എം.ടിയുടെ കുട്ട്യേടത്തിയും ഇടശ്ശേരിയുടെ വിവാഹസമ്മാനവും
text_fieldsഇടശ്ശേരി, എം.ടി.വാസുദേവൻ നായർ
1958ലാണ് ഇടശ്ശേരി ഗോവിന്ദൻ നായർ ‘വിവാഹസമ്മാനം’ എന്ന ഹൃദയസ്പർശിയായ കവിത എഴുതിയത്. അക്കാലത്ത് സംഭവിച്ച ഒരു സത്യത്തെയാണ് ഇടശ്ശേരി കവിതയാക്കിയത്. സദൃശസംഭവമായ ഒരു റിപ്പോർട്ട് മനസ്സിൽ വിടാതെയുളവാക്കിയ നീറലും കാവ്യരൂപത്തിൽ ഒരു പരീക്ഷണ കൗതുകവും കൂടിച്ചേർന്നപ്പോൾ ഉണ്ടായതാണ് ഈ കവിത എന്ന് ആ കവിതയുടെ ആമുഖമായി കവി എഴുതിച്ചേർത്തതും ശ്രദ്ധേയമാണ്.
ആ യാഥാർഥ്യമോ രൂപഭാവമാറ്റം വന്ന യാഥാർഥ്യമോ എന്തിന് കുഴിച്ചുചെന്നാൽ യാഥാർഥ്യത്തിന്റെ ഒരു തുണ്ടോ ഫോസിലോ ഇല്ലാതെ കവിതയെന്നല്ല ഒന്നും എഴുതാൻ കഴിയില്ല. കാലദാസർ ആയിക്കൊണ്ട് മാത്രമേ കലാപ്രതിഭകൾക്ക് കലാദാസരാവാൻ കഴിയൂ എന്ന കലാതത്ത്വവിചാരത്തിന്റെ സത്യംതന്നെയാണ് രണ്ടറ്റങ്ങളിൽനിന്ന് ‘വിവാഹസമ്മാന’ത്തോടൊപ്പം ‘കുട്ട്യേടത്തി’യും പങ്കുവെക്കുന്നത്. തറവാട്ടിൽനിന്ന് ഭാഗംവെച്ചുപോയ മീനാക്ഷിയേടത്തിയുടെ ആത്മഹത്യയാണ് ‘കുട്ട്യേടത്തി’യുടെ രചനക്ക് നിമിത്തമെന്ന് എം.ടിയും എഴുതിയിട്ടുണ്ട്.
ഇടശ്ശേരി പറഞ്ഞ പരീക്ഷണ കൗതുകത്തിന്റെ പ്രയാസം ‘കുട്ട്യേടത്തി’ എഴുതുമ്പോൾ എം.ടി അനുഭവിച്ചതായി ഒരു തെളിവുമില്ല. പകരം ഏറ്റവും എളുപ്പത്തിൽ എഴുതിയ കഥയെന്ന് ‘കുട്ട്യേടത്തി’യെക്കുറിച്ച് എം.ടി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സങ്കടത്തിന്റെ കടലിലെ കണ്ണീരുകൊണ്ടാണ് രണ്ടും ഏറക്കുറെ ഒരേകാലത്ത് എഴുതപ്പെട്ടത്. ആദ്യം വന്നത് ‘വിവാഹസമ്മാനം’. തുടർന്ന് പിറ്റത്തെ വർഷം ‘കുട്ട്യേടത്തി’യും. രണ്ടും തകർന്നുകൊണ്ടിരിക്കുന്ന തറവാടുകളുടെ ജീർണതകളെക്കൂടിയാണ് പറയാതെ പറയുന്നത്. ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ, ഇത്ര വൃത്തികെട്ടില്ല മറ്റൊന്നുമൂഴിയിൽ എന്ന് പ്രകടമായി ഇടശ്ശേരി എഴുതിയതുപോലെ എം.ടിയും എഴുതിയിട്ടുണ്ട്.
തറവാട് പൊളിക്കാനാവാതെ പൊളിയുന്ന, സ്വയം പൊളിക്കുന്ന, ജീർണയാഥാർഥ്യത്തിന്റെ പാറപ്പുറത്ത് പളുങ്കുപോലുള്ള ജീവിതം എറിഞ്ഞുടക്കുന്ന രണ്ട് യുവതികളുടെ കഥയാണ് രണ്ടുപേരും പറയുന്നത്. ആറു പതിറ്റാണ്ടിനുശേഷം ഇന്ന് വായിക്കുമ്പോളും, വായന വിയർക്കും, മനസ്സ് ആഴത്തിൽ അസ്വസ്ഥമാവും. രണ്ടിലും അവഗണിത ജീവിതങ്ങളുടെ വേദനയുണ്ട്.
