Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപഠനത്തിന്‍റെ പ്രായം

പഠനത്തിന്‍റെ പ്രായം

text_fields
bookmark_border
Study
cancel
camera_alt

വര: അനുരാഗ് പുഷ്കരൻ

Listen to this Article

സ്കൂൾ പഠനം പാതിവഴിയിൽ മുടങ്ങിയവരെ തേടിയിറങ്ങിയപ്പോഴാണ് കുഞ്ഞിക്കണാരനെ പരിചയപ്പെട്ടത്.

''കണാരേട്ടാ, എന്തുണ്ട് വിശേഷം?''

മുറ്റത്തേക്ക് പടർന്നു പന്തലിച്ചുനിൽക്കുന്ന വരിക്കപ്ലാവിന്റെ ചോട്ടിലിരുന്ന് തന്റെ ആടിന് പൊട്ടബക്കറ്റിൽ പിണ്ണാക്ക് കലക്കിക്കൊടുക്കുകയായിരുന്ന കുഞ്ഞിക്കണാരൻ പിണ്ണാക്ക് പറ്റിപ്പിടിച്ച കൈ പൈപ്പിലെ ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കുകയും മുറ്റത്തെ തണലിൽ കെട്ടിയിരുന്ന അയയിൽ തൂങ്ങിക്കിടന്ന തോർത്തുമുണ്ടിൽ കൈ തുടക്കുകയും ചെയ്തു.

''നല്ല വിശേഷങ്ങൾ.. മക്കൾ രണ്ടുപേരാണ്, പെൺകുട്ടികൾ. അവർ വിവാഹിതരാണ്.''

കണാരൻ വീടിന്റെ ഉമ്മറത്ത് കിടന്നിരുന്ന മരക്കസേരയിലെ പൊടി ഒന്നുകൂടി തട്ടിക്കൊണ്ട് എന്നെ അങ്ങോട്ടിരിക്കാൻ ക്ഷണിച്ചു.

''അപ്പോൾ നിങ്ങൾ രണ്ടുപേർ മാത്രം, ഭാര്യയും ഭർത്താവും''

''അതെ, ഞങ്ങൾ രണ്ടുപേർ...''

കുഞ്ഞിക്കണാരൻ അടുക്കളയിലേക്ക് നീട്ടി വിളിച്ചു -

''ഇങ്ങോട്ടൊന്നു വന്നേ...''

അടുക്കളപ്പണിയിൽ മുഴുകിയിരുന്ന കുഞ്ഞിക്കണാരന്റെ ഭാര്യ നളിനി വിളി കേൾക്കുകയും ഉമ്മറത്തേക്ക് വരുകയും ചെയ്തു.

''സാക്ഷരതാ മിഷന്റെ തുല്യതാ ക്ലാസിലേക്ക് പഠിതാക്കളെ കണ്ടെത്തുന്നതിനുള്ള സർവേക്ക് വന്നതാണ്. നാലാം തരം, ഏഴാംതരം അതും കഴിഞ്ഞ് പത്താംതരവും ഹയർ സെക്കൻഡറിയും.''

''ഞങ്ങൾ സ്കൂളിൽനിന്ന് ഏഴാംതരം കഴിഞ്ഞവരാണ്. ഭാഗ്യത്തിന് സർക്കാർ ജോലി കിട്ടിയവരും. പത്തുപതിനഞ്ചു വർഷം ജോലി ചെയ്തു. ഇപ്പോൾ പെൻഷൻ പറ്റി വിശ്രമജീവിതമാണ്.''

കുഞ്ഞിക്കണാരൻ, അവരുടെ ജീവിതം ചുരുക്കിപ്പറഞ്ഞുതുടങ്ങി...

''ഇപ്പോൾ കൂട്ടിന് ആടും കോഴിയുമുണ്ട്.''

ഞാൻ ഉമ്മറത്തെ കസേരയിലിരുന്ന്

വിവരങ്ങൾ നോട്ട് ബുക്കിൽ കുറിച്ചു.

''വയസ്സ് എഴുപത്തിയഞ്ച് കഴിഞ്ഞു.

അന്നൊക്കെ ഏഴാംതരം ജയിക്കുന്നത് തന്നെ വലിയ പ്രയാസമായിരുന്നു...''

അവരുടെ പഴയകാര്യങ്ങൾ കേൾക്കാൻ കൗതുകം തോന്നി.

''വീട്ടിലെ പ്രാരബ്ധം കൊണ്ട് പഠിപ്പു നിർത്തി. നാട്ടിലൊരാൾ കുറച്ച് പണം കടം തന്ന് സഹായിച്ചതിനാൽ, വിദേശത്തുപോയി കുറച്ചു കാലം ജോലി ചെയ്യാൻ സാധിച്ചു. പിന്നെ നാട്ടിൽ തന്നെ മൊസൈക്കിന്റെ പണി തുടങ്ങി. ടൈൽ വരുന്നതിനുമുമ്പ് വീടിന്റെ തറ മൊസൈക്ക് ആയിരുന്നല്ലോ ഫാഷൻ. അതിനിടയിലാണ് എംപ്ലോയ്മെന്റ് മുഖേന ജോലി ശരിയായത്.''

