Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപ​ട്ടി​യും പു​ട്ടി​യും

പ​ട്ടി​യും പു​ട്ടി​യും

text_fields
bookmark_border
പ​ട്ടി​യും പു​ട്ടി​യും
cancel

ശസ്ത കലാപ്രതിഭ ടി. സുരേഷ്ബാബു കഴിഞ്ഞ ദിവസം എന്നെ വിളിച്ചത് വർധിച്ച ആവേശത്തോടെയാണ്. സുരേഷ്ബാബുവിന് എന്തുപറ്റി എന്ന് തോന്നിപ്പോകുംവിധമുള്ളൊരാവേശമാണ് ആ വിളിയിൽ വീർപ്പു മുട്ടിയത്. ‘അത് എന്തായാലും നാടകമാക്കും’ എന്ന് അദ്ദേഹം ആവർത്തിച്ചു. അതൊരു കോരിത്തരിപ്പുണ്ടാക്കുന്ന തീർപ്പായി, കുടഞ്ഞുകളയാനാവാത്ത വീര്യമായി ഇപ്പോഴും ഉള്ളിൽകിടന്ന് കുതറുകയാണ്. ഒരു പ്രഭാഷണത്തിലും, മാധ്യമം വാരാന്ത്യപ്പതിപ്പിലെ കോളത്തിലും പരാമർശിച്ച, ‘പട്ടിയായാലും പുട്ടിയാവരുത്’ എന്ന എന്റെയൊരു പുതുചൊല്ലാണ്, പ്രിയ സുരേഷ്ബാബുവിന് നാടകാവിഷ്കാരത്തിനുള്ള പ്രചോദനമായത്.

ആ ചൊല്ല് മറവികളിൽ അഭിരമിക്കുന്ന ഒരു കാലത്തിനെതിരെയുള്ള പ്രതികരണമെന്ന നിലക്കാണ് രൂപംകൊണ്ടത്. ശ്രദ്ധിച്ച് കാതോർത്താൽ മിലാൻ കുന്ദേര വിശദമാക്കിയ ‘ഒരു ചെകുത്താൻ ചിരി’ അതിൽനിന്നും കേൾക്കാൻ കഴിയും. അധികാരവിധേയരുടെ ‘ഇളി’യെ കുന്ദേര കണ്ടത് ‘മാലാഖചിരി’യായിട്ടാണ്. ‘ചെകുത്താൻചിരി’ മലയാളത്തിൽ ‘നമ്പ്യാർചിരി’ എന്നും വിളിക്കാവുന്നതാണ്.

അമ്പലപ്പുഴ രാജാവിന്റെ ക്ഷണം സ്വീകരിച്ചെത്തിയ പ്രതിഭകൾ മഹാരാജാവിനൊപ്പം അമ്പലപ്പുഴ പാൽപ്പായസം കോരിക്കുടിക്കുകയാണ്. അപ്പോഴാണ് മഹാരാജാവ് പെട്ടെന്ന് പായസത്തിന് എന്തൊരു കയ്പ് എന്ന നുണബോംബ് പൊട്ടിച്ചത്. തിരുവുള്ളത്തിന്റെ തിരുമൊഴി കേൾക്കേണ്ട താമസം സർവരും, ‘ഛെ, എന്തൊരു കയ്പ്’ എന്നുപറഞ്ഞ് കുടി നിർത്തി. പക്ഷേ അപ്പോഴും ഒരാൾമാത്രം പായസം കുടിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഇളിഭ്യനായ രാജാവ് ചോദിച്ചു. എന്താ കയ്ക്കുന്നില്ലേ? മറുപടി അപ്രതീക്ഷിതമായിരുന്നു. ‘അടിയന് പഞ്ചസാരയുടെ കയ്പ് ഇഷ്ടമാണ്’. അധികാരത്തിന്റെ കൃത്രിമ ഗൗരവത്തെ നിസ്സാരമാക്കി, വിധേയത്വം വരച്ച അന്ധമായ അനുസരണത്തിന്റെ വൃത്തത്തിൽനിന്നും പുറത്തേക്ക് തുള്ളിത്തെറിച്ച് ഉള്ളിൽ ചിരിച്ച് തിമർത്തത് മലയാളത്തിന്റെ അഭിമാനമായ നമ്പ്യാരായിരുന്നു. ‘ഒരുത്തർക്കും ലഘുത്വത്തെ/ വരുത്തുവാൻ മോഹമില്ല/ ഒരുത്തനും ഹിതമായി-/പറവാനും ഭാവമില്ല’ എന്ന് നിർഭയം പ്രഖ്യാപിച്ച തുള്ളൽപ്രസ്ഥാന നായകനായ കലക്കത്ത് കുഞ്ചൻനമ്പ്യാർ! ‘തേവർവീഴ്ത്തി പ്രസ്ഥാന നായകൻ’എന്ന് കേസരി ബാലകൃഷ്ണപിള്ള അഭിവാദ്യംചെയ്ത അതേ കുഞ്ചൻനമ്പ്യാർ!