ആത്മഹത്യകളുടെ നൊമ്പരമുണ്ട്. എത്ര കഴുകിയാലും കുറയാത്ത കയ്പുണ്ട്. പുരുഷാധിപത്യ മൂല്യങ്ങളുടെ മാരകസാന്നിധ്യമുണ്ട്. ഇങ്ങനെയൊക്കെയുള്ള സംഘർഷസമുദ്രങ്ങൾക്കിടയിലും സ്നേഹ-സൗഹൃദ തുരുത്തുകളുണ്ട്. നരകമായി മാറിയ സ്വന്തം ജീവിതത്തിന്റെ നടുവിലും സ്വന്തം മാത്രമായ നിനവുകൾ കൊണ്ടവർ നിർമിച്ച അവരുടേതുമാത്രമായ സ്വർഗങ്ങൾ! ഞങ്ങൾ ഇല്ലാതായാലും നിങ്ങൾ ഉണ്ടാവണം എന്ന അപരവിദ്വേഷക്കറ പുരളാത്ത അവരുടെ നരച്ച മൂല്യങ്ങളോട് അവിരാമം കലഹിക്കുന്ന നിറമുള്ള മോഹങ്ങൾ. സ്വന്തം തലതാഴ്ത്തേണ്ടിവരുമ്പോഴും തലയിൽ വെളിച്ചം ചൂടിവരുന്ന തലമുറകളെക്കുറിച്ചുള്ള പ്രത്യാശകൾ.
ഒന്ന് കവിതയും മറ്റൊന്ന് കഥയുമാണ്. പക്ഷേ, രണ്ടിലും ഏറക്കുറെ ഇപ്പറഞ്ഞതൊക്കെ, ഇളകിയും മിന്നിയും മറയുന്നുണ്ട്. ആശിക്കാനില്ലൊരു മന്ദഹാസം/ചേച്ചിക്കു മറ്റൊരു ചുണ്ടിൽനിന്നും എന്ന ‘വിവാഹസമ്മാന’ത്തിലെ ഈരടിക്കകത്ത് ‘കുട്ട്യേടത്തി’യുടെ ജീവിതത്തിനും ഒരു ഇരിപ്പിടമുണ്ട്. ഒറ്റവാക്യത്തിൽ ഒതുക്കിയാൽ ‘വിവാഹസമ്മാനം’ ഏട്ടത്തിയെ സ്നേഹിച്ചവൻ, അതെല്ലാം മറന്ന് അനിയത്തിയെ വിവാഹംകഴിക്കുമ്പോൾ, ഇനി എങ്ങനെ അയാളെ അഭിമുഖീകരിക്കുമെന്ന ഒരേടത്തിയുടെ നിഷ്കളങ്കചിന്തയും, അതിനെ നിവർന്ന് നേരിടാനാവാതെ വന്നപ്പോൾ അവർ സ്വന്തം ജീവിതം അവസാനിപ്പിക്കുന്നതുമാണ്.
പുരുഷാധിപത്യസമൂഹത്തിൽ പെണ്ണായി പിറക്കുന്നതിന്റെ നൊമ്പരങ്ങളാണ് ഒരു വിഹ്വലതയോടെ ‘വിവാഹസമ്മാനം’ ആവിഷ്കരിക്കുന്നത്. പെണ്ണ് തൊട്ടാൽ എന്തും തെറ്റെന്ന തത്ത്വമാണ് രണ്ട് കൃതികളിലും ചോദ്യവിധേയമാവുന്നത്. പഴഞ്ചൊല്ലുകളിൽ, ഐതിഹ്യങ്ങളിൽ, തത്ത്വചിന്തകളിൽ, മതങ്ങളിൽ, സാഹിത്യത്തിൽ, രാഷ്ട്രീയത്തിൽ, പൊതുപ്രവർത്തനങ്ങളിൽ മുതൽ വ്യക്തിജീവിതത്തിൽ വരെ പല പ്രകാരേണ വ്യാപിച്ചുകഴിഞ്ഞ പുരുഷാധിപത്യ പ്രത്യയശാസ്ത്രത്തിന്റെ ഇരകളാണ്, വേട്ടക്കാരായ പുരുഷന്മാർ എന്നിരിക്കെ ഇരകളായ സ്ത്രീകളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല.
