പത്താമുദയം
text_fields'പത്താമുദയം' എന്നു കേട്ടാൽ കൊല്ലം ജില്ലക്കാർക്ക് ഓർമയിലെത്തുക കൊല്ലം ടൗണിലുള്ള രണ്ടു ക്ഷേത്രങ്ങളിലെ ഉത്സവമാണ്. പത്തു ദിവസം വരെ നീളുന്ന ഉത്സവം. എന്റെ ചെറുപ്പകാലത്ത് എല്ലാ വർഷവും അച്ഛനും അമ്മക്കും സഹോദരിക്കും ഒപ്പം ഞാനും പോകും. മൂന്നു ദിവസം കൊല്ലം നഗരത്തിൽതന്നെയാവും. പകൽ സിനിമ കാണൽ, ഷോപ്പിങ് അങ്ങനെ തുടങ്ങി പലതും.
രാത്രി അമ്പലപ്പറമ്പിൽ നേരം വെളുക്കുവോളം. ഉത്സവം നടക്കുന്ന രണ്ടു ക്ഷേത്രങ്ങളിലും മാറി മാറി പോകും. രാവിലെ അടുത്തുള്ള ഒരു ബന്ധുവീട്ടിൽ പോയി കുറച്ചു നേരം വിശ്രമിക്കും. ഉച്ച കഴിഞ്ഞു വീണ്ടും ടൗണിൽ ഇറങ്ങും. ഒരു നാലു സിനിമയെങ്കിലും കാണാതെ തിരിച്ചു വ ന്നിട്ടില്ല. ഓരോ വർഷവും പത്താമുദയം ആകാൻ ഞാനും സഹോദരിയും കാത്തിരിക്കും എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.
അങ്ങനെ ഒരു പത്താമുദയം... സാധാരണ എട്ടാം ദിവസമാണ് ഞങ്ങൾ പോകുന്നത്. തലേന്നുതന്നെ സാധനങ്ങളെല്ലാം എടുത്തുവെച്ച് റെഡിയായി നിൽക്കും. ഒരു കാര്യം ഞങ്ങൾ ശ്രദ്ധിച്ചു, അമ്മയും അച്ഛനും പോകുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. എന്തോ ഒരു പന്തികേട് ഞങ്ങൾക്ക് തോന്നി.
പക്ഷേ, ഞങ്ങൾ അതൊന്നും ശ്രദ്ധിക്കാതെ പിറ്റേന്ന് പോകുന്നത് സ്വപ്നംകണ്ട് ഇരുന്നു. രാവിലെ പതിവുപോലെ പോകാൻ റെഡിയാകാൻ തുടങ്ങിയപ്പോൾ അമ്മ കുറച്ചു കഴിഞ്ഞ് പോകാം, ഇപ്പോ പോയി പഠിക്കൂ എന്ന് പറഞ്ഞ് അകത്തു പോയി.
അങ്ങനെ ഉച്ചയായി. അച്ഛൻ പുറത്തുപോയിട്ട് തിരിച്ചുവന്ന് ആഹാരമൊക്കെ കഴിച്ചു, എന്നിട്ടു പറഞ്ഞു: 'ഈ പ്രാവശ്യം നമ്മൾ പോകുന്നില്ല'. ശേഷം ഒരു തഴപ്പായ എടുത്ത് നിലത്തിട്ട് അതിൽ കിടന്നു. നിരാശരായി ഞാനും പെങ്ങളും. വെറുതെയിരുന്ന് മുഷിഞ്ഞപ്പോൾ പോയി കിടന്നു. കുറച്ചുകഴിഞ്ഞപ്പോൾ അമ്മ വന്ന് അടുത്തുകിടന്നു.