‘പട്ടി-പുട്ടി’ ചൊല്ലിൽ ഒന്നും ഓർമിക്കാത്ത അരാഷ്ട്രീയ മനുഷ്യരെ, മനുഷ്യജീവിതത്തിന്റെ മഹത്വം പഠിപ്പിക്കുന്നത്, ഒരു സാധാരണ പട്ടിയാണ്. ചൈനക്കാരുടെ മാക്സിംഗോർക്കി എന്ന് മാവോ വിശേഷിപ്പിച്ച ലുഷന്റെ, ‘ഒരു നായയുടെ തിരിച്ചടി’ (A retort of a dog) എന്ന കവിതയിൽ വെച്ചാണ്, മറവികൾക്കെതിരെ കുരക്കുന്ന ആ പട്ടിയെ ഞാൻ ആദ്യം കണ്ടത്. ‘പുട്ടി’ കിട്ടിയത് നിയോമി ക്ലീനിൽ നിന്നാണ്. ‘People without memory are putty’ എന്നാണവർ എഴുതിയത്. ഓർമകൾ നഷ്ടമായ ഒരു മനുഷ്യനെ, ഓർമയിലേക്ക് മഹാവൈദ്യനായ മെൻഷിയസ്സ് തിരിച്ചുകൊണ്ടുവന്നതിനെക്കുറിച്ച്, സച്ചിദാനന്ദൻമാഷ് എഴുതിയൊരു കവിത മുമ്പ് വായിച്ചത് ഓർമയിലുണ്ട്. ആ കവിതയിൽ ഉണ്ണാൻ മറന്നവനെ മൂന്നുദിവസം പട്ടിണിക്കിട്ടപ്പോൾ അയാൾ ഉണ്ണാൻ ഓർമിച്ചതായാണ് പറയുന്നത്. എന്നാൽ മൂന്ന് ദിവസമല്ല, മുന്നൂറ് ദിവസം പട്ടിണിക്കിട്ടാലും ഒന്നും ഓർമിക്കാത്തവരെക്കുറിച്ചാണ് ലുഷൻ പറയാതെ പറയുന്നത്.

