തോൽക്കുന്ന തോക്കുകൾ
text_fieldsഒരിക്കൽ കൊന്നവർ
വീണ്ടും വീണ്ടും കൊന്ന്
ചരിത്രത്തിൽനിന്നാമുഖത്തെ
മായ്ക്കാൻ ശ്രമിക്കുന്നു.
മറവിയെ അനുഗ്രഹമാക്കിയ
സുഖസുഷുപ്തിയിൽ
ദിനോത്സവങ്ങളിൽ
നമ്മളൊന്നും അറിയുന്നില്ലെന്നേയുള്ളൂ.
മൗനം മഹാ അപരാധമെന്ന
തിരിച്ചറിവില്ലാതെ
കാലത്തിനൊത്ത് മാത്രം
ചലിച്ചുകൊണ്ടേയിരിക്കുന്ന
തിരക്കിനെ നമ്മളുത്സവമാക്കുന്നു.
കൊന്നവരിപ്പോഴും
വിദ്വേഷത്തിന്റെ
വിളവെടുപ്പുത്സവം
ആടി തിമിർക്കുകയാണ്.
ഇനിമാറിയേ തീരൂ.
അനുസരണയേക്കാളേറെ
ലംഘനങ്ങൾ
ശീലമാക്കിയേ നമുക്ക്
പ്രതിരോധിക്കാനാവൂ.
പൂട്ടിയിടപ്പെട്ടവാക്കുകളെ
ആയുധപ്പുരകളാക്കണം.
മൗനത്തിന്റെ ഗർത്തങ്ങളിൽനിന്നും
തടവുചാടിയെത്തുന്ന
വാചാലതകളെ പരിചയാക്കണം.
ചോദ്യശരങ്ങൾകൊണ്ട്
ആവനാഴികൾ നിറച്ച്
മൗനവും മറവിയും
ഒരുപോലെ കുറ്റകരമെന്ന
വിധി വരണം.
ഉത്തരങ്ങൾക്കുവേണ്ടിയുള്ള
മുഷ്ടികൾ നിരന്തരമുയർത്തി
മൗനം ഒളിപ്പിച്ചിരിക്കുന്ന
കോട്ടകളിൽ വസന്തത്തിന്റെ
അമിട്ടുകൾ പൊട്ടണം.
ഒന്നിലേറെത്തവണ
കൊന്നിട്ടും ചിരിമായാത്ത
ആ മുഖം ഇപ്പോഴുമവർ
ഭയക്കുന്നു എന്നിടത്താണ്
തോക്കുകൾ തോറ്റു
തോറ്റുകൊണ്ടേയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.