരത്ത് സെൽഫിയെടുക്കും കുട്ടീ,
നിന്റെ ചിരിയിലെന്തീ ശൂന്യത?
ഓരോ അപ്ഡേഷനിലും നാം ഡിലീറ്റ് ചെയ്യുന്നു
നഷ്ടപ്പെട്ട ഒരു കാലത്തെ.
വൈറൽ കണങ്ങൾ; പാറിനടക്കും വെറുതെ
കാറ്റിൽ കുളിക്കുന്ന, കമന്റുകളില്ലാത്ത രാത്രി.
ഇവിടെ, അലറുന്ന നോട്ടിഫിക്കേഷനുകൾക്കപ്പുറം,
ചുമരിന്റെ പൊട്ടൽപോലെ: നാം സ്വയം
പ്രതിബിംബിക്കണം.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