‘മണ്ണും ചാണകവും’ തിരിച്ചറിയാത്ത, ആൾക്കൂട്ടക്കൊലകളെക്കുറിച്ച് അസ്വസ്ഥനാകാത്ത ഒരു ‘പുട്ടിയാൻ’ അഥവാ ‘മറവിമനുഷ്യൻ’ നിരത്തിലൂടെ അശ്രദ്ധമായി നടക്കുകയാണ്. അപ്പോൾ കാലിന്റെ പിറകിൽ എന്തോ തൊട്ടതായി ആ പുട്ടിയാന് തോന്നി. തിരിഞ്ഞുനോക്കിയപ്പോൾ അതാ നിൽക്കുന്നു നാവും നീട്ടി ഒരു പട്ടി. ‘ഛെ, കാല് നക്കുന്ന പട്ടി’ എന്ന് പറഞ്ഞ്, എന്തോ മഹദ്കാര്യം നിർവഹിച്ച ചാരിതാർഥ്യത്തോടെ അയാൾ ഒരു കല്ല് പോലും എടുക്കാതെ പിന്നെയും ഒന്നും സംഭവിക്കാത്ത മട്ടിൽ നടന്നുപോവുമ്പോൾ, ആ പട്ടി പറഞ്ഞു. ‘അക്കാര്യത്തിൽ ഞാൻ നിന്നോളമില്ല’. ആ പട്ടിപറച്ചിലിന്റെ ആഴങ്ങളറിയാതെ ലുഷന്റെ കവിതയിലെ ആ അരാഷ്ട്രീയവാദിയെപ്പോലെ പുട്ടിയാന്മാർ ഇപ്പോഴും നടന്നുകൊണ്ടേയിരിക്കുകയാണ്!

നിക്കോസ് കസാൻസാക്കിസ് അനശ്വരമാക്കിയ സോർബയോട് ഹുസ്സൈൻആഗ പറഞ്ഞു: ‘നിന്നോട് ഞാനൊരു സ്വകാര്യം പറയാം. എന്നാൽ ഇപ്പോൾ നിനക്കത് മനസ്സിലാവില്ല. നീ ചെറിയ കുട്ടിയല്ലേ. പക്ഷേ വളർന്നു വലുതാകുമ്പോൾ നിനക്കത് മനസ്സിലാവും. സ്വർഗത്തിന്റെ ഏഴുനിലകൾക്കോ ഭൂമിയുടെ ഏഴുനിലകൾക്കോ ദൈവത്തെ ഉൾക്കൊള്ളാൻ കഴിയില്ല. എന്നാൽ മനുഷ്യന്റെ ഹൃദയത്തിന് അത് പറ്റും. അതുകൊണ്ട് അലക്സിസ്, നീ ശ്രദ്ധയോടെ വേണം ജീവിക്കാൻ. ഒരിക്കലും ഒരു മനുഷ്യന്റെ ഹൃദയം വേദനിപ്പിക്കരുത്’.

പുട്ടിയാനായാൽ ആദ്യം ശ്രദ്ധ കുറയും, പിന്നെ അപരവിദ്വേഷത്തിൽനിന്നും പ്രിയത്തിലേക്ക് കടക്കുമ്പോൾ വല്ലാതെ കിതക്കും. എന്നാൽ ഹുസ്സൈൻ ആഗ പറഞ്ഞ ആ ‘ശ്രദ്ധ’ വന്നാൽ ‘പരമ്പരാഗത’ വ്യക്തിഗത വിശ്വാസങ്ങളിലേക്കുപോലും പ്രകാശം ഇടിച്ചുകയറും.

ഞാൻ സന്ധ്യക്ക് വീട്ടിൽ നിലവിളക്ക് കത്തിക്കുമ്പോൾ ഒരു തിരി ഡി.യിലെ മെത്രാനുവേണ്ടിയും കത്തിക്കാൻ തുടങ്ങി എന്ന് ദേവകിനിലയങ്ങോട് എഴുതിയത് വായിക്കുമ്പോൾ, അതിൽ തെളിയുന്നത് മുമ്പേ പരാമർശിച്ച ആ ഹൃദയവിശാലതയും ശ്രദ്ധയുമാണ്. 1925ലാണ് നാലപ്പാട്ട് നാരായണമേനോൻ പാവങ്ങൾ വിവർത്തനം ചെയ്യുന്നത്. നിയമത്തിനെതിരെ നീതിക്കൊപ്പം നിൽക്കുന്ന പാവങ്ങളിലെ ആ മഹാത്മാവാണ്, ദേവകി നിലയങ്ങോടിന്റെ നിലവിളക്കിൽ ഒരു ‘എക്സ്ട്രാ’ തിരിയായി മാറിയതെന്നുള്ളത് വിശ്വാസ-അവിശ്വാസ ഭേദമന്യേ സർവരേയും കോരിത്തരിപ്പിക്കും. ‘വെളിച്ചം തൂകീടുവോളം പൂജാർഹം താനൊരാശയം’ എന്ന് ഇടശ്ശേരി. ഒരു തുള്ളി വെളിച്ചമെങ്കിൽ ഒരുതുള്ളി വെളിച്ചം അത്രയും എവിടെനിന്ന് വന്നാലും നമ്മളതിനെ സ്വാഗതം ചെയ്യണം. എന്നാൽ, പൊതുവേദികളിൽ നിലവിളക്ക് കത്തിച്ചിട്ടില്ലെങ്കിൽ ഭാരതസംസ്കാരം ഇല്ലാതാവുമെന്ന മിഥ്യയുടെ മുമ്പിൽ മുട്ടുകുത്തുന്നത് ‘പുട്ടിത്തര’മാണ്.