കൈത്തിരിയൊന്നു കൊളുത്തി നമ്മ-
ളിത്തിരി മുമ്പു പുറപ്പെടുമ്പോൾ
അമ്മ പറഞ്ഞില്ലേ; പെൺകിടാവി-
ന്നാറാടാൻ തെല്ലു പുലർന്നാലെന്തേ?
ഓർത്തുനടക്കണ, മേറെച്ചിത്രം
ഓട്ടപ്പെട്ടുമെന്നവർ പറഞ്ഞു.
ക്രൂരമാശങ്കയ്ക്കേ തൻമകൾത-
ന്നോരോ ചലനവുമമ്മയ്ക്കുള്ളിൽ
കാലേ കുളിച്ചാലോ വേശിയാട്ടം
കാലത്തെണീക്കാഞ്ഞാൽക്കള്ള നാട്യം
പോവാതിരുന്നാലുമമ്പലത്തിൽ
പ്പോയാലുമെപ്പോഴും മറ്റൊരർഥം
ജീവിതം തീതിന്നലമ്മയ്ക്കയ്യോ
പാവം മകൾക്കൊരു മുൾക്കിരീടം
‘കുട്ട്യേടത്തി’യിലും ഒരു മാറ്റവുമില്ലാതെ ഇതേ വ്യാകരണമാണ് ആവർത്തിക്കുന്നത്. വളരെ അപൂർവമായി മാത്രമേ വീട്ടിൽ കുട്ട്യേടത്തിയെ മാളുക്കുട്ടി എന്ന് വിളിക്കാറുള്ളൂ. അതും അത്ര സ്നേഹത്തോടെയൊന്നുമല്ല. ഒരുമ്പെട്ടോള്, കുരുത്തംകെട്ടോള്, തെണ്ടിമയിേസ്രട്ട്, മൂധേവി, കരിംപൂരാടം തുടങ്ങിയ പതിവ് വിളികൾ, അടി, കുത്ത്, ചവിട്ട്, പ്രാകൽ, ആട്ടൽ... വീട് കുട്ട്യേടത്തിക്ക് ഒരു ഇടിമുറി, ലോക്കപ്പ്. എന്നിട്ടുമവർ മരംകേറി. ആക്ഷേപിച്ച ആൺകുട്ടിയുടെ മുഖത്തടിച്ചു, കൊച്ചനിയൻ ബാസ്വാനെ ചേർത്തു പിടിച്ചു, ഒന്നു രണ്ട് പ്രാവശ്യം വീട്ടുകാരാവശ്യപ്പെട്ടപ്പോൾ ഏതൊരു യുവതിയെയും പോലെ പെണ്ണ്കാണാൻ വരുന്നവരുടെ മുന്നിൽ ആവുംപോലെ ഒരുങ്ങിനിന്നുകൊടുത്തു, വന്നവർക്ക് വേണ്ടത് വെളുത്ത അനിയത്തിയാണെന്നറിഞ്ഞപ്പോൾ കൊന്നാലും ഇനി ഇപ്പരിപാടിക്ക് ഞാനില്ലെന്ന് തീർത്തുപറഞ്ഞു.
പൊയ്ക്കോ, ന്റെ മുമ്പ്ന്ന് പൊയ്ക്കോ, ദ്നേന്റെ വയറ്റിലൂറ്യപ്പോ ജന്മം പാഴായി എന്ന് പെറ്റമ്മ പറഞ്ഞത് കേട്ട് ഉള്ള് പൊള്ളിയപ്പോഴും വീഴാതെ പിടിച്ചുനിന്നു. ആ വല്ലാത്ത നിൽപിനെയാണ് എം.ടി അനശ്വരമാക്കിയത്! ഇന്നായിരുന്നെങ്കിൽ ‘കുട്ട്യേടത്തി’ കുലസ്ത്രീവിരുദ്ധ അവാർഡിനർഹമാവുമായിരുന്നു. അറുപത്തിയഞ്ച് കൊല്ലംമുമ്പ് ജനിച്ചുപോയതുകൊണ്ട് മാത്രമാവാം അവർക്കും ‘വിവാഹസമ്മാന’ത്തിലെ ജ്യേഷ്ഠത്തിയെപ്പോലെ ആത്മഹത്യ ചെയ്യേണ്ടി വന്നു. രണ്ടുപേർക്കും തുണയായി ആകെ ഉണ്ടായിരുന്നത് പ്രിയ അനുജന്മാർ മാത്രം! വെളിച്ചമേന്തിയ പുതുതലമുറ മാത്രം! കുട്ട്യേടത്തിയും ഏക ഉടപ്പിറന്നോനോട് പറഞ്ഞും പറയാതെയും പറഞ്ഞത്, ‘വിവാഹസമ്മാന’ത്തിലെ ജ്യേഷ്ഠത്തിയെപ്പോലെ ഒരൊറ്റ വാക്യം: ആശിക്കാനില്ലാത്തൊരു മന്ദഹാസം/ ചേച്ചിക്കു മറ്റൊരു ചുണ്ടിൽനിന്നും!
