കാൻസർ വാർഡ്
text_fieldsകാറിത്തുപ്പുന്നവരുടെയും
പതംപറഞ്ഞു കരയുന്നവരുടെയും
ചിത്രഗുപ്തന്റെ
വരവും കാത്തുകിടക്കുന്ന
സാന്നിധ്യത്താൽ
ആശുപത്രി വരാന്ത
അലങ്കോലമാണ്
നാലാമതും കീമോ
കഴിഞ്ഞൊരുവളുടെ കണ്ണുകൾ
കിണറോളം ആഴത്തിൽ
കുഴിഞ്ഞിരിക്കുന്നു
ഒരുനേരത്തെ അത്താഴത്തിനു
വകയില്ലാത്തവന്റെ കൈയിലേക്ക്
മാലാഖയൊരുവൾ ഒരു ലക്ഷത്തിന്റെ
ബിൽ കൊടുക്കുമ്പോൾ
കരയണോ ചിരിക്കണോ
എന്നറിയാത്ത
മന്ദബുദ്ധിയുള്ളവരാവുന്ന ചിലർ
മുഖം മൂടികെട്ടിയ മാസ്ക്കിനുള്ളിൽ
അതികഠിനമായി ചുമയ്ക്കുന്നൊരാളെ
നോക്കി ഡോക്ടർ പിറുപിറുക്കുന്നു
ബാത്ത്റൂമിന്റെ സൈഡിലെ
വരാന്തയിൽ കിടക്കുന്ന
മുത്തശ്ശിയുടെ അടുത്തേക്ക്
ഇഞ്ചക്ഷൻ ട്രേയുമായെത്തുന്ന
നേഴ്സിനെനോക്കി മുത്തശ്ശി
ചുക്കിചുളിഞ്ഞ മുഖം കോട്ടി ചിരിക്കുന്നു
വിളഞ്ഞ നെല്ലിലേക്ക്
എന്തിനാ മോളെ
വെള്ളം തുറന്നു വിടുന്നത്
മുത്തശ്ശിയുടെ ചോദ്യത്തിൽ
നഴ്സവൾ നുണക്കുഴികവിൾ വിടർത്തി
വല്ലാത്തൊരു ചിരി ചിരിച്ചു !
പോക്കുവെയിൽ പൊന്നുരുക്കി
കാണിച്ചപ്പോൾ
പ്രണയിനിയൊരുവൾ
സ്വന്തമെന്നുകരുതിയ
കാമുകന്റെ കൈകളിൽ
പിടഞ്ഞമർന്നു
പോയൊരുവളുടെ
ശവവും കാത്ത്
മോർച്ചറിയ്ക്കു മുന്നിൽ
വലിയൊരു
നിലവിളികൂട്ടം !
പരാതികളുടെ, വേദനകളുടെ,
ഇല്ലായ്മകളുടെ നിലവിളികൾ
നിറഞ്ഞ ആശുപത്രിയിടം
ഒരിക്കലും ഒഴിയാത്ത
നോവുകളുടെ കൂടാരമാവുന്നു
ആദർശങ്ങളും ആഗ്രഹങ്ങളും
ജാതിമത വിദ്വേഷങ്ങളും
വെള്ളത്തുണിയിലായിപൊതിഞ്ഞു
പെട്ടിയിലൊതുക്കപ്പെടുന്നു
റേഡിയേഷൻ തിന്നു തീർത്ത
ജീവച്ഛവങ്ങളുടെ നിർധനരൂപങ്ങൾ
ഇന്നോ നാളെയോ
കാത്തുകിടക്കുന്നു
ഒരുപാട് ഉമ്മകൾ
ഒരുപാട് വാക്കുതർക്കങ്ങൾ
ഒരു പാട് പ്രതീക്ഷകൾ ഒന്നുമല്ലാതെ
ശൂന്യതയുടെ
ഇരുളിലൊതുങ്ങുമിടം
വലിയവനെന്നു
നടിക്കുന്നവന്റെയും
ചെറിയവനെന്നു
തട്ടിലാക്കപ്പെട്ടവന്റെയും
ശ്വാസഗതി ഒരു പോലെ
ഊർന്നു പോകുമിടം !
ഓരോ ശ്വാസമിടിപ്പിനും
വിലയുണ്ടെന്നറിവാകുന്ന
ആശ്രയമറ്റൊരിടം
ഇവിടെ ആരുമില്ല വലിയവൻ!
ആരുമില്ല എല്ലാം തികഞ്ഞവൻ
എല്ലാവരും എല്ലായിപ്പോഴും
ഒന്നുമല്ലാതെയാവുന്ന ഒരു പോർക്കളം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