കത്തിക്കുന്നവർക്ക് കത്തിക്കാം, അല്ലാത്തവർക്ക് കത്തിക്കാതിരിക്കാം എന്നല്ലാതെ, കത്തിക്കാതിരുന്നാൽ മതനിരപേക്ഷതയുടെ ഭൂമി വിണ്ടുകീറും, ആകാശം വിളറും തുടങ്ങിയ അസംബന്ധങ്ങൾ, ബഹുസ്വരസംസ്കാരം ശക്തിപ്പെടുത്തണമെന്ന് ആവേശപൂർവം പറയുന്നതിനിടയിലെങ്കിലും ആവർത്തിക്കരുത്. ചിലർ കത്തിക്കുമ്പോൾ മാത്രം കൂടുതൽ കൈയടിക്കുന്നതിൽ, പതിയിരിക്കുന്നത് ‘പുട്ടിത്തരമാണ്’. ‘തനിമ നമ്മുടെ ശക്തി പലമ നമ്മുടെ മഹത്വം’ എന്ന ജനായത്ത തത്ത്വം തകർക്കപ്പെടരുത്. ‘നാനാത്വത്തെ’ കൃത്രിമ ഏകത്വത്തിനു മുമ്പിൽ ബലി അർപ്പിക്കരുത്. വിളക്കിനുള്ളത്ര പ്രൗഢി ഒട്ടും കുറയാതെ നാടയ്ക്കും, ബൾബിനും, ‘ഉദ്ഘാടനം ചെയ്യുന്നു’, എന്നൊരൊറ്റ വാക്കിനും, .... ഉണ്ട്. അങ്ങനെയിരിക്കെ വലിയ അർഥമൊന്നുമില്ലാത്ത ഒരനുഷ്ഠാനത്തെ ഏതെങ്കിലുമൊന്നിൽ മാത്രം തളച്ചിട്ട്, ‘ഇതുതാൻ മതനിരപേക്ഷത’ എന്ന് തള്ളേണ്ട ഒരു കാര്യവുമില്ല. 1993ൽ ദേശാഭിമാനി വാരികയിലെ സ്വകാര്യ പംക്തിയിൽ ഇ.എം.എസ് വിളക്ക് കൊളുത്തൽ കാര്യത്തിൽ, മതനിരപേക്ഷവാദികൾ കൊളുത്താത്ത കുഞ്ഞാലിക്കുട്ടിയുടെ വഴി പിന്തുടരേണ്ടി വരുമെന്ന് എഴുതുകയുണ്ടായി! അന്ന് സംഘ്പരിവാർ ശക്തികൾ കോവിഡിനെതിരെ ‘പ്രകാശയുദ്ധം’ നടത്തിയിരുന്നില്ല എന്നുകൂടി ഓർക്കണം.

