റാവാൻ
text_fieldsഉറക്കമില്ലാത്ത ഒരു രാത്രി കൂടി
എനിക്ക് സമ്മാനിച്ച്
ആ ദിനവും കടന്നുപോയി.
കുഞ്ഞു റാവാൻ നക്ഷത്രം പോലെ
തിളങ്ങുന്ന
നിന്റെ കണ്ണുകൾക്ക് എന്ത്
അധിനിവേശം?
എന്ത് വംശഹത്യ?
വിടർന്ന കൺകളിൽ
ഒരു യാചന മാത്രം..
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം
തീരുന്നതിനുമുമ്പ്
കുരുതി കഴിക്കല്ലേ എന്ന യാചന..
അമ്മയുടെ മാറിൽ നിന്നും
അടർത്തി മാറ്റല്ലേ
എന്ന അപേക്ഷ..
നിന്നെപ്പോലെ എത്രയെത്ര
റാവാന്മാരുടെ
യാചനകളെ, അപേക്ഷകളെ,
ആശകളെ, സ്വപ്നങ്ങളെ
ബോംബിന്റെ തീക്കണ്ണുകൾ
നക്കിത്തുടച്ചു...
എത്രയെത്ര പിതാക്കന്മാരുടെ ജീവനുകൾ മിസൈലുകൾ കത്തിച്ചാമ്പലാക്കി...
അബായയുടെ മാറിൽ ഉടക്കി നിന്ന
ആ പാൽപുഞ്ചിരി...
ചുണ്ടിലിറ്റ് വീഴും മുമ്പ്
മുലഞെട്ടിൽ നിന്നും തുള്ളിത്തെറിച്ച
നറുപാൽ.... തുള്ളികൾ..
വരണ്ട ഭൂമി നക്കിത്തുടച്ച മാതൃത്വത്തിൻ ഉടഞ്ഞ മൺകൂനകൾ.....
റാവാന്മാരുടെ സൂര്യനേത്രങ്ങളിൽ ആകാശം നിറഞ്ഞുകത്തുന്നു.....
പിച്ചവെക്കാത്ത പിഞ്ചുപാദങ്ങളിൽ
ഗസ്സയുടെ മൺതരികൾ
അമർന്നിരിക്കുന്നു.....
ചോരവാർന്ന കരളിൽ മാതൃസ്നേഹം
അഗ്നിയായി ആളിപ്പടരുന്നു.....
ഓരോ അണുവിലും പടർന്നുകയറുന്ന
ജ്വാലയായ് നിപതിക്കുന്നു.....
അഗ്നി പെയ്തൊഴിയാത്ത രാവുകളിൽ
വിലാപങ്ങളുടെ തീക്കൂനയിൽ
ചവിട്ടി നോവുന്നു...
വിശപ്പിന്റെ അഗ്നി പൊട്ടിത്തെറിച്ച്
കുഞ്ഞുവയറുകൾ എരിഞ്ഞടങ്ങുന്നു....
അവ ആണ്ടിറങ്ങുന്നത് എന്റെ
ഹൃദയത്തെ തുളച്ചുകൊണ്ടാണ്..
ആഴമായ രണ്ട് ഗർത്തങ്ങൾ സൃഷ്ടിച്ച്.....
എനിക്കെന്ത് ചെയ്യാനാകും?
തെളിച്ചമുള്ള പകലിലും എന്റെ സൂര്യൻ
കെട്ടുപോയിരിക്കുന്നു.
വെണ്ണിലാചന്ദ്രനുള്ള രാവിലും
എന്റെ നക്ഷത്രങ്ങൾക്ക് മങ്ങിയ
നിറമാണ്....
കുടിനീരില്ലാതെ തുണ്ടു റൊട്ടി പോലും
അന്യമായിട്ടും നിന്റെ ശബ്ദത്തിന്
പതർച്ചയില്ല......
വെടിക്കോപ്പുകൾക്കും ബോംബ്
വർഷങ്ങൾക്കും
നിന്റെ ശബ്ദത്തെ തുലക്കാനാവില്ല.....
കുഞ്ഞുറാവാൻ മാപ്പ്.... മാപ്പ്... മാപ്പ്....
വംശവെറിയൻമാരുടെ
ചോരക്കൊതി തീരാത്ത
കറുത്ത മനസ്സ്.....
എനിക്കെന്ത് ചെയ്യാനാകും?
ഓരോ പിടി കന്നിമണ്ണും നിന്റെ
അവകാശമാണ്...!!
നിന്റെ ഇസ്സത്താണ്..!!
നീയാണ് ഇസ്സത്ത്.....!!
നീയാണ് രക്തസാക്ഷി..!!!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

