സദ്യവട്ടത്തിൽ കണ്ടുവളർന്ന ബഹുസ്വരതയുടെ രാഷ്ട്രീയം
text_fieldsഓണം ഓർമകൾ കാല, സ്ഥലഭേദങ്ങൾക്കനുസരിച്ച് നവീകരിക്കപ്പെടുന്ന ഒന്നാണ്. എങ്കിലും ജനിച്ചുവളർന്ന വീട്ടിലെ, ഗ്രാമത്തിലെ ഓണം ഓർമകൾ അത് കയ്പേറിയതായാലും മാധുര്യമേറിയതായാലും ഏവരിലും ചിരകാലം നിലനിൽക്കും. ഓരോ ഓണത്തിനും അതിൽ ഏതെല്ലാം ഓർത്തെടുക്കണമെന്ന് തീരുമാനിക്കുന്നത് നാം അതിജീവിക്കുന്ന കാലമായിരിക്കും എന്ന് സംശയമില്ല. നാട്ടകങ്ങളിൽനിന്ന് പ്രഭാതത്തിലും വൈകീട്ടും പൂക്കൊട്ടയുമായി നടന്നു പറിച്ച പൂവുകളിൽനിന്ന് പ്രസരിക്കുന്ന ബാല്യകാല സൗരഭ്യം എന്നും ഒരു നഷ്ടസ്മൃതിയാണ്. അത് ഒരിക്കലും വീണ്ടെടുക്കാൻ കഴിയുമെന്ന് കരുതുന്നില്ല. കാരണം മഞ്ഞപ്പൂവും കാക്കപ്പൂവും വിരിയാൻ പാകത്തിൽ പാടങ്ങൾ എവിടെയും അവശേഷിക്കുന്നില്ല. അനിവാര്യമായ മാറ്റം എന്നു പറഞ്ഞ് ഒരു ചെറു നെടുവീർപ്പിൽ ആ ഓർമകളെ തളച്ചിടാം.
എന്നാൽ ഓണസദ്യയുടെ കാര്യം അതല്ല. മലയാളിയുടെ സമൃദ്ധി ഏറ്റവുമധികം വിളംബരം ചെയ്യുന്നത് അവന്റെ ഊൺമേശയിലാണ്. അതായത് നമ്മുടെ ഊൺമേശയെന്നത് നമ്മുടെ സാമൂഹിക-സാംസ്കാരിക പരിണാമങ്ങളെ ശക്തമായി അടയാളപ്പെടുത്തുന്നുണ്ട്. നാക്കിലയിൽ പലപല വിഭവങ്ങളിലായി നിറഞ്ഞുതുളുമ്പുന്ന സസ്യാഹാര പ്രദർശനം തന്നെയാണ് പൊതുവായി മലയാളിക്ക് ഓണസദ്യ. അതായത് പൊതുബോധത്തിലെ ഓണം എന്നത് തിരു-കൊച്ചി ദേശസങ്കല്പത്തിനനുസരിച്ച് നിർമിച്ചുവെക്കപ്പെട്ട ഒന്നാണ്. എന്നാൽ, മലബാറിൽ കളി മാറും!
അവിടെ നാക്കിലത്തുമ്പിൽ 'വരേണ്യബോധത്തെ' തിരസ്കരിക്കുന്ന ചില അധിക വിഭവങ്ങൾ ഇടം പിടിച്ചിരിക്കും. നല്ല വെളിച്ചെണ്ണയിൽ മൊരിച്ചെടുത്ത ഒരു കഷ്ണം കോഴിയിറച്ചി വിഭവം അല്ലെങ്കിൽ അന്ന് മാർക്കറ്റിൽ ഏറ്റവും വില കൂട്ടി വിൽക്കുന്ന മീൻ വിഭവം അല്ലെങ്കിൽ ബീഫ് ചില്ലി വിഭവം അല്ലെങ്കിൽ ആട്ടിറച്ചി കൊണ്ട് ഉണ്ടാക്കുന്ന തേങ്ങാപാൽ ചേർത്ത കുറുമ കറി. ഒരുപേക്ഷ മലബാറിന്റെ ഓണസദ്യയിൽ ചരിത്രാതീതകാലമായി സംഭവിച്ച ഈ കലർപ്പ് തന്നെയാണ് പ്രസ്തുത ദേശമനസ്സിലേക്ക് ബഹുസ്വരതയിൽ അധിഷ്ഠിതമായ പുരോഗമന രാഷ്ട്രീയത്തെ ആഴത്തിൽ വേരാഴ്ത്താൻ സഹായകമായി മാറിയത്.
അതായത് ഓണസദ്യയുടെ ഭാഗമായി നാക്കിലത്തുമ്പിൽ വിളമ്പുന്ന ഒരു വറുത്തെടുത്ത ചിക്കൻ അല്ലെങ്കിൽ മീൻ വിഭവം, അല്ലെങ്കിൽ ബീഫ് വറുത്തതോ കുറുക്കി എടുത്തതോ ആയ വിഭവം. അതും അല്ലെങ്കിൽ ആട്ടിറച്ചി കുറുമ എന്നത് ഒരു വലിയ രാഷ്ട്രീയ-സാംസ്കാരിക പ്രഖ്യാപനം കൂടിയാണ്; 'നാം ഒന്നാണ്, നമ്മുടെ സ്വത്വം ഒന്നാണ്, നമ്മുടെ സംസ്കാരവും ഭക്ഷണവും ഒന്നാണ്' എന്ന ഉറച്ചു പറയൽ. ഭക്ഷണത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുന്ന ഒരു കാലത്ത് ഒരു ദേശ സംസ്കൃതിക്ക് ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ പ്രഖ്യാപനം കൂടിയാണ് ഓണസദ്യയുടെ ഭാഗമായി നാക്കിലയിൽ വിളമ്പുന്ന മലബാറിന്റെ മാത്രമായ ഈ വ്യതിരിക്ത വിഭവങ്ങൾ. ഓണപ്പുലരികളിൽ പൂക്കളത്തിനൊപ്പം ഇലയിൽ പൊതിഞ്ഞ ബിസ്മി ചൊല്ലി അറുത്ത ഒരു കെട്ട് മാംസപ്പൊതി കണ്ട് വളർന്ന ആ കാലത്തെ ഓർമയെ തന്നെയാണ് ഈ സാമുദായിക വിഭജന രാഷ്ട്രീയ കാലത്ത് സവിശേഷമായി എനിക്ക് ഓർത്തെടുക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