ഭൂമിപൂജ, വൃക്ഷപൂജ, പാദപൂജ, വിളക്ക്പൂജ... എന്നിവയിൽ താൽപര്യമുള്ളവർക്ക് അതും, അല്ലാത്തവർക്ക് മണ്ണടുപ്പം, വൃക്ഷസ്നേഹം ഇത്യാദികളും ആവുന്നതല്ലേ ഉചിതം? സിഗരറ്റിൽനിന്ന് വരുന്നതിനേക്കാൾ അഞ്ച് മടങ്ങ് അപകടകാരികളായ, കരിയുടെ ചെറുകണങ്ങൾ നിലവിളക്ക് കത്തുമ്പോൾ ഉണ്ടാവുന്നുണ്ട് എന്ന് അമ്പലപ്പുഴയിൽ 2024ൽ നടന്ന പെൻഷൻകാരുടെ സമ്മേളനത്തിൽ ഡോ. അഗസ്ത്യമോറിസ് പറഞ്ഞ മാത്രയിൽ, ഉദ്ഘാടനാവശ്യാർഥം അത് കത്തിച്ചുവെച്ചവർ തന്നെ ഓടിച്ചെന്ന് ആ വിളക്ക് കെടുത്തിയെന്ന് ഒരു വാർത്ത വന്നിരുന്നു! വല്ല നാടയോ മറ്റോ ആയിരുന്നെങ്കിൽ.….

നാ​ല​പ്പാ​ട്ട് നാ​രാ​യ​ണ​ മേ​നോ​ൻ, ഇ.​എം.​എ​സ്

നാടയിൽ നീണ്ടുനിൽക്കാത്ത എന്തോ ഒന്ന്, ബൾബിൽ തെളിയാത്ത എന്തോ എന്ന്, ഉദ്ഘാടനം ചെയ്യുന്നു എന്നൊരൊറ്റ അനാഡംബര വാക്കിൽ ഉറച്ചുനിൽക്കാത്ത, എന്തോ ഒന്ന് നിലവിളക്കിൽ നിവർന്ന് നിൽക്കുന്നുണ്ട്. അതാണ് അപഗ്രഥിക്കപ്പെടേണ്ടത്. അതിനുപകരം അത് കത്തിക്കുന്നവരെ പ്രത്യേകം സ്തുതിക്കുകയോ, കത്തിക്കാത്തവരെ നിന്ദിക്കുകയോ ചെയ്യേണ്ടൊരു കാര്യവുമില്ല. ഔപചാരികമായ ഒരു ചടങ്ങെന്ന നിലയിൽ, വിമർശിച്ചുകൊണ്ടുതന്നെ കൊളുത്തുന്ന ഒരാളാണ് ഞാൻ. എന്നാൽ, അതേസമയം വിമർശിക്കുകയും കൊളുത്താതിരിക്കുന്നവരുമുണ്ട്. ഇതിൽ പല മതത്തിൽ പെട്ടവരും ഒരു മതത്തിലും പെടാത്തവരുമുണ്ട്. ഇതൊന്നും പരിഗണിക്കാതെ, നിഴൽയുദ്ധം നടത്താൻ ‘നിലവിളക്ക് ബഹളം’ ഉണ്ടാക്കുന്നത് അത്ര നല്ലതല്ല.

