വിവാദങ്ങൾക്കിടെ ചുരുളിയെ പ്രശംസിച്ച് എൻ.എസ് മാധവൻ
text_fieldsലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത 'ചുരുളി'യിൽ ഉപയോഗിച്ച ഭാഷയെച്ചൊല്ലി വിവാദം ഉയർന്നുകൊണ്ടിരിക്കെ ചിത്രത്തെ പ്രശംസിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ. 'പാലം മറികടന്ന് നിങ്ങള്‍ ഒരു പുതിയ ലോകം തീര്‍ത്തു' എന്നാണ് ഇതേക്കുറിച്ച് എൻ.എസ് മാധവന്‍റെ ട്വീറ്റിൽ പറയുന്നത്.
കഴിഞ്ഞ ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡയറക്ട് ഒ.ടി.ടി റിലീസായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചുരുളിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.
"പാലം മറികടന്ന് നിങ്ങള്‍ ഒരു പുതിയ ലോകം തീര്‍ത്തു. സിനിമയും അതിന് പിന്നിലുള്ള പരിശ്രമങ്ങളും ഇഷ്ടപ്പെട്ടു," എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
ചിത്രത്തിലെ കഥാപാത്രങ്ങൾ അശ്ലീലപദങ്ങൾ സംസാരിക്കുന്നുവെന്ന് ആരോപിച്ച യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് എം എസ് നുസൂര്‍ എത്തിയിരുന്നു. തെമ്മാടിത്തരമാണ് ചിത്രമെന്നും സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ നുസൂര്‍ ആവശ്യപ്പെട്ടു.
നവംബർ 19ന് സോണി ലൈവിലൂടെയാണ് ചുരുളി റിലീസ് ചെയ്തത്. എസ്. ഹരീഷ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ. സൗബിൻ ഷാഹിർ, ജാഫർ ഇടുക്കിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.