വെള്ളിത്തിരയിലുണ്ട്, ആ സുവർണനാദമിപ്പോഴും
text_fieldsസ്വന്തം ജീവിതം ഗാനമാക്കി മാറ്റിയ മുഹമ്മദ് റഫിയെപ്പോലെ ചില പ്രതിഭാശാലികൾ അവരവരുടെ മേഖലകളിൽ പുതിയ പൂക്കൾ വിരിയിച്ച് വസന്തകാലം കാഴ്ച വെക്കുന്നു. അതുപോലൊരു ദൗത്യം നിർവഹിച്ചിരിക്കുകയാണ് വ്യവസായ സംരംഭകയായ സുജാത ദേവ്. സ്മൃതികളിലെ ഗന്ധർവ ഗായകനായ മുഹമ്മദ് റഫിയുടെ ജീവചരിത്രമായ ‘ഗോൾഡൻ വോയ്സ് ഓഫ് ദി സിൽവർ സ്ക്രീൻ’ എന്ന ഗ്രന്ഥത്തിലൂടെ. നിരവധി ഉറവിടങ്ങളിൽനിന്നു ശേഖരിച്ച വിവരങ്ങൾ കോർത്തിണക്കി ഇംഗ്ലീഷിൽ രചിച്ച പുസ്തകം ഒ.എം. ബുക്സ് ന്യൂഡൽഹിയാണ് പ്രസിദ്ധീകരിച്ചത്. ഈ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് ‘വെള്ളിത്തിരയിലെ സുവർണനാദം’.
പഞ്ചാബിലെ അമൃത് സറിൽനിന്ന് 24 കി.മി അകലെയുള്ള കോട് ല സുൽത്താൻ സിങ് എന്ന ഗ്രാമത്തിലൂടെ റഫി സാബിന്റെ ഇളയ പുത്രൻ ഷാഹിദ് റഫിയോടൊപ്പം യാത്രചെയ്താണ് ആദ്യ ഭാഗത്തേക്കുള്ള വിവരങ്ങൾ ഗ്രന്ഥകാരി ശേഖരിക്കുന്നത്. സമാപ്തിവാക്യത്തിൽ ഇക്കാര്യം അവർ സൂചിപ്പിക്കുന്നുണ്ട്. പാചകക്കാരനായ ഹാജി അലി മുഹമ്മദിന്റെയും അള്ളാരാഖിയുടെയും എട്ടാമത്തെ പുത്രനായി കോട് ല സുൽത്താൻ സിങ് എന്ന ഗ്രാമത്തിൽ ജനിച്ച ഫീക്കോയുടെ (റഫിയുടെ ഓമനപ്പേര്) കുട്ടിക്കാലം മുതൽ ഗാനരംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾവരെയാണ് ആദ്യ ഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഫീക്കോയുടെ ബാല്യകാല സുഹൃത്തായ കുന്തൻ സിങ് സാംറയും മറ്റൊരു സുഹൃത്ത് സർദാർ ബക്ഷിഷ് സിങ് സാംറയുമാണ് സുജാത ദേവുമായി ബാല്യകാല സ്മരണകൾ പങ്കുവെക്കുന്നത്. വ്യക്തിപരമായും കുടുംബപരമായും തൊഴിൽപരമായും ഫീക്കോയുടെ ജീവിതത്തെക്കുറിച്ചുള്ള പ്രാരംഭ ആമുഖത്തിനുശേഷമാണ് സുജാത ദേവ് ഗാനരംഗത്തെക്കുറിച്ചുള്ള വിവരങ്ങൾ വായനക്കാരിലേക്കെത്തിക്കുന്നത്. റഫിയുടെ കരിയറിനെക്കുറിച്ചും കലാലോകത്തെ സഹയാത്രികരെക്കുറിച്ചുമുള്ള വിവരങ്ങളാണ് എറ്റവും ശ്രദ്ധേയം.