ഭക്തിപൂർവം രാമായണം വായിക്കുന്നവർ, സാഹിത്യ താൽപര്യാർഥം വായിക്കുന്നവർ, വായിക്കാൻ അത്ര ആഭിമുഖ്യമില്ലാത്തവർ, ഇതേക്കുറിച്ചൊന്നും പല കാരണങ്ങളാൽ കേൾക്കാൻപോലും അവസരം കിട്ടാത്തവർ എന്നിങ്ങനെ എത്രയെത്ര തരം സാമൂഹിക വിഭാഗങ്ങളാണ് നമ്മുടെ ഇന്ത്യയിലുള്ളത്. ഇങ്ങിനെയിരിക്കെ ഇതുപോലുള്ള കാര്യങ്ങളിൽ സാധാരണഗതിയിൽ ആരും ഉന്തും തള്ളും ഉണ്ടാക്കില്ല. എന്നാൽ, ഈ സാധാരണ യുക്തിയൊന്നും ഫാഷിസ്റ്റുകൾക്ക് ബാധകമാവില്ല. കാരണം സവർണ പ്രത്യയശാസ്ത്രം സൃഷ്ടിച്ച ഭാഗിക മനുഷ്യരിലാണവർ സ്വന്തം മാതൃക കാണുന്നത്. സർവരിലേക്കും സ്വന്തത്തെ കുത്തിവെക്കാനാണവർ ശ്രമിക്കുന്നത്. വ്യത്യസ്തതകളെ മുഴുവൻ ഭാരതീയ സംസ്കാരത്തിൽ വിള്ളലുണ്ടാക്കുന്ന കുറ്റകൃത്യമായാണവർ കാണുന്നത്. സർവമത പ്രാർഥനകൾപോലും ചോദ്യവിധേയമാവുന്ന ഒരവസ്ഥയിലേക്കാണ് കാര്യങ്ങൾ മുന്നേറുന്നത്! 2020 ഏപ്രിൽ അഞ്ചിന് ‘കോവിഡിനെതിരെ പ്രകാശയുദ്ധം’ എന്ന പേരിൽ സംഘ്പരിവാർ പ്രസിദ്ധീകരണം അവകാശപ്പെട്ടത്, ദീപം തെളിക്കൽ ഭാരത സംസ്കൃതിയുടെ ഭാഗമാണ് എന്നാണ്. രാജ്യത്തിന്റെ പോരാട്ടത്തിന് ഇന്ന് ‘ദീപാരാധന’ എന്നായിരുന്നു അന്നത്തെ ആവേശപ്രകടനം! സത്യത്തിൽ ദീപം തെളിക്കൽ അടക്കം എന്തും അതിൽ താൽപര്യമുള്ളവരുടെ മുഴുവൻ സംസ്കൃതിയുടെ ഭാഗമാണെന്നും, അതിൽ താൽപര്യമില്ലാത്തവരുടെ സംസ്കൃതിയുടെ ഭാഗമല്ലെന്നും പറയാനുള്ള വിനയമാണ് വികസിപ്പിക്കപ്പെടേണ്ടത്.

ചില ഇഷ്ടങ്ങൾക്കൊപ്പം ഇഷ്ടമില്ലായ്മകളും, പല ‘പോലെ’കൾക്കൊപ്പം വ്യത്യസ്തതകളും കൂടിച്ചേരുമ്പോഴാണ് സംസ്കാരങ്ങളൊക്കെയും സർഗാത്മകമാവുന്നത്. മസ്തിഷ്‍കത്തിലേക്ക് മസില് കേറിയവർക്കൊഴിച്ച് മറ്റുള്ളവർക്കെല്ലാം ഇതൊക്കെ എളുപ്പം മനസ്സിലാവും. ജാതിമേൽക്കോയ്മ പ്രത്യേക മുന്നറിയിപ്പൊന്നുമില്ലാതെ ഇന്ത്യയുടെ ആകാശത്തിൽനിന്നും വർഷിച്ചുകൊണ്ടിരിക്കുന്ന, സാംസ്കാരികബോംബിനെ മഴക്കാലത്തെ സാധാരണ ഇടിവെട്ടും മിന്നലുമായി കാണുന്ന അരാഷ്ട്രീയ ബോധത്തോട് നിരന്തരം മൽപിടിത്തം നിർവഹിക്കാതെ ഒരു ഇന്ത്യാക്കാരനും ഇനി മുന്നോട്ടുപോവാനാവില്ല. ‘പിച്ചതെണ്ടാനല്ലിത്തെങ്ങുകൾ/ തന്നതു ചിരട്ടകൾ/ കയർ തൂങ്ങുവാനല്ല’(വൈലോപ്പിള്ളി).