എന്റെ സാഹിത്യ ജീവിതത്തിൽ മറ്റെന്തിനോടുള്ളതിലധികം ഞാൻ കടപ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണ്. വേലായുധേട്ടന്റെയും ഗോവിന്ദൻകുട്ടിയുടെയും പകിടകളിക്കാരൻ കോന്തുണ്ണി അമ്മാമയുടെയും കാതുമുറിച്ച മീനാക്ഷിയേടത്തിയുടെയും നാടായ കൂടല്ലൂരിനോട്. ‘കുട്ട്യേടത്തി’ എം.ടി പറഞ്ഞ ആ കാതുമുറിച്ച മീനാക്ഷിയേടത്തിയുടെ കരളുരുക്കുന്ന ജീവിതകഥയാണ്.
തിരസ്കൃതരും ബഹിഷ്കൃതരുമായ മനുഷ്യരുടെ കണ്ണീരുപ്പ് കലർന്ന വിണ്ടുകീറിയ ലോകത്തെയാണ് ‘കുട്ട്യേടത്തി’ ആവിഷ്കരിക്കുന്നത്. തൊട്ട് കണ്ണെഴുതാൻ കഴിയുംവിധം കറുകറുത്ത നിറം. ഉണങ്ങിയ വിറകിൻ കൊള്ളിപോലുള്ള കൈകൾ, ഇതിനൊക്കെ പുറമെ കാതിൽ തൂങ്ങിയാടുന്ന മണിപോലെ അറപ്പുളവാക്കുന്ന മാംസപിണ്ഡം. അനിയനൊഴിച്ച് തന്നെയാർക്കും ഈ ലോകത്ത് ഇഷ്ടമില്ലെന്ന സ്വയം നിന്ദ. എന്നിട്ടും കുട്ട്യേടത്തി കുതറുന്നുണ്ട്. ജാതിയിൽ താഴ്ന്നവരെന്ന് തറവാട്ടുകാർ കരുതുന്ന അപ്പുണ്ണിയിൽ ആശ്വാസവും ആഹ്ലാദവും കാണുന്നുണ്ട്. നാണംവേണം കുട്ട്യേടത്തി, കീഴീക്കൊറഞ്ഞവരോട് എന്ന അനിയത്തിയുടെ കുത്തുവാക്കുകൾ കേട്ടിട്ടും കേൾക്കാത്ത മട്ടിൽ കഴിയുന്നുണ്ട്.
പക്ഷേ ഒടുവിൽ എല്ലാ പിടിവള്ളിയും അറ്റവൾ തന്നിൽതന്നെ അനാഥമായി. ബാസൂന് കുട്ട്യേടത്ത്യെ ഇഷ്ടമാണോ എന്ന ചോദ്യം ബാസൂന് മാത്രമേ തന്നോട് ഇഷ്ടമുള്ളൂ എന്നറിഞ്ഞുകൊണ്ടുള്ള ചോദ്യമാണ്. ഒരുതവണകൂടി ഇഷ്ടമാണ് എന്ന് കേൾക്കാൻ മോഹിച്ചുള്ള വെറും ചോദ്യം. അവഗണിതജന്മങ്ങൾ ഇങ്ങനെയൊക്കെയാണ് പിടിച്ചുനിൽക്കുന്നത്. കാക്ക കുളിച്ചാൽ കൊക്കാകുമോ എന്ന് ചോദിച്ച് പരിഹസിക്കുന്ന അനിയത്തിയോട് ദൈവം തന്നതല്ലേ, ഞാനെന്ത് ചെയ്യാനാണ് എന്ന് നിസ്സഹായമായി ചോദിക്കുമ്പോഴും കാതിലെ മണി പോയാ കുട്ട്യേടത്തിയെ കാണാൻ ചന്തംണ്ടാവോ ബാസ്വോ? എന്ന് തന്നെ ഏറെ ഇഷ്ടപ്പെടുന്ന കൊച്ചനിയനോട് പറയുമ്പോഴും, കുട്ട്യേടത്തിയുടെ ഉള്ളിൽ നിലവിളിച്ചത് പല കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ടവർ മുഴുവനുമാണ്.
