Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right'പൊരകെട്ട്' - കഥ

'പൊരകെട്ട്' - കഥ

text_fields
bookmark_border
story
cancel

വേനലവധിക്കാലമായതുകൊണ്ട് തന്നെ വൈകിയാണ് എഴുന്നേറ്റത്... തലേ ദിവസത്തെ ക്രിക്കറ്റ് കളിയും... പിന്നെ രാത്രിയിലെ സൈക്കിളോട്ടക്കാരുടെ പരിപാടി കാണാൻ പോയതും ഉറക്കിനെ അങ്ങ് നീട്ടിവലിച്ചു... മുറ്റത്ത് കേളപ്പേട്ടനും സംഘവും കറ്റ തക്കാനുള്ള രംഗ സജ്ജീകരണങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.... കറ്റ തക്കുമ്പോൾ നെൻമണികൾ തെറിച്ചു പോകാതിരിക്കാൻ വേണ്ടി മുറ്റത്തിനു നാല് ചുറ്റും മടഞ്ഞ ഒലക്കീറുകൾ കൊണ്ട് മറ കെട്ടും...

പണി ഏകദേശം തീരാറായിട്ടുണ്ട്... പല്ല് തേക്കാൻ വേണ്ടി നമ്പൂതിരിപ്പൊ ടിയെടുത്ത് പതിവുപോലെ താത്തേട്ടിയിൽ ഇരുത്തിയുടെ മേൽ കയറി ഇരുന്നു... ഇരുത്തി ഓരോ ദിവസം കഴിയുന്തോറും ചെറുതായി വരുന്നുണ്ടോയെന്ന് ഒരു തോന്നൽ... അടുക്കളയിൽ ചെന്ന് നോക്കുമ്പോൾ അമ്മ പുട്ടുണ്ടാക്കിയിട്ടുണ്ട്... അമ്മമ്മ ചായ കുടിക്കാൻ എന്നെയും കാത്ത് നിൽക്കുന്നുണ്ട്... അടുപ്പിന്റെ തണയിൽ ഒരു പൊതി കണ്ടു....

ഒട്ടും സമയം കളയാതെ പൊതി തുറന്നപ്പോൾ അകത്തു ഒരു കഷ്ണം വാഴയിലയ്ക്കുള്ളിൽ നല്ല വെളിച്ചെണ്ണയുടെ മണമടിക്കുന്ന നാല് പൊറാട്ട... കേളപ്പെട്ടന്റെ സ്നേഹം അങ്ങനെയാണ്...

കണ്ടം കൊത്തുമ്പോഴും... തെങ്ങിന് വളമിടുമ്പോഴും ഒക്കെ പൊറാട്ട... അച്ഛനൊപ്പം ബോഡ വിൽക്കാൻ പോയി, പിന്നീട് കാലി ചാക്കുകൾ കൂട്ടി കെട്ടി തിരിച്ചു വരുമ്പോൾ ആ ചാക്ക് കെട്ടിനകത്തുമുണ്ടാവും ഈത്തപ്പഴവും നേന്ത്രപ്പഴവുമൊക്കെ... കേളപ്പേട്ടന്റെ കലർപ്പില്ലാത്ത നിഷ്കളങ്കസ്നേഹത്തിന് ഓരോ സമയത്തും ഓരോരോ രൂപങ്ങളാണ്...

ഇന്നിപ്പോ പൊറോട്ടയാണ്... രണ്ടെനക്കും... രണ്ട് ഏട്ടനും... കഷ്ടിച്ച് ഒന്നേ തിന്നാനായുള്ളൂ... പകുതി അമ്മയ്ക്കും അമ്മമ്മയ്ക്കും കൊടുത്തു... ഏട്ടൻ എഴുന്നേറ്റിട്ടേ ഉള്ളൂ... അച്ഛൻ കേളപ്പേട്ടനൊപ്പം സംസാരിച്ചും സഹായിച്ചും നിൽക്കുകയാണ്... ഇടയ്ക്ക് ഓലകീറുന്നുമുണ്ട്... ഓല കീറി, ഓലച്ചീന്ത് ചെത്തുമ്പോൾ തെറിച്ചു വീഴുന്ന മട്ടലിന്റെ തണുത്ത ചീളുകൾക്ക് ഒരു പ്രത്യേക ഗന്ധമാണ് ... കഴിഞ്ഞ പ്രാവശ്യം കറ്റ തക്കാൻ മറ കെട്ടുമ്പോൾ ഓല തീർന്നപ്പോൾ കല്യാണിയേടത്തിയുടെ വീട്ടിൽ ചെന്ന് ഓലക്ക് പറഞ്ഞു. അവിടെ നിന്ന് തിരിച്ചോടി വരുമ്പോൾ വീണു പുരികത്തിന് മുറിവ് പറ്റി... ഇപ്പോഴും അവിടെ രോമം പൊടിക്കാതെ കിടപ്പുണ്ട്... അപ്പോഴാണ് പുറകിലെ കെട്ടിന്റെ പുറത്തേക്കു നീട്ടിയിട്ട കരിങ്കൽ പടവ് ചവിട്ടികയറി തെല്ലു വെപ്രാളത്തോടെ ജാനുവേടത്തി വന്നത്...

