എന്‍ പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമിപുരസ്കാരം
text_fieldsതിരുവനന്തപുരം: 2025 ലെ കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരം മലയാളത്തിന്‍റെ പ്രശസ്ത കവിയും ചെറുകഥാകൃത്തും നോവലിസ്റ്റുമായ എന്‍ പ്രഭാകരന്. 2022 ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ `മായാമനുഷ‍്യർ' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. മാതൃഭൂമി ബുക്സാണ് പുസ്തകത്തിന്‍റെ പ്രസാധകർ.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, കവി എന്നീ തലങ്ങളിൽ മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. കേരള സാഹിത്യ അക്കാദമി അവാർഡ് (1987, 1994, 2005), ഓടക്കുഴൽ അവാർഡ് (2019), മുട്ടത്തുവർക്കി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.
24 ഭാഷകളിലായി എട്ട് ചെറുകഥകളും മൂന്ന് നോവലുകളുമടങ്ങുന്ന കൃതികളാണ് പുരസ്കാരത്തിനായി തെരെഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം മാർച്ച് 31 ന് ന്യൂഡൽഹിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, ഡോ. കെ. ജയകുമാർ, ഡോ. പത്മനാഭൻ കാവുമ്പായി തുടങ്ങിയവരായിരുന്നു മലയാളത്തിൽ നിന്നുള്ള ജൂറി അംഗങ്ങൾ.
ആധുനികാനന്തര മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ ശബ്ദമായ എന്‍ പ്രഭാകരന്‍ ഒറ്റയാന്‍റെ പാപ്പാന്‍ എന്ന കഥയിലൂടെയാണ് ചെറുകഥാരംഗത്ത് പ്രവേശനം നടത്തിയത്. യാത്രാവിവരണം, തിരക്കഥ, സാഹിത്യനിരൂപണം എന്നീ മേഖലകളിലും സമഗ്രസംഭാവന നൽകിയ അദ്ദേഹം ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ നിന്നും കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഭാഷാശാസ്ത്രത്തിൽ വി.ഐ.സുബ്രഹ്മണ്യത്തിനു കീഴിൽ ഗവേഷണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. പല കോളേജുകളിലും ലക്ചററായിരുന്ന അദ്ദേഹം ഏറെക്കാലം തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ധ്യാപകനായിരുന്നു.
മലയാളത്തിലും മറ്റ് ഭാഷകളിലും ഈയിടെയുണ്ടായ കൃതികളിൽ നിന്നും വ്യത്യസ്തമായ അനുഭവം മായാമനുഷ‍്യർ വായനക്കാർക്ക് നൽകുന്നു. പുതിയ വിചാരങ്ങളിലേക്കും വീണ്ടുവിചാരങ്ങളിലേക്കും അവരെ നയിക്കാന്‍ മായാമനുഷ‍്യനിലൂടെ കഴിയുന്നു.
ഏഴിനും മീതെ, പുലിജന്മം, ജന്തുജനം, ബഹുവചനം, തീയ്യൂർ രേഖകൾ, രാത്രിമൊഴി, കാൽനട, ജനകഥ, എൻ. പ്രഭാകരന്റെ കഥകൾ, ഞാൻ തെരുവിലേയ്ക്ക് നോക്കി ( കവിതകൾ), അദൃശ്യവനങ്ങൾ, ക്ഷൗരം എന്നിവയാണ് മറ്റ് കൃതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