ഒരിക്കൽ എസ്.എഫ്.ഐ വിദ്യാർഥി ക്യാമ്പിൽ, യൂനിവേഴ്സിറ്റി യൂനിയൻ ഉദ്ഘാടനത്തിന് എപ്പോഴും വിളക്ക്തന്നെ നിർബന്ധമായും കത്തിക്കേണ്ടതില്ലെന്നും ‘ബഹുസ്വരത’ ജീവിതത്തിന്റെ സമസ്ത മണ്ഡലത്തിലും നടപ്പിൽവരുത്തേണ്ടതുണ്ടെന്നും അതിനുവേണ്ടി പല ബദലുകളും കണ്ടെത്തേണ്ടതുണ്ടെന്നും പറയുകയുണ്ടായി. ആ പറച്ചിലിൽനിന്നും ആവേശം കൊണ്ടാവാം ആ വർഷം കോഴിക്കോട് സർവകലാശാല യൂനിയന്റെ ഉദ്ഘാടനം ഡോ. കെ.എൻ. പണിക്കർ മാഷ് ഒരു പ്രാവിനെ പറത്തിച്ചാണ് നിർവഹിച്ചത്. അതേക്കുറിച്ച് മുമ്പൊരു പ്രബന്ധം തന്നെ ഞാൻ ആഹ്ലാദത്തോടെ എഴുതുകയുണ്ടായി! ഒന്നിനോടുമുള്ള വിരോധംകൊണ്ടല്ല, വ്യത്യസ്തതകളോടുള്ള ആദരവുകൊണ്ടു മാത്രം. പിന്നീടാ പ്രാവ് എങ്ങോട്ട് പോയെന്നറിയില്ല.

പറഞ്ഞുവരുന്നത് ഉദ്ഘാടനത്തിന് ഇന്നതേ ആകാവൂ എന്ന മസിൽ പിടുത്തതിന്നുപകരം, അപരവിദ്വേഷമില്ലാത്തതും സകലർക്കും യോജിക്കാവുന്നതുമായ ചടങ്ങുകളാണ് ഒരു സെക്യുലർ സമൂഹം ഉയർത്തിപ്പിടിക്കേണ്ടത് എന്നാണ്. മതേതര സോഷ്യലിസ്റ്റ് സ്വതന്ത്ര റിപ്പബ്ലിക് എന്ന് ചുമ്മാ പറഞ്ഞാൽ പോരല്ലോ.