അദ്ദേഹം പടുത്തുയർത്തിയ ഗാനലോകത്തെക്കുറിച്ചുള്ള വിവരണങ്ങളാണ് ഗ്രന്ഥത്തിൽ ഭൂരിഭാഗവും. 120ലധികം അഭിമുഖങ്ങളുണ്ട് ഇതിൽ. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ഗായകർ, സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, റെക്കോഡിങ് സ്റ്റുഡിയോയിലെ ജീവനക്കാർ, അഭിനേതാക്കൾ, ബാല്യകാല സുഹൃത്തുക്കൾ, ലാഹോറിലെ റഫിയുടെ 84 വയസ്സുള്ള ഇളയ സഹോദരൻ സിദ്ദീഖ്, പുത്രിമാരായ നസ്റിൻ, യാസ്മീൻ, ഇളയപുത്രൻ ഷാഹിദ് റഫി തുടങ്ങിയവരുടെ ഓർമക്കുറിപ്പുകളുമുണ്ട്. ഓരോ ഓർമക്കുറിപ്പിലൂടെ നമ്മൾ കടന്നുപോകുമ്പോഴും മുന്നിൽ തെളിയുന്നത് ശബ്ദംപോലെതന്നെ വിനീതനായ ഒരു മനുഷ്യന്റെ ചിത്രമാണ്, വിശാലഹൃദയനായ, നിസ്സംഗനായ, ദയാലുവായ, ഉദാരമനസ്കനായ, ദാനശീലനായ, നിശ്ശബ്ദമായി ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന റഫിയുടേത്.
പ്രതിഫലം വാങ്ങാതെ സിനിമകൾക്ക് ഗാനങ്ങൾ ആലപിച്ച കഥകൾ. ഒരു രൂപ മാത്രം വാങ്ങി പാടിയ പാട്ടുകൾ. ടോക്കൺമണി മാത്രം വാങ്ങി ‘ദോസ്തി’ക്ക് വേണ്ടി പാടിയ പാട്ടുകൾ. ദാതാവ് അറിയാതെ മുടങ്ങാതെ എല്ലാ മാസവും കഷ്ടത അനുഭവിക്കുന്നവർക്ക് മണി ഓർഡർ അയച്ചുകൊടുത്ത കഥകൾ. പടം പൊളിഞ്ഞപ്പോൾ നിർമാതാവിനോട് ‘ദിൽകി ആവാസ് മേഭി സുൻ’ എന്ന് കാതിൽ പറഞ്ഞ് വാങ്ങിയ പണം മുഴുവനും തിരിച്ചുനൽകിയതും പുസ്തകത്തിൽ സമഗ്രമായി വിവരിക്കുന്നു. കൂടെ പ്രവർത്തിച്ചവർ തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും ആദരവിന്റെയും ഹൃദയസ്പർശിയായ നിരവധി കഥകൾ സുജാത ദേവ് പറയുന്നുണ്ട്.
ചെറിയ തെറ്റുകളും പുസ്തകത്തിൽ ചൂണ്ടിക്കാണിക്കാൻ കഴിയും. ‘പക്കീസ’യുടെ സംവിധായകനായ ഗുലാം മുഹമ്മദിനെക്കുറിച്ച് പരാമർശിക്കാതെ സംഗീതം നൽകിയത് നൗഷാദാണെന്നു രണ്ട് സ്ഥലങ്ങളിൽ ആവർത്തിക്കുന്നുണ്ട്. ‘മധുപൻ മേ രാധികാനാച്ചെരെ’ ഒരു ഭജനാണെന്ന് പറയുന്നു. ടൈറ്റിൽ ഗാനത്തെ റൊമാന്റിക് എന്നു വിശേഷിപ്പിക്കുന്നു. ഗാനങ്ങളെയും ഗാന രചയിതാക്കളെയും വീണ്ടും വീണ്ടും അവർ പരാമർശിക്കുന്നു. റഫിയുടെ കരിയർ കാലക്രമം അനുസരിച്ചാണ് ഗ്രന്ഥകാരി എഴുതിയതെങ്കിലും അത് കൃത്യമായി ക്രമപ്പെടുത്താതിരുന്നതിനാൽ ആവർത്തന വിരസതയും ഉണ്ടാകുന്നുണ്ട്.
വായനസുഖം തരുന്ന ജീവചരിത്രമാണ് സുജാത ദേവ് എഴുതിയിരിക്കുന്നത്. പുസ്തകത്തിലെ വാർത്താശകലങ്ങളും പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നുണ്ട്. പുസ്തകത്തിന്റെ ഓരോ താളിലൂടെയും കടന്നു പോകുമ്പോൾ മുഹമ്മദ് റഫി എന്ന വിശ്വ ഗായകന്റെ ജീവിതകഥ ഹിന്ദി സിനിമാ ലോകത്തെ സൗരഭ്യം നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ ചരിത്രവും കൂടിയാവുന്നു. പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് കെ.ടി. സൂപ്പിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

