Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയധ്യാനങ്ങളുടെ ഛായാചിത്രങ്ങൾപ്രണയധ്യാനങ്ങളുടെ ഛായാചിത്രങ്ങൾ

text_fields
bookmark_border
പ്രണയധ്യാനങ്ങളുടെ ഛായാചിത്രങ്ങൾപ്രണയധ്യാനങ്ങളുടെ ഛായാചിത്രങ്ങൾ
cancel

എൻ.ബി. സുരേഷ് രചിച്ച് ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘ഛായാമുഖി’ 74 പ്രണയകവിതകളുടെ സമാഹാരമാണ്. ‘കാലംപോലെ എല്ലായ്പ്പോഴും ഉള്ളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന പ്രണയമാണ് ഈ കവിതകളിൽ ലയിച്ചിരിക്കുന്ന സ്ഥായി. നിർവചിക്കാൻ തുടങ്ങവേ അപ്രത്യക്ഷമാവുകയോ രൂപം മാറി അമ്പരപ്പിക്കുകയോ ചെയ്യുന്ന മായപ്പൊന്മാനായി ഉള്ളിലും ചുറ്റിലും നിറഞ്ഞിരിക്കുന്ന, ഖരമായി ഉറഞ്ഞും ജലമായി ഒഴുകിയും അദൃശ്യ ബാഷ്പമായി അലിഞ്ഞും ലോകജീവിതത്തെ ആനന്ദനിമിഷങ്ങൾ ചേർത്തുവെച്ച സൗന്ദര്യമാക്കി മാറ്റുന്ന അതേ പ്രണയം...’ എന്ന് ഈ കവിതകളുടെ ജീവാംശത്തെ ആമുഖക്കുറിപ്പിൽ കവി സൂചിപ്പിച്ചിട്ടുണ്ട്.

അരക്ഷിതവും അശാന്തവുമായ എല്ലാത്തരം ജീവിതാവസ്ഥകളെയും മാറ്റിവെച്ചുകൊണ്ട് പ്രണയം എന്ന ഒറ്റത്തുരുത്തിനെ മാത്രം വലംവെച്ചുകൊണ്ടിരിക്കുന്ന കേവുവഞ്ചിയായി മാറുകയാണ് ഇവിടെ കവിത. അരൂപിയും അനിർവചനീയയുമായ പ്രണയം മാത്രമല്ല, ആ വികാരം സമ്മാനിക്കുന്ന അനന്തമായ ആഹ്ലാദം, സംഘർഷം, സന്താപം, വിരഹവേദന, കാത്തിരിപ്പിെന്റ ദൈർഘ്യം, ചിന്തകളും ഓർമകളും എന്നിങ്ങനെ മനസ്സിൽ പലവിധ അടരുകളായി ഉരുവം കൊള്ളുന്ന നാനാവിധത്തിലുള്ള വികാരങ്ങളുടെ ഒരു സമ്മിശ്രാനുഭവം തന്റെ ഭാവനക്കുതകും വിധത്തിലുള്ള ശിൽപരൂപത്തിലൂടെ വാർത്തെടുക്കാൻ കവിക്ക് സാധിച്ചിട്ടുണ്ട്.

ഭാഷയുടെ മദിപ്പിക്കുന്ന ലാവണ്യത്താലും ബിംബസമൃദ്ധിയാലും ഏറെ അനുഗൃഹീതമാണ് ഇതിലെ കവിതകൾ. ചില കവിതകൾ, വലിയ കടലിരമ്പത്തിനുശേഷമുണ്ടാകുന്ന പ്രശാന്തത എപ്രകാരമാണോ സാഗരഗർജനത്തിന്റെ ഗാംഭീര്യം വ്യക്തമാക്കുന്നത് അപ്രകാരം രചിച്ചവയാണ്. അസാധാരണമായ ചില കവിതകൾ പ്രണയത്തിന്റെ പ്രശാന്തധ്യാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

പ്രണയോന്മാദത്തിന്റെ കവിതാലഹരിയാണ് ‘ഒരിക്കൽക്കൂടി’. അങ്ങേയറ്റം വിരുദ്ധസ്വഭാവമുള്ള രണ്ട് അർഥങ്ങളുടെ കെട്ടുപിണയലിലൂടെയാണ് മുന്നേറുന്നത്. ഉണങ്ങിപ്പോയ ജീവിതവൃക്ഷത്തിന് ഒരേ സമയം വായുവും വെള്ളവുമായി പുത്തൻനാമ്പുകളും തളിരുകളും പൂക്കളും ഫലങ്ങളും സമ്മാനിക്കുന്ന പുനർനവയായി മാറുകയാണ് ഇവിടെ പ്രണയം. ഇതേ ആശയത്തിന്റെ മറ്റൊരു ഭാവപ്രകാശനമാണ് ‘ഞാൻ’ എന്ന കവിതയിലും ദൃശ്യമാകുന്നത്.