കു​ഞ്ച​ൻ​ ന​മ്പ്യാ​ർ, കേ​സ​രി ബാ​ല​കൃ​ഷ്ണ​പി​ള്ള

1991ൽ ഡൽഹി യൂനിവേഴ്സിറ്റി കാമ്പസിൽ ലോ ഫാക്കൽറ്റിയുടെ തറക്കല്ലിടൽ വേളയിൽ തനിക്കുണ്ടായ ഒരനുഭവം, അതോ ദുരനുഭവമോ, ‘ദേശീയ ഐതിഹ്യം’ എന്ന പുസ്തകത്തിൽ, ഡോ. താഹിർ മഹ്മൂദ് വിവരിക്കുന്നുണ്ട്. ലോ ഫാക്കൽറ്റിയുടെ തറക്കല്ലിടൽ വേളയായിരുന്നു അത്. ഭൂമിപൂജ നടത്തിയിരുന്നത് എന്റെ സുഹൃത്തുക്കളും വിദ്യാർഥികളുമായിരുന്നു. രാജ്യത്തെ സമകാലികരായ നിയമപണ്ഡിതർ, ഒപ്പം വരുംതലമുറയും. പ്രമുഖ നിയമപണ്ഡിതൻ, ശേഷം യൂനിവേഴ്സിറ്റി വൈസ്ചാൻസലറുമായിരുന്ന ഉപേന്ദ്ര ബഗ്സിയാണ് തറക്കല്ലിട്ടത്. ഞാൻ ഇതിനെ എതിർത്തില്ല. എന്റെ കൂട്ടുകാരോടൊത്ത് ചേർന്നു. എന്നാൽ, ആ സംഭവം ഇന്നും പച്ചയായി എന്റെ മനസ്സിലുണ്ട്. അത് പലപ്പോഴും ചോദ്യങ്ങൾ എയ്തുവിടുന്നു... ഒരു വലിയ മണ്ഡപത്തിനരികെ പൂജാരി ഇരിക്കുന്നു. പൂജാസാമഗ്രികൾ ചുറ്റും നിരത്തി വെച്ചിട്ടുണ്ട്. അദ്ദേഹം മന്ത്രങ്ങൾ ഉരുവിടുന്നു. ചുറ്റും അനേകംപേർ ഇരിക്കുന്നുണ്ട്. അവരുടെ നെറ്റിയിലും ദേഹത്തും വലിയ കുറികൾ തൊട്ടിരിക്കുന്നു. ഇവരെല്ലാം ഞാൻ അറിയുന്നവർ തന്നെ. ഞാൻ ക്ഷണിക്കപ്പെട്ടതുകൊണ്ടാണ് അവിടെയെത്തിയത്. അവരെന്നോട് അവിടം നടക്കുന്ന മതചടങ്ങുകളിൽ ഭാഗഭാക്കാവാൻ പറഞ്ഞു. ഏതെങ്കിലും വിവാഹമണ്ഡപത്തിൽ സ്ഥലം മാറിക്കയറിയോ എന്ന ശങ്ക എന്റെ ഉള്ളിലുണർന്നു. ഇല്ല അത് ശരിയായ സ്ഥലം തന്നെയായിരുന്നു. ഇതാണ് സർവകലാശാലയിലെ സ്ഥിതിയെങ്കിൽ, പിന്നെന്ത് പറയാനാണ്?

പൊതുവിടങ്ങൾ ഭരണകൂട നേതൃത്വത്തിലും അല്ലാതെയും ഫാഷിസ്റ്റ് ശക്തികൾ പിടിച്ചെടുക്കുന്ന കാലത്ത്, ഭരണഘടനയുടെ ആമുഖം പലസ്ഥലത്തും പുതുതായി ഉദ്ഘാടന കർമം ഏറ്റെടുക്കാനാരംഭിച്ചത് എത്രയെത്രയോ ആഹ്ലാദകരമാണ്. യുവപ്രതിഭ അനഘ കോറോത്തിന്റെ ‘സ്വതന്ത്ര റിപ്പബ്ലിക്’ എന്ന ശ്രദ്ധ അർഹിക്കുന്ന കവിതാ സമാഹാരത്തിലെ, ‘സ്വതന്ത്ര റിപ്പബ്ലിക്’എന്ന കവിത, ‘ഭരണഘടന’ വിളക്കിന്റെ സ്ഥാനമേറ്റെടുക്കുന്ന കാലത്ത് പകരുന്ന പ്രകാശം എത്രയോ പ്രചോദനാത്മകമാണ്. ‘ഓരോ/ മനുഷ്യനുമൊരു/ റിപ്പബ്ലിക് ആവുന്ന/ ദിവസമുണ്ട്/ സ്വയം/ ഭരണഘടന/ കുറിക്കുന്ന/ ദിവസം/ നീണ്ട സ്വാതന്ത്ര്യ-സമരങ്ങൾ./ ശേഷം,/ തന്റെ രാജ്യത്ത്/ നീതി/ പുലരണമെന്ന്/ ഉറപ്പിക്കുന്ന/ ദിവസം./ പ്രഖ്യാപിത/ സ്വതന്ത്ര/ റിപ്പബ്ലിക്കുകളെ,/ മനോഹര/ രാജ്യം/ കെട്ടിപ്പടുക്കുക…!’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:readingkenMalayalam Articleliteraturevaradhya madhyamamMalayalam writers
News Summary - Pattiyum Puttiyum
Next Story