പടപ്പോര്
text_fieldsഅതിർത്തിയിൽ അസ്വാരസ്യങ്ങൾ
ആയുധശക്തികൾക്കാനന്ദം
അകലെ നിന്നും തൊടുത്തൊരതി
ക്രൂരമിസൈലുകൾ
അന്നം തേടിയലയുന്നവരുടെ
ശിരസ്സുകൾ തകർത്തു
തീഗോളമായ് പെയ്ത മഴയിൽ
മൺകൂനകളായി തീർന്ന സ്വപ്നക്കൂടുകൾ ,
താലിച്ചരട്പൊട്ടിയയലർച്ചകൾ
റോക്കറ്റുകളുടെ ശബ്ദത്തെ ഭേദിച്ചു.
അച്ഛനെകാത്തിരുന്നുണ്ണികൾ
ഉണ്ണാതെയുറങ്ങിയെപ്പഴോ ?
ചാവടിയന്തരം തിന്നുവാൻ
ചേർന്നിരിക്കുന്നകുട്ടികൾ
വയർ നിറഞ്ഞപ്പോൾമന്ത്രിച്ചു
എന്നുമച്ഛൻമാർ ചത്തെങ്കിൽ.
അഗ്നി തുപ്പുന്നുവായുധം
മാംസം കരിയുന്ന ദുർഗന്ധം
നാട്ടിൽ പടരുന്നു വ്യാധികൾ
പട്ടിണി പരിവട്ടവും.
പൗരരൊന്നിച്ചു ചേരുന്നു
യുദ്ധം നിർത്തുവാൻ പ്രക്ഷോഭം
തെരുവുകൾതോറും കത്തുന്നു
നാടിൻ നായകരുണരുന്നു.
സന്ധിചെയ്യുവാൻ പോകുമ്പോൾ
ഫോണിൽ നിറയുന്നു സന്ദേശം
പുതിയമായുധ ചിത്രങ്ങൾ
കണ്ണു തള്ളുന്ന കമീഷൻ.
ആയുധത്തിന്റെ വ്യാപാരി
വ്യക്തമായ് തന്നെ പറയുന്നു
ചർച്ച പൊളിയണം കട്ടായം
എങ്കിലേയുള്ളു സമ്പത്ത്.
വെടിനിറുത്തുവാൻ പത്രത്തിൽ
ഒപ്പുവെക്കുവാൻ നേരത്ത്
പണിമുടക്കിയ തൻ പേന
ആഞ്ഞു കുടയുന്നുവധികാരി.
ശുഭ്രവസ്ത്രത്തിൽ മഷിയായി
ശുംഭനെന്നൊക്കെ വിളിയായി
തെറിവിളിക്കുന്ന നേതാക്കൾ
തെരുവുഗുണ്ടയെപ്പോലാ യി.
വീണ്ടുമതിർത്തികൾ പുകയുന്നു
ആയുധത്തിൽ ചിലമ്പൊലികൾ
ആഹ്ലാദത്താൽ ചിരിക്കുന്നു
ആയുധത്തിന്റെ വ്യാപാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