വിവരശേഖരണത്തിനിടയിൽ നളിനി ഒരു ഗ്ലാസ് കട്ടൻചായ തന്നു.

''ഇന്റർവ്യൂ നടന്ന ദിവസവും രാവിലെ രണ്ടു മണിക്കൂർ മൊസൈക്ക് പണി ചെയ്തു. അതു കഴിഞ്ഞ് ധിറുതിയിൽ ഇന്റർവ്യൂവിന് പോയപ്പോൾ ഒരബദ്ധവും പറ്റി.''

കുഞ്ഞിക്കണാരൻ നളിനിയെ നോക്കി മധുരമായി ചിരിച്ചു.

''സ്വന്തം സർട്ടിഫിക്കറ്റിന് പകരം ഇവളുടെ സർട്ടിഫിക്കറ്റുമായാണ് ഇന്റർവ്യൂവിന് പോയത്. അവരുടെ മഹാമനസ്കത കൊണ്ട് വീട്ടിൽ പോയി സർട്ടിഫിക്കറ്റ് എടുത്തുവരാനുള്ള സാവകാശം കിട്ടി. അങ്ങനെയൊക്കെ കഷ്ടപ്പെട്ടാണ് സർക്കാർ ജോലി കിട്ടിയത്.''

കുഞ്ഞിക്കണാരൻ ദൈവത്തെ സ്തുതിച്ചു. എന്നിട്ട് തുടർന്നു പറഞ്ഞു.

''സർക്കാർ ആസ്പത്രീലെ ശുചീകരണ തൊഴിലാളിയായിട്ടായിരുന്നു ആദ്യ നിയമനം. ഭാഗ്യം കൊണ്ട് ഇവൾക്കും ജോലി കിട്ടി. രണ്ടുപേരും പ്രമോഷനായി. വെള്ളക്കളർ യൂനിഫോം ധരിക്കുന്ന നഴ്സിങ് അസിസ്റ്റൻറ് ആയാണ് വിരമിച്ചത്. പെൻഷൻ കിട്ടുന്നതിനാൽ പ്രയാസമില്ലാതെ കഴിയുന്നു...''

''അടുത്ത വീടുകൾ കൂടി സന്ദർശിക്കാനുണ്ട്. ഇനി മറ്റൊരു ദിവസം വരാം.''

''പഴയ കാലത്ത് നാട്ടുരാജാവിന്റെ കൈയിൽനിന്നും നന്നായി പഠിച്ചതിന് സമ്മാനം വാങ്ങിയവരും കുടുംബത്തിലുണ്ടായിട്ടുണ്ട്.''

കുഞ്ഞിക്കണാരന്റെ മുഖത്ത് തെളിഞ്ഞ പ്രകാശം, തുടർന്ന് പഠിക്കാനുള്ള അയാളുടെ മോഹം നന്നായി അടയാളപ്പെടുത്തിക്കൊണ്ടിരുന്നു.

''വയസ്സാംകാലത്ത് പഠിക്കണോ?''

നളിനി തന്റെ സംശയം മറച്ചുവെച്ചില്ല.

''പഠനത്തിന് പ്രായം ഒരു തടസ്സമല്ല.''

ഞാനവരെ പഠനം തുടരാൻ പ്രോത്സാഹിപ്പിച്ചു. ഒടുവിൽ ഇരുവരും പറഞ്ഞു.

''ഞങ്ങളും പഠിക്കാൻ വരാം.''

ഇപ്പോൾ 75കാരനായ കുഞ്ഞിക്കണാരേട്ടനും എഴുപതിലെത്തിയ ഭാര്യ നളിനിയും ഒരിക്കൽ മുടങ്ങിയ പഠനം തുടരാൻ തയാറായിരിക്കുന്നു. ഇരുൾ മൂടിയ നാട്ടുവഴിയിലെ തെരുവുവിളക്കിന്റെ പ്രകാശം എന്നെ അടുത്ത വീട്ടിലേക്ക് നയിച്ചു, ഇനിയും കണ്ടുമുട്ടിയിട്ടില്ലാത്ത നിരവധി കുഞ്ഞിക്കണാരേട്ടൻമാരെയും നളിനിമാരെയും കണ്ടെത്താമെന്നുള്ള മോഹവുമായി..


(കഥ, കവിത, പുസ്തകാസ്വാദനം തുടങ്ങി വായനക്കാരുടെ സ്വതന്ത്ര രചനകൾ മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിക്കാനായി online@madhyamam.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫോട്ടോയും ഫോൺനമ്പറും സഹിതം അയക്കാം...)

Show Full Article
TAGS:padanathinte prayam malayalam story 
News Summary - padanathinte prayam malayalam story
Next Story