എനിക്കും നിനക്കുമിടയിൽ അകലങ്ങളുടെ അളവുകോലുകൾക്ക് യാതൊരു സ്ഥാനവും പ്രസക്തിയുമില്ല. ‘സമാന്തരം’ എന്ന കവിതയിൽ ഞാനും നീയും ഭൗതികമായി വിദൂരസ്ഥരാണ്. പക്ഷേ, നമ്മുടെ ജീവിതത്തിനും കവിതക്കുമിടയിൽ അകലങ്ങളേയില്ല. നീ പുറപ്പെട്ടാൽ ഞാൻ ദൂരമളക്കാതെ നടന്നുതുടങ്ങും. വ്യത്യസ്തമായ മറ്റൊരു പ്രണയാനുഭവമാണ് ‘പ്രണയബുദ്ധൻ’ എന്ന കവിത. ഇതിൽ, ‘ഞാൻ’ വിഷാദിയും ‘നീ’ ബോധിസത്വനുമാണ്.

‘പരകായം’ എന്ന കവിതയിലും കായാന്തരീകരണം സംഭവിക്കുന്നുണ്ട്. ഞാനും നീയും കാലദേശങ്ങളുടെ അതിർത്തികൾ കടന്നുകടന്ന് അരൂപികളായി സഞ്ചരിക്കുകയാണ്. ‘അപ്പോൾ’ എന്ന അതിസുന്ദരമായ കവിതയും പ്രണയത്തെ തത്ത്വചിന്തയുടെ പാതയിലൂടെ വഴികാണിച്ചുകൊടുത്ത് ആത്മീയതയുടെ ഉന്നതികളിലേക്ക് ഉയർത്തുന്ന ഒന്നാണ്. നീ കടന്നുപോയപ്പോൾ വഴിയരികിൽ നിന്ന എന്നെ ഒന്നു തിരിഞ്ഞുനോക്കിയിരുന്നു. അതോടെ, ഭൂമിക്കടിയിലേക്ക് എന്റെ വേരുകൾ പടരാൻ തുടങ്ങുകയും നീട്ടിയ കൈകളിൽ പക്ഷി കൂടുവെക്കുകയും ചെയ്യുന്നുണ്ട്. എന്റെ നെഞ്ചിലെ ഘടികാരത്തിന്റെ താളം വിറയാർന്ന് പതുക്കെയാകുന്നു...

ഛായാമുഖി എന്ന വാൽക്കണ്ണാടി ഭാരതീയ ഭാവനയുടെയും ചിന്താപാരമ്പര്യത്തിന്റെയും തനതുസൃഷ്ടിയാണ്. ആ ദർപ്പണത്തിൽ മുഖംനോക്കുന്നയാൾ കാണുന്നത് താനേറ്റവുമധികം പ്രണയിക്കുന്നയാളിന്റെ പ്രതിബിംബത്തെയാണ്. ‘ഛായാമുഖി’യിലെ ‘ഞാൻ’ അതിൽ നോക്കുമ്പോൾ കാണുന്നത് ‘നിന്നെ’ മാത്രമാണ്.

ഈ സമാഹാരത്തിലെ കവിതകളുടെ ദാർശനികാപഗ്രഥനത്തിൽ അന്തിമമായി ഞാനും നീയും ഒരാൾതന്നെയാണ് എന്ന തീർപ്പിലേക്കാണ് അനുവാചകഹൃദയങ്ങൾ എത്തിച്ചേരുന്നത്. തന്റെയുള്ളിൽ കുടിയിരിക്കുന്ന ഒറ്റപ്പെട്ടവനും ഏകാന്തപഥികനും സ്വപ്നസഞ്ചാരിയുമായ ‘ഞാൻ’ എന്നയാളിന്റെ കൂട്ടാളിയും സഹചാരിയുമാണ് എന്റെയുള്ളിലെ ‘നീ’. ഞാൻ, നീ എന്നീ വിരുദ്ധ ദ്വന്ദ്വങ്ങളുടെ സമ്മോഹനമായ മേളനമാണ് എന്റെ അസ്തിത്വം എന്ന സങ്കൽപനമാണ് ഈ കവിതകളുടെ ഏറ്റവും ശക്തമായ ദാർശനികാടിത്തറ.

എന്റെയുള്ളിലെ പ്രാണസഞ്ചാരത്തിന്റെ മറുപകുതി നീ മാത്രമാണ്. ഈ ‘നീ’ എന്ന പരികൽപനയെ കവിത എന്നു പരാവർത്തനം ചെയ്താൽ ഓരോ കവിതക്കും വേറിട്ട പാഠഭേദങ്ങൾ തീർക്കാൻ ആസ്വാദകരെ ഇതിലെ കവിതകൾ സഹായിക്കുന്നുണ്ട്. ഇങ്ങനെ, അത്രമേൽ ചലനാത്മകവും ജൈവികവും സ്വാഭാവികവുമായ പ്രണയത്തിന്റെ ധ്യാനാത്മക ലാവണ്യവും വന്യസൗന്ദര്യവും പ്രകാശിപ്പിക്കുന്ന കവിതകളാൽ സമ്പന്നമാണ് ‘ഛായാമുഖി’.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chhayamukhi Poetry Collection: Capturing the Essence of Meditative Love
Next Story