കവിതകളുടെ കണ്ണുകളിൽ
text_fieldsഅതിജീവനത്തിന്റെ ഉൾക്കടൽതേടി
ഞാനൊരുയാത്രപോയി!
കണ്ടതൊക്കെയും നീറി പുകഞ്ഞ
ഓർമയുടെ അവശേഷിപ്പുകൾ!
എത്ര ചേർത്തണച്ചാലും മരണത്തിന്റെ
രാത്രിയിലേക്ക്
ഒറ്റക്ക് സഞ്ചരിക്കുന്നവർ!
ശ്വാസം മുറിഞ്ഞ്
തളർന്നു വീഴുമ്പോഴും
ദയയോടെ മിഴിനീരിറ്റിച്ച്
അന്യരായി മാറിനിൽക്കുന്നവർ!
കോർത്തുപിടിച്ചവിരൽത്തുമ്പിൽനിന്നും
പാതിയുടെ പിടിവിട്ട്
നീലവെളിച്ചത്തിലേക്ക്
നിഴലൊളിപ്പിച്ചു മറയുന്നവർ!
ചിന്തകളുടെ ഉൾവനങ്ങളിലേക്ക്
തീ പടർത്തിയ ചിറകുമായി
നൃത്തം ചെയ്യുന്നവർ!
ജീവിതത്തിന്റെ അർഥങ്ങൾതേടി
വാക്കുകളുടെ ആഴങ്ങളിലിറങ്ങി
വേരറ്റ് പോകുന്നവർ!
കരഞ്ഞു കരഞ്ഞു തളർന്ന്
ഓർമയുടെ പെരുമഴയിൽ
മൂടിപ്പുതച്ച് കണ്ണീർക്കടൽ
പെറ്റുകൂട്ടുന്നവർ.
ഓരോ യാത്രയിലും
പൂരിപ്പിക്കാനാകാത്ത ഓരോരോ
ജീവിതങ്ങൾ എഴുതപ്പെടുന്നു.
നഷ്ടങ്ങളിൽ ഇഷ്ടപ്പെട്ടതൊക്കെ
ചേർത്തിങ്ങനെ ഓരോ യാത്രയുടെയും
അർഥം കുറിക്കുമ്പോൾ
എഴുതപ്പെടുന്ന ഓരോരോ
കവിതകളുടെയും കണ്ണുകളിൽ
വീണ്ടും ജീവിതത്തിന്റെ ഭ്രാന്തുകൾ
നിറയെ പൂക്കുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

