അപൂർവ സ്പന്ദനങ്ങൾ
text_fields‘പ്രണയം ആരും സമുചിതമായി നിർവചിച്ചിട്ടില്ല. അത് വ്യക്തിപരമായ ഒരു ഊഷ്മള വികാരമാണ്. അനുകൂലമായ സാഹചര്യങ്ങളിൽ മനസ്സിൽ മുളപൊട്ടുന്ന ധന്യമായ വികാരം, പ്രണയമായി വികസിക്കാൻ ദീർഘദൂരം സഞ്ചരിക്കേണ്ടിവരും. പലരും വഴിമധ്യേ തളർന്നു വീണുപോകും.’
‘മുഗ്ധാനുരാഗ സ്പന്ദനങ്ങൾ’ എന്ന നോവലിലെ ഈ വരികളിൽനിന്നുതന്നെ തുടങ്ങാം. നോവലിസ്റ്റിന്‍റെ ഈ ഒരു കാഴ്ചപ്പാടുകൊണ്ടായിരിക്കും നോവലിന്‍റെ പതിനഞ്ചാം അധ്യായം മുതലാണ് പ്രണയത്തിന്‍റെ അതിസൂക്ഷ്മതലങ്ങളിലേക്ക് അദ്ദേഹം കടക്കുന്നത്. പത്മജയുടെ മകനിലൂടെയാണ് കഥ തുടങ്ങുന്നതെങ്കിലും അസ്വാഭാവികമായ പ്രതിപാദനത്തിലേക്കാണ് പിന്നീട് നോവൽ പോകുന്നത്. കലാ സാഹിത്യം, ശാസ്ത്രം മുതലായവയെക്കുറിച്ച് സ്വതേ സംസാരിക്കുന്നവരാണെങ്കിൽ നോവലിലും അവർ അവയെക്കുറിച്ച് സംസാരിക്കണം എന്ന ഹെമിങ് വേയുടെ വാക്കുകൾ ഈ പ്രതിപാദന രീതിയിൽ അർഥവത്തായിട്ടുണ്ട്.
ഇതിലെ കഥാതന്തുവിനെ പറയത്തക്ക പുതുമ നമുക്ക് കാണാൻ കഴിയില്ല. എന്നാൽ, രണ്ടോ മൂന്നോ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരത്തിലൂടെ ജീവിതാനുഭൂതികൾ ആവിഷ്കരിക്കാൻ സാധിച്ചിട്ടുണ്ട്. പ്രേമമെന്ന വികാരത്തെ സമഗ്രമായി പരിശോധിച്ച് അത്യന്താപേക്ഷിതമായ സന്ദർഭങ്ങളിൽ മാത്രം തുറന്നെഴുതുന്ന രീതി പ്രശംസാർഹമാണ്. നേരംപോക്കിന് മാത്രം നോവൽ വായിക്കുന്നവർക്ക് ഇത് വിരസത ജനിപ്പിച്ചേക്കാം. നോവലിൽനിന്ന് വെറും വിനോദത്തിൽ കവിഞ്ഞ വിശിഷ്ടാനുഭൂതികൾ പ്രതീക്ഷിക്കുന്നവർക്ക് അത് അത്ര അരോചകമായി തോന്നുകയില്ല.
ഭൂഗോളത്തിന്‍റെ സ്പന്ദനം ഗണിതത്തിലാണ് എന്ന് വിശ്വസിക്കുന്നവരാണ് പൊതുവെ ഗണിത അധ്യാപകൻ. വികാരങ്ങളും വിക്ഷോഭങ്ങളും മാനസിക സംഘർഷങ്ങളും അനുഭവിക്കുന്ന കഥാപാത്രങ്ങളെ വായനക്കാരുടെ മുന്നിലേക്ക് തുറന്നുകാട്ടുന്നതിനായി ഉപയോഗിച്ചിരിക്കുന്ന തെളിവും മിഴിവും ആർന്ന ഭാഷ ഭൂഗോളത്തിന്‍റെ സ്പന്ദനത്തിൽനിന്നും സാഹിത്യം വഴിമാറി പോയിട്ടില്ല എന്നതിന് തെളിവാണ്. ജാതിവ്യവസ്ഥയുടെ ഗർഭഗൃഹത്തിൽ ജനിച്ചുവീഴുന്ന ഒരു സാധാരണവ്യക്തിക്ക് സംഭവിക്കുന്ന കഥതന്നെയാണ് ഇവിടെയും. എന്നാൽ, ആദർശാത്മകമായ ജീവിതാവബോധം ഇതിലെ മുഖ്യ കഥാപാത്രങ്ങൾക്ക് ഉണ്ടായിരുന്നതിനാൽ വ്യക്തിപരമായ ഊഷ്മള വികാരമായി പ്രണയത്തെ നായിക മനസ്സിൽ സൂക്ഷിക്കുന്നു.
തുല്യതയുടെ ത്രസിപ്പിക്കുന്ന ഏടുകളിൽ മാത്രം കണ്ട് ജീവിക്കുന്ന പുതുതലമുറക്കാർക്ക് മാതൃകയാക്കാൻ പറ്റിയ പല ഭാഗങ്ങളും ഈ നോവലിൽ നമുക്ക് കാണാൻ സാധിക്കും. പ്രതികാരദാഹിയായ എന്‍റേത് എന്‍റേത് മാത്രം എന്ന ചിന്തയിലൂടെ കടന്നുപോകുന്ന ഒരു സമൂഹത്തിന്‍റെ മുന്നിലേക്ക് ഇങ്ങനെയും പ്രണയിക്കാം എന്ന് ബോധ്യപ്പെടുത്തുന്ന നായികാനായകന്മാരെയാണ് നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നത്. ലക്ഷ്യം തെറ്റിയ അമ്പുകളെപ്പോലെ വന്നുവീഴുന്ന മഴത്തുള്ളികളാണ് പലപ്പോഴും പ്രണയമെന്ന് ഈ നോവൽ നമ്മെ ഓർമിപ്പിക്കുന്നു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