എന്തിന് ഭഗോതിക്ക് നിക്ഷേപം എന്ന ചോദിച്ച് മച്ച് കിളക്കാൻവരെ പദ്ധതിയിട്ട, സ്വന്തം കാലത്ത് കല്ലേറുകളേറെയേറ്റിട്ടും സൈമനുഷ്യനായി ജീവിച്ച, കുട്ട്യേടത്തി ആത്മഹത്യക്കു മുമ്പ് ജീവനുതുല്യം സ്നേഹിക്കുന്ന അനിയനോട് അവസാനമായി പറഞ്ഞത് പരാതിയും പരിഭവവുമല്ല, സർവരോടുമുള്ള നിരുപാധികമായ സ്നേഹമാണ്. ബാസു നല്ല കുട്ട്യാവണം, അമ്മീം വല്ല്യമ്മീം ഒക്കെ നോക്കണം. ഞാൻ മൂളി. എന്റെ പുറത്ത് കുട്ട്യേടത്തിയുടെ വിരലുകൾ താളം പിടിച്ചു. ഒറങ്ങിക്കോമോനൊറങ്ങിക്കോ പതുക്കെപ്പതുക്കെ ഞാൻ കണ്ണുകളടച്ചു. പുലരുമ്പോൾ ഒരു നിലവിളികേട്ട് ഞെട്ടിത്തെറിച്ചാണ് ഞാനുണർന്നത്. കണ്ണു തിരുമ്മി നിവർന്നപ്പോൾ അമ്മയും വല്ല്യമ്മയും നെറുകയിൽ കൈവെച്ചു നിലവിളിക്കുന്നു. ജാന്വേടത്തിയുമുണ്ട്, വലിയമ്മയെ കെട്ടിപ്പിടിച്ചു കരയുന്നു. ഭയപ്പാടോടെ ഞാൻ നോക്കി. അപ്പോൾ നടപ്പുരയുടെ ഉത്തരത്തിൽനിന്ന് ഒരു കയറിൻ തുമ്പത്ത് കുട്ട്യേടത്തിയുടെ ശരീരം ആടുകയായിരുന്നു.
പക്ഷേ, ഒരായിരം കുട്ട്യേടത്തിമാരുടെ രക്തസാക്ഷിത്വംകൊണ്ടൊന്നും ബ്യൂട്ടിപാർലർ കോംപ്ലക്സ് പൊളിയാൻ പോവുന്നില്ലെന്നുതന്നെയാണ് വർത്തമാനകാല ജീവിതവും സാക്ഷ്യപ്പെടുത്തുന്നത്. കറുത്ത കുട്ട്യേടത്തിയുടെ സഹോദരിയായ വെളുത്ത ജാന്വേടത്തി തന്നെയാണ് ജയിച്ചുമുന്നേറുന്നത്. വൈദ്യുതി ഇല്ലാത്തിടത്തുപോലും ബ്യൂട്ടിപാർലർ എത്തിക്കഴിഞ്ഞു. കറുപ്പ് കരുത്തും കാന്തിയുമാണ് എന്ന് തിരിച്ചറിഞ്ഞ ഇന്നും വിവാഹകമ്പോള പരസ്യങ്ങളിൽ വെളുപ്പു മാത്രമാണ് വിജയിച്ചുനിൽക്കുന്നത്. ‘വിവാഹസമ്മാന’ത്തിലെ ജ്യേഷ്ഠത്തിയും കുട്ട്യേടത്തിയും വ്യത്യസ്ത അവസ്ഥകളിലൂടെയാണ് കടന്നുപോവുന്നത്. പക്ഷേ, അവർക്കിടയിലെ അടുപ്പം അകലങ്ങളെയൊക്കെ മറികടക്കും വിധം ശക്തമാണ്. കഥയുടെയും കവിതയുടെയും വഴികളും രണ്ടാവാം. എങ്കിലും കണ്ണുനീരിന് കണ്ണിലൂടെ മാത്രമല്ല, ശരീരത്തിലൂടെ മുഴുവനും ഒഴുകാനാവും.
വാക്കും കണ്ണീരും ഇരട്ടപെറ്റവയാണ്. എഴുതും വിരലിെന്റ കരച്ചിലല്ലാതെ മറ്റൊന്നുമല്ല കവിതയെന്ന് പീഡിതജീവിതങ്ങളെ മുൻനിർത്തി നിസാർ ഖബ്ബാനി. ‘When you grow up, my son, and read the diwan of Arabic poetry you’ll discover that the word and the tear are twins. And the Arabic poem is no more than a tear wept by writing fingers’ ( A Lesson in Drawing: Nizar Qabbani)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.