വായനക്കാരെൻറ സമയത്തെ ദൃശ്യങ്ങള്‍ കീഴടക്കുന്നുവെന്ന് സാഹിത്യകാരൻ എൻ.എസ്. മാധവൻ
text_fieldsതൃശ്ശൂര്‍: വായനക്കാരന്റെ സമയത്തെ ദൃശ്യങ്ങള്‍ കീഴടക്കുന്നുവെന്ന് സാഹിത്യകാരൻ എൻ.എസ്. മാധവൻ. എഴുത്തുകാര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള അന്തരീക്ഷം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പുസ്തകോത്സവം പോലുള്ള സാംസ്‌കാരിക പരിപാടികള്‍ അത്തരം അന്തരീക്ഷം തിരികെക്കൊണ്ടുവരുമെന്നും എന്‍.എസ്. മാധവന്‍. കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെമിനാറുകളും പ്രഭാഷണങ്ങളും എഴുത്തുകാരന്റെ ചിന്തകള്‍ മിനുക്കാനുള്ള അവസരമൊരുക്കും. പുതിയ സങ്കേതങ്ങള്‍ വരുന്നതുകൊണ്ട് വായനയ്ക്ക് ദോഷമില്ല. അതെല്ലാം വായനയ്ക്കുള്ള പുതിയ അവസരങ്ങള്‍ തുറക്കുകയാണ്. എന്നാല്‍, വായനക്കാരന്റെ സമയത്തെ ദൃശ്യങ്ങള്‍ കീഴടക്കുന്നുവെന്നത് കാണാതിരുന്നുകൂടാ -അദ്ദേഹം പറഞ്ഞു.
വൈകാരികമായും വൈചാരികമായും തന്റെ അവസ്ഥകളെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് പുസ്തകങ്ങളുടെ പ്രാഥമിക ദൗത്യമെന്ന് അധ്യക്ഷനായ സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ. സച്ചിദാനന്ദന്‍ പറഞ്ഞു. അക്കാദമി അങ്കണത്തില്‍ 11 വരെയാണ് പുസ്തകോത്സവം.
ടി.എന്‍. പ്രതാപന്‍ എം.പി., ജില്ല കലക്ടര്‍ ഹരിത വി. കുമാര്‍, അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, മേയര്‍ എം.കെ. വര്‍ഗീസ്, അശോകന്‍ ചരുവില്‍, വിജയലക്ഷ്മി, ടി. ജെ. സി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.