എന്നിട്ട് ഞങ്ങളെ രണ്ടുപേരെ യും ചേർത്തുപിടിച്ചു. എന്നിട്ട് പതിയെ പറഞ്ഞുതുടങ്ങി... ആദ്യമായിട്ടാണ് അമ്മ അങ്ങനെ ഞങ്ങളോട് സംസാരിക്കുന്നത്. ഒരു കഥ പറയുന്നപോലെയാണ് അമ്മ പറഞ്ഞുകൊണ്ടിരുന്നത്. വീട്ടിൽനിന്ന് കൊല്ലത്തേക്ക് പോകുന്ന ഒരു യാത്രയെക്കുറിച്ചാണ് അമ്മ പറഞ്ഞുകൊണ്ടിരുന്നത്.
ഞങ്ങളെ ഇറുകെ പുണർന്നുകൊണ്ട് അമ്മ പറഞ്ഞു, നോക്കൂ മക്കളെ നമ്മൾ ഇപ്പൊ കൊല്ലം ടൗണിലെത്തി. എന്നിട്ട് അച്ഛനോടെന്നപോലെ പറയുന്നു, 'മക്കടെ കൈയിൽ മുറുകെ പിടിച്ചോണേ'. ശരിക്കും അമ്മ ഞങ്ങളെ ഒരു കഥയിലൂടെ സഞ്ചരിപ്പിച്ച് കൊല്ലം പട്ടണത്തിലെത്തി എന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു. ഞങ്ങളെ ഒരു ഫാന്റസി ലോകത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
പകൽ മുഴുവൻ ടൗണിൽ കറങ്ങുന്നു, സിനിമ കാണുന്നു, ഭക്ഷണം കഴിക്കുന്നു, രാത്രി അമ്പലപ്പറമ്പിൽ ഉത്സവം കാണുന്നു. കഴിഞ്ഞ പത്താമുദയത്തിലെ കാഴ്ചകൾ അതേപടി ഞങ്ങളുടെ മനസ്സിലേക്ക് അമ്മ കൊണ്ടുവന്നു. കിടന്ന ആ കുറച്ചു മണിക്കൂറിൽ ഒരു പത്താമുദയ ഉത്സവം ഞങ്ങളെ ഫീൽ ചെയ്യിപ്പിച്ചു അമ്മ... ആ സുഖത്തിൽ ഞങ്ങളെല്ലാം മറന്നു എപ്പോഴോ ഉറങ്ങിപ്പോയി.
ഉള്ളിൽ കരഞ്ഞുകൊണ്ടായിരുന്നു അമ്മ ഞങ്ങളെ ആശ്വസിപ്പിച്ചത് എന്ന് അന്ന് എനിക്കോ സഹോദരിക്കോ മനസ്സിലാകാനുള്ള പ്രായം ഉണ്ടായിരുന്നില്ല. എന്നോ എടുത്ത ചില തീരുമാനങ്ങളുടെ ഫലമായി കടംകയറി ആത്മഹത്യ മുനമ്പിൽ ഇരുന്നുകൊണ്ടായിരുന്നു ആ കഥപറച്ചിൽ എന്ന് ഞങ്ങൾക്ക് അറിവുണ്ടായിരുന്നില്ല. പിന്നീട് എപ്പോഴോ അറിഞ്ഞു, അന്ന് അച്ഛൻ പുറത്തുപോയത് അച്ഛന്റെ കുടുംബഓഹരി ചോദിച്ചുവാങ്ങി അത് മറ്റൊരാൾക്ക് വിറ്റ് കടക്കാർക്കെല്ലാം വീതിച്ചുകൊടുത്തിട്ട് ഒന്നും ബാക്കിയില്ലാതെ തിരിച്ചുവന്നു കിടന്നതാണെന്ന്.
ഇന്ന് ഓരോ കുടുംബങ്ങൾ കടം കയറി ആത്മഹത്യ ചെയ്തു എന്ന് കേൾക്കുമ്പോൾ എനിക്ക് ആ പത്താമുദയം ഓർമവരും. അന്ന് അങ്ങനെ ഓഹരി വാങ്ങിച്ചെടുക്കലും വിൽപനയും നടന്നില്ലായിരുന്നുവെങ്കിൽ എന്തു തീരുമാനമായിരിക്കും ആ ഓലമേഞ്ഞ വീട്ടിൽ എടുത്തിട്ടുണ്ടാവുക...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

