മൃതപക്ഷികൾക്ക് ഒരു മൗനസാക്ഷി
text_fieldsഎന്റെ മിട്ടു മരിച്ചു.
അല്ല, ഭ്രാന്തെടുത്ത അഞ്ചാറു കൊടിച്ചിപ്പട്ടികൾ
അവളെ കടിച്ചുകീറി കൊന്നു.
അവളുടെയമ്മ, എന്റെ മിമോ,
വിശേഷമറിയിച്ചതിൽ പിന്നെ
അവളെ നോക്കിയതും
അവൾക്കു പാർപ്പിടം ഉണ്ടാക്കിയതും
അവളുടെ പേറെടുത്തതും
കുഞ്ഞുങ്ങൾക്ക് ഡേ കെയർ ഒരുക്കിയതും
ഞാനാണ്.
കോരിച്ചൊരിയുന്ന മഴയത്ത്,
ആർത്തു കരയുന്നെന്റെ മിമോയോടൊപ്പം
മിട്ടുവിനു അവസാന കുഴി വെട്ടിയതും
ഞാൻതന്നെയാണ്.
പ്രതിരോധം തീർത്ത മുറിവുകളുമായി
പ്രതികാരാഗ്നി കണ്ണിൽ നിറച്ചു
പ്രതീക്ഷയോടെ എന്നെ നോക്കിയ
മിമോയുടെ മുറിവിലെ ചോര തുടച്ചുകൊണ്ട്
ഞാൻ പറഞ്ഞു;
സാരല്യാ, പൂച്ചക്കുഞ്ഞുങ്ങൾ
നായ്ക്കൾക്കുള്ളതാണ്.
ഫലസ്തീൻ മക്കൾ ഇസ്രായേലിനെന്ന പോലെ.
പ്രതിഷേധിക്കാനോ പ്രതിരോധിക്കാനോ
എനിക്കോ നിനക്കോ കഴിയില്ല.
അവളെന്നെ ഈർഷ്യയോടെ നോക്കി.
എനിക്കപ്പോൾ സ്വന്തം കുഞ്ഞിനെ
പുഴയിലെറിഞ്ഞ ഒരുവളെ ഓർമവന്നു.
മോളെ ബക്കറ്റിലെ വെള്ളത്തിലിട്ടുകൊന്ന്
റെയിൽവേ ട്രാക്കിലെറിഞ്ഞ
ഒരുത്തിയെ ഓർമവന്നു.
ആരാണ് യഥാർഥ മൃഗം;
എന്റെ മിമോയോ?
അതോ അവരോ?
ഇതെല്ലാം കണ്ടു മൗനിയാവുന്ന
ഞാനോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