" ചോറ് വേവായിന്... ഊറ്റുവേൻ അരിപ്പക്കോരി വേണം " എനിക്ക് ഒന്നും പിടികിട്ടിയില്ല... ഞാൻ കാര്യം തിരക്കി...

"എന്താ പരിപാടി "

"പൊരകെട്ട് "

"ഏട????

കല്യാണിയേടത്തീന്റാട....

ഇന്നലെ കല്യാണി ഏടത്തി വന്ന് വീട്ടിൽ എല്പിച്ചതാണ്.... നാളെ കുഞ്ഞങ്ങളെ ഉച്ചക്ക് ചോറിനു പൊരേല് പറഞ്ഞേക്കണേന്ന്... പിന്നെ ഒന്നും നോക്കിയില്ല ഏട്ടനേം കൂട്ടി കല്യാണിഏടത്തീന്റാടത്തേക്കു വെച്ച് പിടിച്ചു...

അലിയും, അമീറും, കുഞ്ഞൂട്ടനും, കുട്ടനും, ഉണ്ണിയും ഒക്കെ നേരത്തെ എത്തിയിട്ടുണ്ട്... പുരപ്പുറത്തുള്ളത് കണ്ണേട്ടനും കുമാരേട്ടനും ആണ്... ഇടയ്ക്ക് ഇടവലക്കാർ ഓല കൊളുത്തി അവർക്ക് കെട്ടാൻ എറിഞ്ഞു കൊടുക്കുന്നുണ്ട്... ഓല മതിയാകുമോ എന്ന സംശയം വന്നപ്പോൾ ചിലർ വെടക്കില് മുന്തിയ കരിച്ചോലകൾ തപ്പിയെടുക്കുന്നു... ഓല കെട്ടുന്ന കണ്ണി തീർന്നപ്പോൾ കണ്ണേട്ടൻ മുള കൊണ്ട് തണ്ടും പടിയുമുള്ള ഏണിയിലൂടെ താഴേ ക്കിറങ്ങി. ഒരു തൈയ്യുടെ പച്ചോല കൊത്തി കരിച്ചോല കത്തിച്ച തീയിൽ വാട്ടി മൂർച്ചഏറിയ കത്തി കൊണ്ട് അറ്റം ചെത്തുന്നു...

അത് ഓരോ കെട്ടുകളാക്കി വീണ്ടും മുളങ്കോണി വഴി കണ്ണേട്ടൻ പുരപ്പുറത്തേക്ക്....ഓല കൊളുത്തി ചാടൽ കുറച്ച് ശ്രമകരമായ ഒരു ജോലിയാണ്... രണ്ട് മടഞ്ഞ ഓലകൾ... ഒന്നിന്റെ മുകളിലെ അറ്റം മറ്റേ ഓലയുടെ മുകളിലെ അറ്റത്തിൽ കൊളുത്തിയിടുന്നു... എന്നിട്ട് താഴ് ഭാഗം പിടിച്ച് പുരപ്പുറത്തുള്ള ആളുടെ കയ്യിലേക്ക് കൃത്യമായി എറിഞ്ഞു കൊടുക്കുക എന്നത് ചില്ലറപ്പണിയല്ല... എറിയാൻ ആർക്കും സാധിക്കും... പക്ഷേ പുരപ്പുറത്തിരിക്കുന്ന കെട്ടുകാരുടെ കയ്യിൽ എത്തില്ല എന്ന് മാത്രം... ഉച്ചസമയത്ത് ചോറിനു വേണ്ടി പണി പിരിയുന്നു... മറ്റ് വീടുകളിൽ നിന്നും കല്യാണി എടത്തിയുടെ പൊര കെട്ടിനെ വ്യത്യസ്തമാക്കിയിരുന്നത് മറ്റൊന്നുമായിരുന്നില്ല...

