രഥമുരുണ്ട വഴികൾ
text_fieldsചതുരക്കളങ്ങളിൽ
കരുക്കൾനീക്കീടുന്നു
കുരുതിക്കളങ്ങളിൽ
വിളവുകൊയ്യുന്നവർ.
ചക്രങ്ങളില്ലാരഥം
പായുന്നു ചുറ്റുമിപ്പോൾ
അന്നൊരു രഥം പാഞ്ഞു
ക്ഷതങ്ങളേറ്റ മണ്ണിൽ.
കറുപ്പും വെളുപ്പുമായ്
കളങ്ങൾ തീർത്തീടുമ്പോൾ
ആത്മധൈര്യങ്ങൾ ചോർന്നോർ
വിറങ്ങലിച്ചീടുന്നു.
കുതിക്കുമശ്വത്തിന്
ദിശതെറ്റീടും നേരം
നിദ്രയിലാണ്ടീടുന്നു
മാധ്യമ ദൈവങ്ങളും.
ചിന്തകൾ മുരടിച്ചും
കാഴ്ചകൾ മരവിച്ചും
പ്രത്യയശാസ്ത്രങ്ങൾക്കായ്
ജയ് വിളിച്ചീടുന്നവർ.
ദൈവങ്ങൾ വിലപേശി
നിൽക്കുന്ന തെരുവിലായ്
മിഴികൾ നിറയുന്ന
തെരുവു ബാല്യങ്ങളും.
പടിയിറക്കൂമൂഴം
കാത്തു നിൽപ്പുണ്ടിന്നയാൾ
വടിയും കുത്തിക്കൊണ്ട്
കാക്കതൻ കാഷ്ഠം പേറി.!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

