മുംബൈ: പ്രശസ്ത ബോളിവുഡ് നടിയും സംവിധായികയുമായ നീന ഗുപ്തയുടെ ആത്മകഥ പുറത്തിറങ്ങുന്നു. പെൻഗ്വിൻ റാൻഡം ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ജൂൺ 14ന് പുറത്തിറങ്ങും.
'സച്ച് കഹൂം തൊ' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നതിനെക്കുറിച്ച് വളരെ സന്തോഷത്തോടെയാണ് അറിയിക്കുന്നതെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ ശേഷം മുംബൈയിലേക്കുള്ള പറിച്ചുനടൽ, പരമ്പരാഗത രീതിയെ നിഷേധിക്കുന്ന ഗർഭധാരണം, തനിയെയുള്ള ജീവിതം, മക്കളെ വളർത്തൽ, രണ്ടാമതും ബോളിവുഡിൽ തിളങ്ങാനായത് തുടങ്ങി നീനയുടെ ജീവിതത്തെ ഏറ്റവും സത്യസന്ധമായി സമീപിക്കുന്ന ഒന്നായിരിക്കും ആത്മകഥയെന്ന് പ്രസാധകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സിനിമയിലെ കാസ്റ്റിങ് കൗച്ച്, സിനിമയിലെ രാഷ്ട്രീയം, യുവനായികക്ക് ഗോഡ്ഫാദറോ ഗൈഡോ ഇല്ലാതെ തനിയെ മുന്നേറുമ്പോൾ ഉണ്ടാകുന്ന കയ്പേറിയ അനുഭവങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പുസ്തകം ചർച്ച ചെയ്യും.