മാങ്ങയിട്ടു വെക്കുന്ന കല്ലുമ്മകായിന്റെ കറി.... അതായിരുന്നു... അത്രയ്ക്ക് രുചിയായിരുന്നു അതിന്... ഊണിനു ആ പരിസരത്തുള്ള ഏകദേശം വീടുകളിലെയും കുട്ടികൾ ഉണ്ടായിരുന്നു... ചെറിയൊരു വിശ്രമത്തിനു ശേഷം കാഴ്ചക്കാരും ജോലിക്കാരും വീണ്ടും സന്നദ്ധമായി... ഇടയ്ക്ക് എപ്പോഴോ ഒരു മഴക്കാറ് വന്നപ്പോ ഗോപാലേട്ടന്റെ മുഖം മങ്ങിയതും കാറകന്നപ്പോൾ മുഖം തെളിഞ്ഞതും ഒരുമിച്ചായിരുന്നു... വീട് മുഴുവനായും മേയാൻ

പൊളിച്ചിട്ടിരിക്കുന്ന സമയത്തെ മഴ കർക്കിടകത്തേക്കാളും അസഹനീയമായിരുന്നു... ഒരു നിമിഷം ഗോപാലേട്ടൻ അതോർത്തു പോയിക്കാണും.... കല്യാണിയേടത്തിയുടെ ഭർത്താവ് സദാ പ്രസന്ന വദനനായ ഗോപാലേട്ടൻ...കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.... അനുഭവപാടവം കൊണ്ട് കണ്ണേട്ടനും കുമാരേട്ടനും പ്രവചിച്ച തെളിഞ്ഞ കാലാവസ്ഥയായിരുന്നു പിന്നീട്... അവസാനത്തെ വരിയും കെട്ടി കെട്ടുകാർ താഴെക്കിറങ്ങി... ഒപ്പം ഒരു വശത്തെ മോന്തായം മട്ടൽ ചെത്തി കുടുക്കുകയും ചെയ്തു. അടുത്ത പരിപാടി ഇറയരിയലാണ്... കണ്ണേട്ടൻ അരയിൽ നിന്നും കൊമ്പ് പിടിയുള്ള മടക്കു കത്തി പുറത്തെടുത്തു... രണ്ടു മട്ടലുകൾക്കിടയിൽ ഇറയത്തെ ഓല ഇറുക്കിപ്പിടിച്ച് സഹായികൾക്കൊപ്പം കണ്ണേട്ടൻ പുറത്തേക്കു തെറിച്ചു നിന്ന ഓല ക്കണ്ണികൾ അരിഞ്ഞിടുന്നത് കത്രികയും ചീർപ്പും കൊണ്ട് മുടി മുറിക്കുന്ന ബാർബറെ അനുസ്മരിപ്പിക്കും വിധമായിരുന്നു.... കണ്ണേട്ടൻ മുൻവശത്തെ ഇറയരിഞ്ഞു കഴിയുമ്പോഴേക്കും... പുറകു വശത്തെ കോനായിയുടെ ഇറ കുമാരേട്ടനും അരിഞ്ഞു തീർത്തു... പിന്നെ അരിപ്പായസം... വെല്ലം കൊണ്ടുള്ള സ്വാദിഷ്ഠമായ അരിപ്പായസം... പുരകെട്ടിയവർക്കും... ഓലയെറിഞ്ഞവർക്കും... കരിച്ചോല പെറുക്കിയവർക്കും... കാഴ്ചക്കർക്കും... സർവ്വചരാചരങ്ങൾക്കും... പായസം വിളമ്പൽ....

ഒപ്പം അടുത്ത വർഷത്തേക്ക് നനയാത്ത വാസസ്ഥലം തീർക്കാനായി എന്ന വീട്ടുകാരുടെ സന്തോഷവും... കൂടാതെ അയൽക്കാരന് തന്റെ സംരക്ഷണ ഗേഹം തീർക്കാൻ തന്നാലാവുന്ന സഹായം ചെയ്യാൻ കഴിഞ്ഞ ചാരിദാർഥ്യം മറ്റുള്ളവർക്കും... എല്ലാത്തിലും അപ്പുറത്ത്... കല്യാണിയേടത്തിയുടെ ആത്മഗതവും... ഗോപാലേട്ടന്റെ നിഷ്കളങ്കമായ ചിരിയും...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:story
News Summary - Nidin J's story Porakettu
Next Story