വീട്
text_fieldsആദ്യം ഉണർന്നിരുന്നത്
അമ്മയായിരുന്നു.
അടിച്ചു വൃത്തിയാക്കിയതും
തുടച്ചു മിനുക്കിയതും
അമ്മ തന്നെ...
വേവിച്ചു നിരത്തിയതും
അലക്കി വെളുപ്പിച്ചതും
അമ്മ തന്നെ...
എന്നാൽ വീട്, അതെന്നും
അച്ഛന്റേതായിരുന്നു.
അമ്മ, അണിയിച്ചൊരുക്കി വിട്ടിട്ടും,
അക്ഷരമോതിക്കൊടുത്തിട്ടും,
പഠിപ്പിച്ചു ജയിപ്പിച്ചിട്ടും
വിജയിയുടെ പേരിനൊപ്പം
ചേർന്നത് അച്ഛന്റെ പേര്.
കയറിച്ചെന്ന വീടും,
ഇറങ്ങി വന്ന വീടും,
ആരാന്റെ വീടായി മാറുന്ന സത്യം
അനുഭവത്തിന്റെ ചൂരും
ശീലത്തിന്റെ നേരും
വിളിച്ചോതുന്നുണ്ട്.
ഉരുകിത്തീർന്ന
പകലുകളിലൂടെയും
കരഞ്ഞൊലിച്ച
ഇരവുകളിലൂടെയും
പടർന്നു പന്തലിച്ച
വീടിനു മുന്നിൽവെച്ച്
‘സ്വന്തം വീട് എവിടെയാ’ എന്ന്
അന്വേഷിച്ചുകൊണ്ടല്ലേ
നിങ്ങളവരെ അന്യവൽക്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

